Skip to main content

കുടുംബശ്രീ തെരഞ്ഞെടുപ്പ്: ജില്ലയില്‍ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി

കുടുംബശ്രീ ത്രിതല സംഘടനാ സംവിധാനത്തിന്റെ തെരഞ്ഞെടുപ്പ് വിജ്ഞാപനമായി. ജില്ലയിലെ 111 സി.ഡി.എസുകളിലേക്കാണ് തെരഞ്ഞെടുപ്പ്. അയല്‍ക്കൂട്ട അധ്യക്ഷ തെരഞ്ഞെടുപ്പോടെ നടപടികള്‍ക്ക് ഔദ്യോഗിക തുടക്കമായി. അയല്‍ക്കൂട്ടം മുതല്‍ സി.ഡി.എസ് വരെയുള്ള സംവിധാനത്തെ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനും പുതിയ നേതൃനിരയെ വാര്‍ത്തെടുക്കുന്നതിനുമായി മൂന്ന് വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന ജനാധിപത്യ പ്രക്രിയയാണിത്. ഓരോ അയല്‍ക്കൂട്ടത്തിലും പ്രസിഡന്റ്, സെക്രട്ടറി, ഉപജീവന ഉപസമിതി കണ്‍വീനര്‍, സാമൂഹ്യ വികസന ഉപസമിതി കണ്‍വീനര്‍, അടിസ്ഥാന സൗകര്യ വികസന ഉപസമിതി കണ്‍വീനര്‍ എന്നിവരടങ്ങിയ അഞ്ചംഗ ഭരണസമിതിയെയാണ് തെരഞ്ഞെടുക്കുന്നത്.

സി.ഡി.എസ് ചെയര്‍പേഴ്സണ്‍, വൈസ് ചെയര്‍പേഴ്സണ്‍, സി.ഡി.എസ് അംഗങ്ങള്‍, എ.ഡി.എസ് ഭാരവാഹികള്‍, സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങളിലേക്ക് മത്സരിക്കുന്നത് വായ്പാ കുടിശ്ശികയില്ലാത്തവരായിരിക്കണം. കുടുംബശ്രീയില്‍ നിന്നുള്ള ലിങ്കേജ് വായ്പ, ബള്‍ക്ക് വായ്പ, സി.ഇ.എഫ് പോലെ സി.ഡി.എസില്‍ നിന്ന് നല്‍കുന്ന വായ്പകളിന്മേല്‍ കുടിശ്ശികയുള്ളവരോ കുടുംബശ്രീയില്‍ നിന്ന് നിലവില്‍ പ്രതിമാസ ഓണറേറിയമോ ശമ്പളമോ കൈപ്പറ്റുന്നവര്‍ക്കും ഇത്തവണ മത്സരിക്കാനാവില്ല.

നേതൃസ്ഥാനങ്ങളില്‍ ഒരാള്‍ക്ക് ദീര്‍ഘകാലം തുടരാന്‍ കഴിയാത്ത വിധത്തിലുള്ള പരിഷ്‌കാരങ്ങളും ബൈലോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഒരാള്‍ക്ക് രണ്ട് തവണ മാത്രമേ സി.ഡി.എസ് ചെയര്‍പേഴ്സണ്‍ സ്ഥാനത്തേക്ക് മത്സരിക്കാന്‍ അനുവാദമുണ്ടാകൂ. പോത്തുകല്‍, മമ്പാട്, ഊര്‍ങ്ങാട്ടിരി എന്നിവയാണ് ജില്ലയിലെ എസ്.ടി സംവരണ സി.ഡി.എസുകള്‍. മുതുവല്ലൂര്‍, പുറത്തൂര്‍, എടയൂര്‍, പുല്‍പ്പറ്റ, കണ്ണമംഗലം, കുറ്റിപ്പുറം, വട്ടംകുളം, എടപ്പാള്‍, ഏലംകുളം, തവനൂര്‍, കാവനൂര്‍ എന്നിവയാണ് എസ്.സി സംവരണ സി.ഡി.എസുകള്‍. ജനുവരി 22 മുതല്‍ 28 വരെ അയല്‍ക്കൂട്ട അധ്യക്ഷന്മാര്‍ക്കുള്ള പരിശീലനവും ജനുവരി 30 മുതല്‍ ഫെബ്രുവരി മൂന്നു വരെ അയല്‍ക്കൂട്ട തെരഞ്ഞെടുപ്പും നടക്കും. തുടര്‍ന്ന് ഫെബ്രുവരി ഏഴു മുതല്‍ 11 വരെ എ.ഡി.എസ് തെരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കി ഫെബ്രുവരി 20ന് സി.ഡി.എസ് തെരഞ്ഞെടുപ്പിലേക്ക് കടക്കും. ഫെബ്രുവരി 21 നകം പുതിയ ഭരണസമിതികള്‍ സംസ്ഥാനത്തുടനീളം ചുമതലയേല്‍ക്കുന്ന രീതിയിലാണ് ക്രമീകരണങ്ങള്‍.

 

date