ചീഫ് മിനിസ്റ്റേഴ്സ് റിസേർച് ഫെലോഷിപ്പ് ഫോർ മൈനോറിറ്റീസ് സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു
2025-26 അദ്ധ്യയന വർഷത്തിൽ യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷൻ അംഗീകരിച്ച എല്ലാ സർവകലാശാലകളിലും/സ്ഥാപനങ്ങളിലും റെഗുലർ/ഫുൾടൈം ഗവേഷണം ചെയ്യുന്ന കേരളീയരായ ന്യൂനപക്ഷ മതവിഭാഗത്തിൽപ്പെട്ട (മുസ്ലീം, ക്രിസ്ത്യൻ (എല്ലാ വിഭാഗക്കാർക്കും), സിഖ്, ബുദ്ധ, ജൈന, പാഴ്സി) വിദ്യാർഥികളെ പ്രോത്സാഹിപ്പിക്കുന്നതിനായി ''ചീഫ് മിനിസ്റ്റേഴ്സ് റിസർച് ഫെലോഷിപ് ഫോർ മൈനോറിറ്റീസ്'' സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു.
പ്രതിമാസം 20,000 രൂപ വീതം ഒരു വർഷത്തേക്ക് ഒറ്റത്തവണയായി 2,40,000 രൂപ ഫെലോഷിപ്പായി അനുവദിക്കും. അപേക്ഷകർ കേന്ദ്ര/സംസ്ഥാന സർക്കാരിന്റെയോ സർകലാശാലകളുടെയോ ഫെലോഷിപ്പുകളോ മറ്റു സഹായമോ ലഭിക്കാത്ത ഗവേഷണ വിദ്യാർഥികൾ ആയിരിക്കണം. അപേക്ഷ ക്ഷണിച്ചു കൊണ്ട് വിജ്ഞാപനം പുറപ്പെടുവിക്കുന്ന വർഷം രജിസ്റ്റർ ചെയ്തിട്ടുള്ള റെഗുലർ/ഫുൾടൈം ഗവേഷണ വിദ്യാർഥികൾക്കും അപേക്ഷിക്കാം.
ബി.പി.എൽ വിഭാഗത്തിൽപ്പെട്ടവർക്ക് മുൻഗണനയുണ്ട്. ബി.പി.എൽ അപേക്ഷകരുടെ അഭാവത്തിൽ ന്യൂനപക്ഷ മത വിഭാഗത്തിലെ 8 ലക്ഷം രൂപ വരെ വാർഷിക വരുമാനമുളള എ.പി.എൽ വിഭാഗത്തെയും പരിഗണിക്കും. 30 ശതമാനം ഫെലോഷിപ്പുകൾ പെൺകുട്ടികൾക്കായും 5 ശതമാനം ഫെലോഷിപ്പുകൾ ഭിന്നശേഷിക്കാർക്കായും സംവരണം ചെയ്തിട്ടുണ്ട്. നിശ്ചിത ശതമാനം പെൺകുട്ടികൾ ഇല്ലാത്തപക്ഷം അർഹരായ ആൺകുട്ടികളേയും സ്‌കോളർഷിപ്പിന് പരിഗണിക്കും. അപേക്ഷകരുടെ പ്രായം 40 വയസ്സിൽ കവിയാൻ പാടുള്ളതല്ല. ന്യൂനപക്ഷ വിദ്യാർത്ഥികളെ തെരഞ്ഞെടുക്കുന്നത് കുടുംബ വാർഷിക വരുമാനത്തിന്റെയും മാർക്കിന്റെയും അടിസ്ഥാനത്തിൽ ജനസംഖ്യാനുപാതികമായിട്ടാണ്.
അപേക്ഷകർക്ക് ഏതെങ്കിലും ഷെഡ്യൂൾഡ് കൊമേഴ്‌സ്യൽ ബാങ്കിൽ സ്വന്തം പേരിൽ അക്കൗണ്ട് ഉണ്ടായിരിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 15. ഡയറക്ടർ ന്യൂനപക്ഷ ക്ഷേമ വകുപ്പ്, നാലാം നില, വികാസ് ഭവൻ, തിരുവനന്തപുരം -33 എന്ന വിലാസത്തിൽ നിശ്ചിത തീയതിക്കകം പൂരിപ്പിച്ച പൂർണമായ അപേക്ഷ നേരിട്ടോ, തപാൽ മുഖേനയോ ലഭ്യമാക്കണം. അപേക്ഷ ഫാറത്തിന്റെ മാതൃകയും യോഗ്യതാ മാനദണ്ഡങ്ങളും ഉൾപ്പെടുന്ന വിജ്ഞാപനം www.minoritywelfare.kerala.gov.in ൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക്: 0471 2300523, 0471 2300524, 0471-2302090.
പി.എൻ.എക്സ് 6199/2025
- Log in to post comments