പ്രസ് നോട്ട് ജില്ലാ ഭരണകൂടം, പാലക്കാട് 23.12.2025
പാലക്കാട് ജില്ലയിലെ പുതുശ്ശേരി ഈസ്റ്റ് വില്ലേജിലെ അട്ടപ്പള്ളം പ്രദേശത്ത് അന്യസംസ്ഥാന തൊഴിലാളിയായ ശ്രീ. രാമനാരായണൻ ബാഗേൽ ആൾക്കൂട്ട ആക്രമണത്തിൽ മരണപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് ജില്ലാ ഭരണകൂടം അതീവ ദുഃഖം രേഖപ്പെടുത്തുന്നു. തദ്ദേശീയരെ പോലെ തന്നെ അന്യ സംസ്ഥാനത്തു നിന്നും ഉപജീവനത്തിനായി നമ്മുടെ നാട്ടിൽ എത്തുന്നവർക്കും സംരക്ഷണം ലഭിക്കേണ്ടതുണ്ട്. ദാരുണമായ സംഭവത്തിലൂടെ ഭാര്യയും രണ്ടു കുഞ്ഞുങ്ങളും അനാഥരായി. നിയമവും ഭരണഘടനയും അംഗീകരിക്കുന്ന സമൂഹത്തിൽ നിയമം കയ്യിലെടുക്കുന്ന പ്രവണതകൾ അംഗീകരിക്കാനാവില്ല. ഇത്തരം സംഭവങ്ങൾ ആവർത്തിക്കപ്പെടാതിരിക്കാൻ ജില്ലാ ഭരണകൂടം ഗൗരവകരമായി ഇടപെടും.
സംഭവത്തിൽ ഉൾപ്പെട്ട എല്ലാ പ്രതികൾക്കുമെതിരെ നിയമപരമായ വ്യവസ്ഥകൾ കർശനമായി പ്രയോഗിച്ച് നടപടി സ്വീകരിച്ചുവരികയാണ്. അന്വേഷണം നിഷ്പക്ഷവും സമഗ്രവുമായ രീതിയിൽ പുരോഗമിക്കുകയാണ്. പട്ടികജാതി വിഭാഗത്തിൽപ്പെട്ട വ്യക്തിക്കെതിരായ അതിക്രമം എന്ന നിലയിൽ, എസ്.സി / എസ്.ടി (അതിക്രമങ്ങൾ തടയൽ) നിയമം, 1989 പ്രകാരവും ഭാരതീയ ന്യായ് സംഹിത (BNS) സെക്ഷൻ 103(2) പ്രകാരവും ആവശ്യമായ നിയമനടപടികൾ സ്വീകരിച്ചിട്ടുണ്ട്.
അന്വേഷണം ഊർജിതമാക്കുന്നതിനായി ജില്ലാ ക്രൈം ബ്രാഞ്ചിന് കീഴിൽ പ്രത്യേക അന്വേഷണ സംഘം (SIT) രൂപീകരിച്ചിട്ടുണ്ട്. അന്വേഷണ സംഘത്തിന് ജില്ലാ പോലീസ് മേധാവിയാണ് നേതൃത്വം നൽകുന്നത്. കേസുമായി ബന്ധപ്പെട്ട് ഇതുവരെ അഞ്ചുപേരെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിട്ടുണ്ട്.
പരേതനായ രാമനാരായണൻ ബാഗേലിന്റെ ഭൗതികശരീരം വിമാനമാർഗ്ഗം റായ്പൂരിലേക്കു കൊണ്ടുപോകുന്നതിനുള്ള എല്ലാ ക്രമീകരണങ്ങളും സർക്കാർ ചെലവിൽ ജില്ലാ ഭരണകൂടം ഏർപ്പെടുത്തിയിട്ടുണ്ട്. കുടുംബാംഗങ്ങളുടെ യാത്രയും അനുബന്ധ സൗകര്യങ്ങളും ഉറപ്പാക്കിയിട്ടുണ്ട്. ഛത്തീസ്ഗഡ് സംസ്ഥാന ഭരണകൂടത്തിൽ നിന്ന് ലഭിച്ച സാമൂഹ്യ–സാമ്പത്തിക സ്ഥിതി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ, കുടുംബാംഗങ്ങൾക്ക് നൽകേണ്ട നഷ്ടപരിഹാരം സംബന്ധിച്ച ശുപാർശകൾ ബന്ധപ്പെട്ട അധികാരികൾക്ക് സമർപ്പിച്ചിട്ടുണ്ട്.
ഇത്തരത്തിലുള്ള സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള മുൻകരുതൽ നടപടികൾ ജില്ലാതലത്തിൽ ശക്തിപ്പെടുത്തുന്നതാണ്. മരണപ്പെട്ട വ്യക്തിയുടെ കുടുംബത്തിന് ജില്ലാ ഭരണകൂടം പൂർണ പിന്തുണയും സഹകരണവും ഉറപ്പുനൽകുന്നു.
- Log in to post comments