Skip to main content

നോൺ-മാപ്പിംഗ് വിഷയത്തിൽ സർക്കാർ ശക്തമായി ഇടപെടുന്നു – മന്ത്രി പി. രാജീവ്

വോട്ടവകാശം ഒരു പൗരനും നഷ്ടപ്പെടരുതെന്ന ജനപക്ഷ നിലപാടോടെയാണ് കേരള സർക്കാർ എസ് ഐ ആർ -ൽ ഇടപെടുന്നതെന്ന് ജില്ലയുടെ ചുമതലയുള്ള മന്ത്രി പി രാജീവ് വ്യക്തമാക്കി.

 

 എസ് ഐ ആറുമായി ബന്ധപ്പെട്ട് നോൺ-മാപ്പിംഗ് ഉൾപ്പെടെയുള്ള വോട്ടർ പട്ടിക സംബന്ധമായ വിഷയങ്ങളിൽ നടത്തിയ പത്രസമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം വിശദീകരിച്ചത്.

 

വോട്ടർ പട്ടികയുടെ എസ്‌.ഐ.ആർ നടപടികളിൽ ഉയർന്ന ആശങ്കകൾ പരിഗണിച്ചാണ് സർക്കാർ സുപ്രീം കോടതിയെ സമീപിച്ചതെന്നും, ഇതുമായി ബന്ധപ്പെട്ട് കേസ് നൽകിയ ഏക സംസ്ഥാന സർക്കാർ കേരളമാണെന്നും മന്ത്രി പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിൽ രണ്ട് ആഴ്ച സമയം ലഭിച്ചു.  

 

സംസ്ഥാനത്താകെ ഏകദേശം 19,32,000 പേർ കരട് വോട്ടർ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിലും, സാങ്കേതിക കാരണങ്ങളാൽ നോൺ-മാപ്പിംഗ് വിഭാഗത്തിലാണ്. പേരുകൾ പട്ടികയിൽ ഉണ്ടെങ്കിലും, 2002-ലെ വോട്ടർ പട്ടിക, മാതാപിതാക്കളുടെ വിവരങ്ങൾ തുടങ്ങിയവയുമായി മാച്ച് ചെയ്യാൻ കഴിയാത്തതാണ് പ്രശ്നമെന്ന് മന്ത്രി വിശദീകരിച്ചു.

ആവശ്യമായ രേഖകൾ സമർപ്പിച്ച് ഹിയറിങ്ങിൽ ഹാജരായാൽ മാത്രമേ ഇവരുടെ പേര് അന്തിമ വോട്ടർ പട്ടികയിൽ നിലനിൽക്കൂ. ഹിയറിംഗ് ജനുവരി 6 മുതൽ 28 വരെ നടക്കും.

 

എറണാകുളം ജില്ലയിൽ മാത്രം 2,06,061 പേർ നോൺ-മാപ്പിംഗ് വിഭാഗത്തിലാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

 

മണ്ഡലങ്ങളിലെ കണക്ക് പ്രകാരം, തൃപ്പൂണിത്തുറയിൽ 33,264, എറണാകുളം 26,544, ഉദയംപേരൂർ 24,650, കൊച്ചി 14,778,

ആലുവ 13,959, കളമശ്ശേരി 13,027, അങ്കമാലി 12,710, പറവൂർ 12,993, പിറവം 11,821, മൂവാറ്റുപുഴ 10,810, കുന്നത്തുനാട് 8,499, വൈപ്പിൻ 9,482, പെരുമ്പാവൂർ 8,642,

എന്നിങ്ങനെയാണ് നോൺ-മാപ്പിംഗ് വിഭാഗത്തിൽപ്പെട്ടവരുടെ എണ്ണം . 

 

ഇതിൽ 52,216 പേരുടെ രേഖകൾ ഇതിനകം ബി.എൽ.ഒമാർ പരിശോധിച്ച് പൂർത്തിയാക്കിയിട്ടുണ്ടെങ്കിലും, തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിലവിലെ നിർദ്ദേശപ്രകാരം അവരും ഹിയറിങ്ങിൽ ഹാജരാകേണ്ടതുണ്ടെന്ന് മന്ത്രി അറിയിച്ചു.

 

ജനങ്ങൾക്ക് സഹായം ഉറപ്പാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ വില്ലേജ് ഓഫീസുകളിലും ഹെൽപ് ഡെസ്കുകൾ രൂപീകരിക്കാൻ സർക്കാർ തീരുമാനിച്ചതായി മന്ത്രി അറിയിച്ചു. ഇതിനുള്ള ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്.

 

ഓരോ വില്ലേജ് ഓഫീസിലും കുറഞ്ഞത് രണ്ട് ജീവനക്കാരെ ഹെൽപ് ഡെസ്കിൽ നിയോഗിക്കാനും, ആവശ്യമെങ്കിൽ മറ്റ് ഉദ്യോഗസ്ഥരെ നിയോഗിക്കാനും നിർദ്ദേശിച്ചിട്ടുണ്ട്.  

 

എസ്.സി., എസ്.ടി., പിന്നാക്ക വിഭാഗങ്ങൾ, കുടിയേറ്റ തൊഴിലാളികൾ തുടങ്ങി പ്രത്യേക ശ്രദ്ധ ആവശ്യമായ വിഭാഗങ്ങളിൽ വോട്ടവകാശം ഉറപ്പാക്കുന്നതിനായി കുടുംബശ്രീ പ്രവർത്തകർ, ആശാ പ്രവർത്തകർ, അങ്കണവാടി അധ്യാപകർ എന്നിവരുടെ സേവനവും ഉപയോഗപ്പെടുത്താൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ബൂത്ത് ലെവൽ ഓഫീസർമാരും വിവിധ രാഷ്ട്രീയ പാർട്ടികളുടെ ബൂത്ത് ലെവൽ ഏജന്റുമാരും ഈ പ്രവർത്തനങ്ങളിൽ സജീവമായി പങ്കാളികളാകണമെന്നും അദ്ദേഹം സൂചിപ്പിച്ചു.

 

നോൺ-മാപ്പിംഗ് ഒരു പ്രത്യേക വിഭാഗത്തെയോ സമുദായത്തെയോ ലക്ഷ്യമിട്ടതല്ലെന്നും, സാങ്കേതിക പിഴവുകൾ മൂലം ആരുടെയും വോട്ടവകാശം നഷ്ടപ്പെടരുതെന്നതാണ് സർക്കാരിന്റെ നിലപാടെന്നും മന്ത്രി പറഞ്ഞു. വിവിധ രാഷ്ട്രീയ പാർട്ടികൾ ഒന്നിച്ച് ഇലക്ഷൻ കമ്മീഷൻ ഓഫ് ഇന്ത്യ യുടെ ശ്രദ്ധയിൽ ഈ കാര്യം കൊണ്ടുവന്നിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

 

ഏത് രാഷ്ട്രീയ നിലപാടുള്ളവരായാലും, ജനാധിപത്യത്തിൽ ഓരോരുത്തരുടെയും വോട്ടവകാശം ഉറപ്പാക്കേണ്ടത് സമൂഹത്തിന്റെ കൂട്ടായ ഉത്തരവാദിത്വമാണെന്ന് മന്ത്രി പി. രാജീവ് ഓർമ്മിപ്പിച്ചു.

date