Skip to main content
..

സംസ്ഥാനത്തെ ആദ്യത്തെ വര്‍ക്ക് നിയര്‍ ഹോം ജനുവരി 19 ന് മുഖ്യമന്ത്രി നാടിന് സമര്‍പ്പിക്കും മന്ത്രി കെ എന്‍ ബാലഗോപാലിന്റെ നേതൃത്വത്തില്‍ ആലോചനായോഗം ചേര്‍ന്നു

സംസ്ഥാനത്തെ ആദ്യത്തെ വര്‍ക്ക് നിയര്‍ ഹോം ഉദ്ഘാടനം  ജനുവരി 19 ന്  വൈകിട്ട് 4ന് കൊട്ടാരക്കരയിലെ അമ്പലക്കര മൈതാനത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കുമെന്ന് ധനകാര്യവകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാല്‍. മുന്നൊരുക്കങ്ങളുമായി ബന്ധപ്പെട്ട ആലോചനായോഗം കൊട്ടാരക്കര മിനി സിവില്‍ സ്റ്റേഷന്‍ കോണ്‍ഫറന്‍സ് ഹാളില്‍  മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്നു.

 സോഹോ കോര്‍പ്പറേഷന്‍, ടെന്‍ഡര്‍ പൂര്‍ത്തിയായ ഐടി പാര്‍ക്ക്, വര്‍ക്ക് നിയര്‍ ഹോം ഉള്‍പ്പെടെ കൊട്ടാരക്കരയുടെ ഐടി മേഖല വികസനത്തിന്റെ പാതയിലാണ്. ആറുകോടിയിലധികം രൂപ ചെലവാക്കി നിര്‍മ്മിച്ച വര്‍ക്ക് നിയര്‍ ഹോമില്‍ 60 ഓളം പേര്‍ ഇതിനോടകം സീറ്റുകള്‍ റിസര്‍വ് ചെയ്ത് കഴിഞ്ഞു. ഇന്റര്‍നെറ്റ്, ജനറേറ്റര്‍, ശീതീകരണ സംവിധാനം ഉള്‍പ്പെടെ ഒരുക്കിയിട്ടുണ്ട്. അഭ്യസ്തവിദ്യരായവര്‍ക്ക് ഏത് അന്താരാഷ്ട്ര കമ്പനിയിലേക്കും ജോലി ചെയ്യുന്നതിന് മികച്ച സാധ്യതകളാണ് പദ്ധതിയിലൂടെ ഉണ്ടാവുന്നത്. കുറഞ്ഞത് 5000 പേര്‍ക്കെങ്കിലും കൊട്ടാരക്കരയിലെ ഐടി മേഖലയുടെ വികസനത്തോടെ ജോലി ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു.

മന്ത്രി കെ എന്‍ ബാലഗോപാല്‍ രക്ഷാധികാരിയായും കൊട്ടാരക്കര നഗരസഭ ചെയര്‍പേഴ്‌സണ്‍ അനിതാ ഗോപകുമാര്‍ ചെയര്‍മാനായും കെ-ഡിസ്‌ക് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പി എം റിയാസ് കണ്‍വീനറായും  ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ അംഗങ്ങളായുമുള്ള സംഘാടക സമിതി രൂപീകരിച്ച് ആദ്യ യോഗം ചേര്‍ന്നു. പരിപാടിയുടെ വിവിധ ക്രമീകരണങ്ങളുമായി ബന്ധപ്പെട്ട ചര്‍ച്ച നടത്തി.

ഐ.ടി മേഖലയുടെ വികേന്ദ്രീകരണം ലക്ഷ്യമിടുന്ന സംസ്ഥാനത്തെ ആദ്യത്തെ വര്‍ക്ക് നിയര്‍ ഹോം കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിനടുത്ത് ബി.എസ്.എന്‍.എല്ലിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തില്‍ പ്രവര്‍ത്തിക്കും. 9250 ചതുരശ്രയടി വിസ്തീര്‍ണമുള്ള രണ്ട്നില കെട്ടിടത്തില്‍ 141 പ്രൊഫഷണലുകള്‍ക്ക് ജോലി ചെയ്യാനുള്ള സംവിധാനം ഉണ്ടാകും. തൊഴിലില്‍നിന്ന് വിട്ടുനില്‍ക്കേണ്ടിവന്ന വീട്ടമ്മമാര്‍ക്കും ദീര്‍ഘദൂരം യാത്ര ചെയ്ത് ജോലിക്ക് പോകേണ്ടി വരുന്നവര്‍ക്കും പദ്ധതി പ്രയോജനകരമാകും.

നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ എ. ഷാജു, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.ബിന്ദു, വൈസ് പ്രസിഡന്റ് ആര്‍.പ്രേമചന്ദ്രന്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ അഡ്വ വി. സുമലാല്‍, ജി സരസ്വതി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ദിവ്യ ചന്ദ്രശേഖരന്‍, മനു ബിനോദ്, വി.വിദ്യ, എസ്.രേഖ, പി.പ്രിയ, ജെസി തോമസ്, എസ്.ജി കോളേജ് മാനേജര്‍ റവറന്റ് ഫാദര്‍ സക്കറിയ റമ്പാന്‍, കൊട്ടാരക്കര ഡി വൈ എസ് പി ജി.ബി മുകേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.

date