*ജില്ലയിലെ മുഴുവൻ പത്താം ക്ലാസ്സ് വിദ്യർഥികൾക്കും റോബോട്ടിക്സ് പരിശീലനവുമായി കൈറ്റ്സ്*
*ജനുവരി 15നകം പരിശീലനം നൽകും
ജില്ലയിലെ പത്താം ക്ലാസ്സിലെ മുഴുവൻ വിദ്യാർത്ഥികൾക്കും കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) ജനുവരി 15 നകം റോബോട്ടിക്സ് പരിശീലനം നൽകും . പത്താം ക്ലാസ്സിലെ പുതുക്കിയ ഐ.ടി പാഠപുസ്തകത്തിൽ ഉൾപ്പെടുത്തിയ റോബോട്ടിക്സ് പാഠഭാഗങ്ങൾ പ്രായോഗികമായി പഠിക്കാനും ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷയ്ക്ക് തയ്യാറെടുക്കാനും കുട്ടികൾക്ക് അധിക പിന്തുണ എന്ന നിലയിലാണ് ലിറ്റിൽ കൈറ്റ്സ് ഐടി ക്ലബുകളുടെ നേതൃത്വത്തിൽ പരിശീലനം നൽകുന്നത്.
രണ്ട് സെഷനുകളിലായാണ് പരിശീലനം ക്രമീകരിച്ചിരിക്കുന്നത്. ആദ്യ സെഷനിൽ റോബോട്ടിക്സിന്റെ പ്രാധാന്യം, വിവിധ മേഖലകളിലെ ഉപയോഗം, റോബോട്ടിക് സിസ്റ്റത്തിന്റെ അടിസ്ഥാന ഘടകങ്ങളായ ഇൻപുട്ട് (സെൻസറുകൾ), പ്രോസസർ (മൈക്രോ കൺട്രോളറുകൾ), ഔട്ട്പുട്ട് (ആക്ചുവേറ്ററുകൾ) എന്നിവയെക്കുറിച്ച് കുട്ടികൾക്ക് അവബോധം നൽകും. തുടർന്ന് കൈറ്റ് സ്കൂളുകൾക്കായി നൽകിയ റോബോട്ടിക് കിറ്റിലെ പ്രധാന ഘടകങ്ങളായ ആർഡ്വിനോ ബോർഡ് , ബ്രെഡ്ബോർഡ്, എൽ.ഇ.ഡി തുടങ്ങിയവയെ കുട്ടികൾക്ക് പരിചയപ്പെടുത്തും.
രണ്ടാമത്തെ സെഷൻ പൂർണ്ണമായും പ്രായോഗിക പരിശീലനത്തിനുള്ളതാണ്. പിക്റ്റോബ്ലോക്സ് എന്ന സോഫ്റ്റ്വെയർ ഉപയോഗിച്ചുള്ള ബ്ലോക്ക് കോഡിംഗിലൂടെ എൽ.ഇ.ഡി ബ്ളിങ്ക് ചെയ്യിക്കുക, ബസ്സർ പ്രവർത്തിപ്പിക്കുക തുടങ്ങിയ പ്രവർത്തനങ്ങൾ കുട്ടികൾ നേരിട്ട് ചെയ്തു പഠിക്കും. പരിശീലനത്തിന്റെ അവസാന ഘട്ടത്തിൽ ഐ.ആർ സെൻസറുകളും സെർവോ മോട്ടോറും ഉപയോഗിച്ച് ഒട്ടോമാറ്റിക് സാനിറ്റൈസർ ഡിസ്പെൻസർ എന്ന റോബോട്ടിക് ഉപകരണം വിദ്യാർത്ഥികൾ സ്വയം നിർമ്മിക്കും.
ഓരോ സ്കൂളിലും ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെയും മെന്റർമാരുടെയും നേതൃത്വത്തിലാണ് പരിശീലനം. നാലോ അഞ്ചോ കുട്ടികൾ അടങ്ങുന്ന ഗ്രൂപ്പുകൾക്ക് ഒരു റോബോട്ടിക് കിറ്റ് എന്ന അനുപാതത്തിലാണ് പരിശീലനം വിഭാവനം ചെയ്തിരിക്കുന്നത്. ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകൾ ഇല്ലാത്ത വിദ്യാലയങ്ങൾക്ക് തൊട്ടടുത്ത യൂണിറ്റുകളുടെ സഹായത്തോടെ ക്യാമ്പുകൾ സംഘടിപ്പിക്കാനും കൈറ്റ് നിർദ്ദേശം നൽകിയിട്ടുണ്ട്. ഭാവിയിലെ തൊഴിൽ സാധ്യതകളും സാങ്കേതിക വിദ്യയുടെ പ്രാധാന്യവും കണക്കിലെടുത്ത് പത്താം ക്ലാസ്സിലെ എല്ലാ കുട്ടികളെയും ഹൈടെക് ലാബുകൾ വഴി നൂതന സാങ്കേതിക വിദ്യയിൽ പ്രാവീണ്യമുള്ളവരാക്കുക എന്നതാണ് പദ്ധതികൊണ്ട് കൈറ്റ് ലക്ഷ്യമിടുന്നതെന്ന് കൈറ്റ് ജില്ലാ കോ ഓർഡിനേറ്റർ അറിയിച്ചു.
- Log in to post comments