മലപ്പുറം ടൗണ്‍ ബ്യൂട്ടിഫിക്കേഷന്‍ പദ്ധതി: യോഗം ചേര്‍ന്നു
മലപ്പുറം ടൗണ്‍ ബ്യൂട്ടിഫിക്കേഷന്‍ പദ്ധതികളുടെ നിര്‍വഹണവുമായി ബന്ധപ്പെട്ട യോഗം മലപ്പുറം നഗരസഭ ചെയര്‍പേഴ്സണ്‍ അഡ്വ വി. റിന്‍ഷയുടെ അധ്യക്ഷതയില്‍ ചേര്‍ന്നു. മുനിസിപ്പല്‍ കൗണ്‍സില്‍ ഹാളില്‍ നടന്ന യോഗം പി. ഉബൈദുള്ള എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. നഗരത്തിലെ പ്രധാന റോഡുകളായ ജൂബിലി റോഡ്, എ.കെ റോഡ്, മഞ്ചേരി റോഡ്, തിരൂര്‍ റോഡ്, സിവില്‍ സ്റ്റേഷന്‍ പരിസരം എന്നിവിടങ്ങളില്‍ അനുയോജ്യമായ സ്ഥലങ്ങളില്‍ നടപ്പാതകള്‍ നിര്‍മ്മിക്കും. കൂടാതെ ഇന്റര്‍ലോക്ക് വിരിക്കല്‍, ഡിവൈഡറുകളിലും സര്‍ക്കിളുകളിലും പുല്‍ത്തകിടിയും ലൈറ്റുകളും സ്ഥാപിക്കല്‍, കൈവരി, പ്ലാന്റേഷന്‍, ലാന്‍ഡ് സ്‌കേപിംഗ്, ബസ് ബേകള്‍, കിഴക്കേതല മുതല്‍ കളക്ടര്‍ ബംഗ്ലാവ് വരെ പ്രധാന ജങ്ഷനുകളില്‍ പാര്‍ക്കിങ് സൗകര്യങ്ങള്‍ എന്നീ പ്രവൃത്തികളാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുളളത്. പദ്ധതിയുടെ നിര്‍വഹണ ചുമതല പൊതുമരാമത്ത് റോഡ് വിഭാഗത്തിനാണ്. മലപ്പുറം ടൗണ്‍ ബ്യൂട്ടിഫിക്കേഷന്‍ പദ്ധതിക്കായി 2024-25 വര്‍ഷത്തെ ബജറ്റില്‍ അഞ്ച് കോടി രൂപ അനുവദിച്ചിരുന്നു. ആദ്യഘട്ടത്തില്‍ കുന്നുമ്മലില്‍ നിന്നും പണികള്‍ ആരംഭിക്കും. നാല് കോടി സൗന്ദര്യവത്ക്കരണത്തിനും ഒരു കോടി സ്ട്രീറ്റ് ലൈറ്റ് സ്ഥാപിക്കുന്നതിനും വിനിയോഗിക്കും. യോഗത്തില്‍ നഗരസഭ സ്ഥിരം സമിതി അധ്യക്ഷന്മാരായ ഹാരിസ് ആമിയന്‍ (പൊതുമരാമത്ത്), പരി അബ്ദുല്‍ മജീദ് (ക്ഷേമ കാര്യം), മറിയുമ്മ ശരീഫ് (വികസനം), സമീറ മുസ്തഫ (ആരോഗ്യം), എം. ആബിദ (വിദ്യാഭ്യാസം), കൗണ്‍സിലര്‍മാരായ കെ.കെ. ഉമ്മര്‍, കെ.പി. നൗഫല്‍, സമദ് സീമാടന്‍, വി.വി. മുസ്തഫ, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, പൊതുമരാമത്ത് വകുപ്പ് അസി. എക്സിക്യൂട്ടീവ് എന്‍ജിനീയര്‍മാരായ കെ.എസ്. സജീവ്, സി.പി ബഷീര്‍ അഹമ്മദ്, അസി. എന്‍ജിനീയര്‍ ശ്രീലക്ഷ്മി, അഖില്‍ രാജ് എന്നിവര്‍ പങ്കെടുത്തു.
- Log in to post comments