Skip to main content

*മാധ്യമവിചാരം മത്സരം: ഡി ആരഭി ജേതാവ്*

അമീബിക് മസ്തിഷ്ക ജ്വരത്തെ സംബന്ധിച്ച മാധ്യമ വാർത്തകളെ ആസ്പദമാക്കി ജില്ലാ ആരോഗ്യ കുടുംബക്ഷേമ വകുപ്പ് ജില്ലയിലെ ഹൈസ്കൂൾ വിദ്യാർഥികൾക്കായി നടത്തിയ ‘മാധ്യമവിചാരം’ മത്സരത്തിൽ മണപ്പുറം സെന്റ് തെരേസാസ് ഹൈസ്കൂളിലെ ഡി ആരഭി ഒന്നാം സ്ഥാനം നേടി. 
വിവിധ മാധ്യമങ്ങളിൽ വന്ന അമീബിക് മസ്തിഷ്ക ജ്വരത്തെ സംബന്ധിച്ച വാർത്തകൾ നിരീക്ഷിച്ചും വിശകലനം ചെയ്തും വിദ്യാർഥികൾ തയ്യാറാക്കിയ റിപ്പോർട്ടുകളെയും അവയുടെ അവതരണത്തെയും ആധാരമാക്കിയാണ്‌ മത്സരം സംഘടിപ്പിച്ചത്. ജില്ലാ മെഡിക്കൽ ഓഫീസ് ഹാളിൽ നടന്ന മത്സരത്തിൽ മുഹമ്മ മദർ തെരേസ ഹൈസ്കൂളിലെ എ.എം. മാധവ്, കലവൂർ ഗവ. എച്ച്,എസ്.എസിലെ ദ്യുതി ആർ കുറുപ്പ് എന്നിവർ രണ്ടും മൂന്നും സ്ഥാനത്തിന്‌ അർഹരായി. അറവുകാട് എച്ച്.എസ്.എസ്. ലെ റയൻ എ നസീർ, പൊത്തപ്പള്ളി കെ.കെ.കെ.വി.എം. എച്ച്.എസ്.എസിലെ യഷ് രാജ് എന്നിവർക്ക് പ്രത്യേക പരാമർശം ലഭിച്ചു. 

ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നുള്ള വിദ്യാർത്ഥികൾ പങ്കെടുത്ത മത്സരത്തിൽ ചെട്ടികാട് താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. വിപിൻ കെ രവി, ഐപിആർഡി ജില്ലാ ഇൻഫർമേഷൻ ഓഫീസിലെ അസിസ്റ്റന്റ് എഡിറ്റർ ടി.എ. യാസിർ എന്നിവരായിരുന്നു വിധികർത്താക്കൾ. 
സമാപനച്ചടങ്ങിൽ ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എസ് ആർ ദിലീപ് കുമാർ വിജയികൾക്കുള്ള സമ്മാനം വിതരണം ചെയ്തു. ഡെപ്യൂട്ടി ഡി.എം.ഒ. ഡോ. എം. അനന്ത്, ഡോ. പാർവതി പ്രസാദ്, ഡെപ്യൂട്ടി ജില്ലാ എജ്യൂക്കേഷൻ മീഡിയ ഓഫീസർ ഡോ. സേതുനാഥ് ആർ, ആരോഗ്യ കേരളം കൺസൾട്ടന്റ് ആഗ്നൽ ജോസഫ് എന്നിവരാണ്‌ തികച്ചു വ്യത്യസ്തമായ ഈ മത്സരത്തിന്‌ നേതൃത്വം നൽകിയത്. ആദ്യ മൂന്ന് സ്ഥാനക്കാർക്ക് 3000, 2500, 2000 രൂപ വീതവും പ്രത്യേക പരാമർശം നേടിയവർക്ക് 1000 രൂപ വീതവുമാണ് ക്യാഷ് പ്രൈസ്. 

date