സർക്കാരിന്റെ കരുതൽ; സ്വപ്നം കൈവിടാതെ സിയ ഫാത്തിമ*
വേദന ശരീരം കാർന്നുതിന്നുമ്പോഴും, സ്വപ്നങ്ങൾ കൈവിടാൻ സിയ ഫാത്തിമ തയ്യാറായിരുന്നില്ല. സ്വപ്നങ്ങൾക്ക് കരുതലായി ഒപ്പം സർക്കാരും കൂട്ടുനിന്നപ്പോൾ കലോത്സവ വേദിയിൽ പിറന്നത് പുതുചരിത്രം. തൃശ്ശൂരിൽ നടക്കുന്ന 64-ാം സംസ്ഥാന സ്കൂൾ കലോത്സവ വേദിയിലെത്താൻ കഴിയാതെ വിഷമിച്ചിരുന്ന സിയ ഇന്ന് അറബിക് പോസ്റ്റർ ഡിസൈനിംഗ് മത്സരത്തിൽ പങ്കെടുത്തു, വെർച്വൽ ആയി, ആത്മവിശ്വാസത്തോടെ.
കാസർകോട് ജില്ലയിലെ വി.കെ.പി.കെ.എച്ച്.എം.എം.ആർ.വി.എച്ച്.എസ്.എസിലെ വിദ്യാർത്ഥിനിയായ സിയ ഫാത്തിമ ‘വാസ്കുലൈറ്റിസ്’ എന്ന ഗുരുതര രോഗത്തോട് പോരാടുകയാണ്. യാത്ര ചെയ്യുന്നത് പോലും ജീവന് ഭീഷണിയായേക്കാമെന്ന ഡോക്ടർമാരുടെ കർശന നിർദേശപ്രകാരമാണ് അവൾക്ക് തൃശൂരിലെ കലോത്സവത്തിൽ നേരിട്ട് പങ്കെടുക്കാൻ കഴിയാതെയായത്. എന്നാൽ കലോത്സവ വേദിയിൽ മത്സരിക്കണമെന്ന ആഗ്രഹം പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയെ സന്ദേശത്തിലൂടെ അറിയിച്ചു. മത്സരത്തിനായി വേദിയിലെത്താൻ കഴിയാത്ത ഒരു കുട്ടിയുടെ സ്വപ്നം അതോടെ ഭരണകൂടത്തിന്റെ പരിഗണനയായി. മാനുഷിക സമീപനത്തിന്റെ ഭാഗമായി സർക്കാർ പ്രത്യേക ഉത്തരവ് പുറപ്പെടുവിച്ചു.
അങ്ങനെ, തൃശൂരിലെ സി.എം.എസ്.എച്ച്.എസ്.എസിൽ നടന്ന അറബിക് പോസ്റ്റർ ഡിസൈനിങ് മത്സരത്തിൽ രാവിലെ 11 മണിക്ക് സിയ ഫാത്തിമയ്ക്ക് വീഡിയോ കോൺഫറൻസ് മുഖേന മത്സരിക്കാനുള്ള അവസരം ലഭിച്ചു. വേദിയിലെ മറ്റു മത്സരാർത്ഥികളെപ്പോലെ തന്നെ അധികൃതരുടെ നിരീക്ഷണത്തിലും മൂല്യനിർണയത്തിലുമാണ് സിയയുടെ പ്രകടനവും വിലയിരുത്തിയത്. കുട്ടിയുടെ ആത്മവിശ്വാസത്തിനും അധ്വാനത്തിനും ഒപ്പം അവൾക്കായി വഴിയൊരുക്കിയ സർക്കാരിന്റെ കരുതലും ഈ കലോത്സവത്തെ മറ്റൊരു ഉയരത്തിലേക്കാണ് നയിച്ചത്.
തൃശൂരിലെ സി.എം.എസ്.എച്ച്.എസ്.എസിൽ പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി, റവന്യൂ - ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ രാജൻ, പൊതുവിദ്യാഭ്യാസ ഡയറക്ടർ എൻ.എസ്.കെ. ഉമേഷ്, ജില്ല വിദ്യാഭ്യാസ ഉപ ഡയറക്ടർ പി.എം ബാലകൃഷ്ണൻ എന്നിവരും മത്സരം വീക്ഷിക്കാനെത്തിയിരുന്നു.
- Log in to post comments