Skip to main content

കടമക്കുടിക്ക് വികസനക്കുതിപ്പ്; ഗ്രാമീണ കായൽ ടൂറിസം പദ്ധതിക്ക് 7.79 കോടിയുടെ ഭരണാനുമതി

ദ്വീപിന്റെ വികസന സ്വപ്നങ്ങൾക്ക് ചിറകേകിക്കൊണ്ട് കടമക്കുടി ഗ്രാമീണ കായൽ ടൂറിസം പദ്ധതിക്ക് സംസ്ഥാന സർക്കാരിന്റെ അംഗീകാരം. 7.79 കോടി (ഏഴ് കോടി എഴുപത് ലക്ഷത്തി തൊണ്ണൂറായിരം) രൂപയുടെ ഭരണാനുമതിയാണ് പദ്ധതിക്ക് ലഭിച്ചിരിക്കുന്നതെന്ന് കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ അറിയിച്ചു.

 

ഈ സർക്കാരിന്റെ കാലയളവിൽ തന്നെ പദ്ധതിക്ക് രൂപം നൽകുമെന്നത് തിരഞ്ഞെടുപ്പ് കാലത്തെ പ്രധാന വാഗ്ദാനങ്ങളിലൊന്നായിരുന്നു. അത് പാലിക്കപ്പെട്ടതിൽ അതിയായ ചാരിതാർത്ഥ്യമുണ്ടെന്ന് എം.എൽ.എ പറഞ്ഞു. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഒറ്റക്കെട്ടായി പ്രവർത്തിച്ചാൽ പദ്ധതി വൈകാതെ തന്നെ യാഥാർത്ഥ്യമാക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.

 

കായൽ സൗന്ദര്യവും ദേശാടനക്കിളികളുടെ സാന്നിധ്യവും കൊണ്ട് സഞ്ചാരികളുടെയും പ്രകൃതിസ്നേഹികളുടെയും ഇഷ്ടകേന്ദ്രമാണ് കടമക്കുടി.

തനതായ ജീവിതരീതികളും ഉപജീവനമാർഗങ്ങളും പിന്തുടരുന്നവരാണ് കടമക്കുടിയിലെ ജനങ്ങൾ. ഗ്രാമീണ കായൽ ടൂറിസം പദ്ധതി വരുന്നതോടെ കടമക്കുടിയുടെ മുഖച്ഛായ തന്നെ മാറും. പ്രദേശത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനും ജനങ്ങളുടെ സാമ്പത്തിക ഉന്നമനത്തിനും പദ്ധതി വലിയ മുതൽക്കൂട്ടാകും.

date