മറുപടി മാത്രം നൽകിയാൽ പോരാ വ്യക്തമായ വിവരങ്ങളും രേഖകളുടെ പകർപ്പുകളും നൽകണം: വിവരാവകാശ കമ്മീഷണർ*
വിവരാവകാശ അപേക്ഷകൾക്ക് മറുപടി മാത്രം നൽകിയാൽ പോരെന്നും വ്യക്തമായ വിവരങ്ങളും രേഖകളുടെ പകർപ്പുകളും ആണ് നൽകേണ്ടതെന്നും സംസ്ഥാന വിവരാവകാശ കമ്മീഷണർ അഡ്വ ടി കെ രാമകൃഷ്ണൻ. തൃശൂർ താലൂക്ക് ഓഫീസ് കോൺഫറൻസ് ഹാളിൽ നടന്ന ഹിയറിങ്ങിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം .
പൊതു അധികാരിക്ക് പ്രാപ്യമാകുന്ന സ്വകാര്യ മേഖലയിലെ വിവരങ്ങളും വിവരാവകാശനിയമം വകുപ്പ് 2 (എഫ്) പ്രകാരം ലഭ്യമാക്കി നൽകേണ്ടതാണെന്ന് അദ്ദേഹം പറഞ്ഞു
ഹിയറിങ്ങിൽ 16 ഹർജികൾ തീർപ്പാക്കി. ശ്രീ വടക്കുന്നാഥൻ ദേവസ്വം ബോർഡ് ഓഫീസ്, തൃശൂർ കോർപ്പറേറ്റീവ് രജിസ്ട്രാർ ഓഫീസ് , ജില്ലാ മെഡിക്കൽ ഓഫീസ്, കെ എസ് ഇ ബി ഓഫീസ് കെഎസ്എഫ് ഇ ഓഫീസ്, ആരോഗ്യ സർവകലാശാല , ഡി.എം ഒ ഓഫീസ് എന്നീ ഓഫീസുകളുമായി ബന്ധപ്പെട്ട ഹർജികളാണ് തീർപ്പാക്കിയത്.
ശ്രീ വടക്കുന്നാഥൻ ദേവസ്വം ബോർഡിന്റെ കീഴിലുള്ള ക്ഷേത്ര ഉപദേശക സമിതിയിൽ നിന്നും വിവരങ്ങൾ ലഭ്യമാക്കി നൽകാൻ കമ്മീഷണർ നിർദ്ദേശം നൽകി.പുതിയ കണക്ഷൻ എടുക്കുന്നതുമായി ബന്ധപ്പെട്ട് ഈടാക്കിയ തുകയ്ക്ക് വ്യക്തമായ കണക്കുകൾ നൽകുവാനായി കെ എസ് ഇ ബി പുത്തൂർ സെക്ഷൻ പബ്ലിക് ഇൻ ഫർ മേഷൻ ഓഫീസർക്ക് നിർദ്ദേശം നൽകി.
വടക്കാഞ്ചേരി വിദ്യാഭ്യാസ ഉപജില്ല ഓഫീസിൽ നിന്നും നൽകിയ ചില വിവരങ്ങൾ വ്യക്തതയില്ല എന്ന് കണ്ടെത്തി. കൃത്യവും വ്യക്തവുമല്ലാത്ത വിവരം നൽകുന്നവർക്കെതിരെ നടപടി സ്വീകരിക്കുമെന്നും കമ്മീഷണർ പറഞ്ഞു.
- Log in to post comments