Skip to main content

അതിയന്നൂര്‍ ബ്ലോക്ക് പഞ്ചായത്തില്‍ യുവജന കായികോത്സവം

 

ആരോഗ്യകരമായ കായിക സംസ്‌കാരത്തിന്റെ വികസനം ലക്ഷ്യമാക്കി അതിയന്നൂര്‍ ബ്ലോക്ക് പഞ്ചായത്തില്‍ യുവജന കായികോത്സവം സംഘടിപ്പിക്കുന്നു.  ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ അഞ്ചു പഞ്ചായത്തുകളില്‍ നിന്നും തെരെഞ്ഞെടുക്കപ്പെട്ട യൂത്ത് ക്ലബുകള്‍ തമ്മില്‍ ഫുട്ബോള്‍, വോളീബോള്‍, കബഡി, ക്രിക്കറ്റ് ഇനങ്ങളിലാണ് മത്സരങ്ങള്‍.  മികച്ച പ്രകടനം കാഴ്ചവെക്കുന്നവരെ ഉള്‍പ്പെടുത്തി ബ്ലോക്ക് തല ടീം രൂപീകരിക്കും.  

കായികോത്സവത്തിന്റെ ഉദ്ഘാടനം ഇന്ന് (ഡിസംബര്‍ 14) രാവിലെ എട്ടിന് കാഞ്ഞിരംകുളം പി.കെ.എസ്.എച്.എസ്.എസ് സ്റ്റേഡിയത്തില്‍ നടക്കും.  അതിയന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ബിന്ദുവിന്റെ അധ്യക്ഷതയില്‍ എം. വിന്‍സെന്റ് എം.എല്‍.എ ഫ്ളാഗ് ഓഫ് കര്‍മം നിര്‍വഹിക്കും.  ഉദ്ഘാടനച്ചടങ്ങിന് ശേഷം ഫുട്‌ബോള്‍, വോളിബോള്‍, കബഡി മത്സരങ്ങള്‍ സ്റ്റേഡിയത്തില്‍ നടക്കും.  തദ്ദേശസ്വയംഭരണ സ്ഥാപന തലത്തില്‍ യൂത്ത് ക്ലബ്ബുകള്‍ തമ്മില്‍ സൗഹൃദ മത്സരങ്ങള്‍ സംഘടിപ്പിച്ച് കായിക രംഗത്ത് പുത്തന്‍ ഉണര്‍വ് പകരുകയെന്നതാണ് കായികോത്സവം കൊണ്ട് ലക്ഷ്യം വയ്ക്കുന്നതെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ബിന്ദു അറിയിച്ചു.

       നാളെ (ഡിസംബര്‍ 15) രാവിലെ എട്ടു മുതല്‍ പി.കെ.എസ്.എച്.എസ്.എസ് സ്റ്റേഡിയത്തില്‍ ക്രിക്കറ്റ് മത്സരം നടക്കും.  വൈകിട്ട് മൂന്നിന് നടക്കുന്ന സമാപന സമ്മേളനം എം. വിന്‍സെന്റ് എം.എല്‍.എ ഉദ്ഘാടനം ചെയ്യും.  ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ബിന്ദു അധ്യക്ഷത വഹിക്കും.  വിജയികള്‍ക്ക് സമ്മാനം നല്‍കും.
(പി.ആര്‍.പി. 2782/2018)

 

date