ഭക്ഷ്യസുരക്ഷ ഉറപ്പാക്കാന്‍ കര്‍ശനപരിശോധനകള്‍: ജില്ലാ കലക്ടര്‍
ക്രിസ്മസ്-പുതുവത്സരകാലത്ത് ഭക്ഷ്യസുരക്ഷ ഉറപ്പാക്കാന്‍ വ്യാപകവും കര്‍ശനവുമായ പരിശോധനകള്‍ ജില്ലയൊട്ടാകെ നടത്തുമെന്ന് ജില്ലാ കലക്ടര്‍ എന്‍. ദേവിദാസ്. ചേമ്പറില്‍ ചേര്‍ന്ന യോഗത്തില്‍ അധ്യക്ഷതവഹിക്കവെ ജില്ലയിലെ പൊതുസ്ഥിതി വിലയിരുത്തി. ഭക്ഷ്യ സുരക്ഷാ വകുപ്പ് നടത്തുന്ന പരിശോധനകള്‍ വിപുലീകരിക്കുന്നതിന് നിര്‍ദേശം നല്‍കി.
ഇതുവരെ 236 സ്ഥാപനങ്ങളില്‍ പരിശോധന നടത്തി ലൈസന്‍സില്ലാത്ത ഏഴു സ്ഥാപനങ്ങള്‍ അടപ്പിച്ചു. ന്യൂനതകള്‍ കണ്ടെത്തിയ 23 സ്ഥാപനങ്ങള്‍ക്ക് നോട്ടീസും 15 സ്ഥാപനങ്ങള്‍ക്ക് പിഴയും നല്‍കി. വിവിധസ്ഥാപനങ്ങളില്‍നിന്ന് കണ്ടെത്തിയ കേക്ക്, വൈന്‍ തുടങ്ങി 23 സാമ്പിളുകള്‍ പരിശോധനക്കയച്ചു.
സര്‍ക്കാര്‍ സ്‌കൂള്‍-അങ്കണവാടികളിലെ പാചകക്കാര്‍, ഹെല്‍പ്പര്‍മാര്‍ തുടങ്ങിയവര്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമാക്കും. ഭക്ഷ്യസുരക്ഷസംബന്ധിച്ച് സ്‌കൂളുകളില്‍ ബോധവല്‍ക്കരണ ക്ലാസുകള്‍ നടത്തുകയാണ്. കൊല്ലം-കരുനാഗപ്പള്ളി റെയില്‍വേ സ്റ്റേഷനുകളില്‍ ഓഡിറ്റ് നടത്തി എഫ് എസ് എസ് എ ഐ യുടെ ‘ഈറ്റ് റൈറ്റ് സ്റ്റേഷന്‍' സര്‍ട്ടിഫിക്കേഷന്‍ നല്‍കി. അംഗന്‍വാടി പാചകക്കാര്‍, റേഷന്‍ ഡീലര്‍മാര്‍, ഹോട്ടല്‍-റസ്റ്റോറന്റ് ഭക്ഷ്യ സംരംഭകര്‍, വ്യാപാരികള്‍ എന്നിവര്‍ക്ക് പ്രത്യേക പരിശീലനവും നല്‍കുന്നുണ്ട് എന്ന് വ്യക്തമാക്കി.
ജീവിതശൈലിരോഗങ്ങളെ പ്രതിരോധിക്കുന്നതിന് ആവശ്യമായ സമീകൃതഭക്ഷണശീലങ്ങളെപറ്റി ഭക്ഷ്യസുരക്ഷാവകുപ്പ് നടത്തുന്ന ബോധവത്കരണ പരിപാടിയായ ‘ആരോഗ്യ തളികയുടെ' പ്രചാരണ ബോര്‍ഡ് പ്രകാശനം ചെയ്തു.
അസിസ്റ്റന്റ് ഫുഡ് സേഫ്റ്റി കമ്മീഷണര്‍ എ സക്കീര്‍ ഹുസൈന്‍, ജില്ലാ സപ്ലൈ ഓഫീസര്‍ ജി എസ് ഗോപകുമാര്‍, കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജര്‍ പി വിഷ്ണുപ്രസാദ്, ഫുഡ് സേഫ്റ്റി ഓഫീസര്‍ ബി എസ് അഖില, സപ്ലൈകോ, ഐ സി ഡി എസ്, ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments