*'ഇക്കോസെന്‍സ്': വിദ്യാര്‍ഥികള്‍ക്ക് ഒരു കോടിരൂപയുടെ സ്‌കോളര്‍ഷിപ്പുമായി തദ്ദേശസ്വയംഭരണവകുപ്പ്*
വിദ്യാര്‍ഥികളില്‍ പരിസ്ഥിതി അവബോധം വളര്‍ത്തുന്നതിനും 'മാലിന്യസംസ്‌കരണ രീതികള്‍ പ്രായോഗികവത്കരിക്കുന്നതിനുമായി പൊതുവിദ്യാഭ്യാസവകുപ്പും തദ്ദേശസ്വയം ഭരണവകുപ്പും സംയുക്തമായി നടപ്പാക്കുന്ന പദ്ധതിയാണ് ഇകോസെന്‍സ് - വിദ്യാര്‍ത്ഥി ഹരിതസേന സ്‌കോളര്‍ഷിപ്പ്.
സ്‌കോളര്‍ഷിപ്പ് പ്രവര്‍ത്തനങ്ങളുടെ മോണിറ്ററിങ് ചുമതല ശുചിത്വമിഷന്‍ ആണ് നടത്തുന്നത്. സ്‌കൂള്‍ തലത്തില്‍ ചുമതലയുള്ള 460 കോ ഓര്‍ഡിനേറ്റര്‍മാര്‍ക്കുള്ള പരിശീലനം ശുചിത്വമിഷന്‍ ജില്ലയില്‍ പൂര്‍ത്തിയാക്കി. ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലായി മൂന്ന് ദിവസങ്ങളിലായാണ് പരിശീലനം സംഘടിപ്പിച്ചത്. ആലപ്പുഴ, ചേര്‍ത്തല, അമ്പലപ്പുഴ, ചമ്പക്കുളം, ചെങ്ങന്നൂര്‍, കായംകുളം എന്നിവിടങ്ങളില്‍ നടന്ന ക്ലാസുകള്‍ക്ക് ജില്ലാ ശുചിത്വ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ കെ.എസ്. ഷിന്‍സ് നേതൃത്വം നല്‍കി. അഞ്ച് മുതല്‍ ഒമ്പത് ക്ലാസ്സ് വരെയുള്ള വിദ്യാര്‍ഥികള്‍ സിലബസിന്റെ ഭാഗമായി പഠിക്കുന്ന മാലിന്യസംസ്‌കരണ രീതികള്‍ പ്രായോഗികവത്കരണത്തിലേക്കു കൊണ്ടുവരിക, വലിച്ചെറിയല്‍ ശീലം മാറ്റുക, സ്‌കൂള്‍ തലം മുതല്‍ തന്നെ കുട്ടികളില്‍ ശരിയായ ശുചിത്വ ശീലങ്ങളും ആരോഗ്യബോധവും വളര്‍ത്തിയെടുക്കുക തുടങ്ങി ആരോഗ്യകരമായ ഒരു പുതിയ തലമുറയെ സൃഷ്ടിക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം.
ശുചിത്വ മിഷന്റെ ആഭിമുഖ്യത്തില്‍ നടന്ന പരിശീലനത്തില്‍ അസിസ്റ്റന്റ് കോ ഓര്‍ഡിനേറ്റര്‍ മുഹമ്മദ് കുഞ്ഞ് ആശാന്‍ സ്‌കോളര്‍ഷിപ്പിന്റെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ വിശദീകരിച്ചു. ഫെബ്രുവരി 15 ന് പൂര്‍ത്തിയാകുന്ന രീതിയില്‍ ആണ് സ്‌കോളര്‍ഷിപ്പ് പ്രവര്‍ത്തനങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ വിദ്യാര്‍ഥികളുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിനൊപ്പം മാതൃക പ്രവര്‍ത്തങ്ങള്‍ നടത്തുന്ന സ്‌കൂളുകളെയും വിദ്യാര്‍ഥികളെയും പ്രത്യേകം ആദരിക്കും.
- Log in to post comments