*സംസ്ഥാന സ്കൂൾ കലോത്സവം; കർട്ടന് പിന്നിലെ നിശബ്ദ വിപ്ലവം*
സ്ത്രീ പുരുഷ സമവാദങ്ങളുടെ സിദ്ധാന്തങ്ങൾക്കപ്പുറം അതിനെ യഥാർത്ഥ ജീവിതത്തിലേക്ക് പകർത്തുന്ന മികച്ച പാഠമാണ് തൃശൂർ ജില്ലയിലെ എൻ എസ്. എസ് വോളന്റീർമാർ തൃശൂരിലെ സംസ്ഥാന കലോത്സവ വേദികളിലുടെ സമൂഹത്തിന് പകർന്നു നൽകുന്നത്. അല്പം ബുദ്ധിമുട്ടിയാണെങ്കിലും വളരെ ഉത്സാഹത്തോടെ വിവിധ സ്റ്റേജുകളിൽ കർട്ടൻ വലിക്കുന്ന പെൺകുട്ടികൾ മേളയുടെ വേദികളിൽ നിശബ്‍ദ വിപ്ലവം തന്നെയാണ് തീർക്കുന്നത്.
സ്റ്റേജ് ഡ്യൂട്ടി ചോദിച്ചു വാങ്ങി തങ്ങളെക്കാൾ ഇരട്ടി ഭാരമുള്ള കർട്ടൻ മണിക്കൂറുകളോളം കൈകാര്യം ചെയ്ത് പുതു തലമുറക്ക് ഏതു വിധത്തിലുമുള്ള വെല്ലുവിളികളും കോലാഹലങ്ങളും ബഹളങ്ങളും ഒന്നുമില്ലാതെ ഏറ്റെടുക്കാൻ പറ്റുമെന്ന് കലോത്സവത്തിന്റെ ദിവസങ്ങളിൽ അവർ തെളിയിച്ചു.
ജില്ലയിലെ നാഷണൽ സർവീസ് സ്കീമിലെ വിവിധ യൂണിറ്റുകളിലെ അമ്പതോളം എൻ. എസ്. എസ്. പെൺകുട്ടികളാണ് വോളണ്ടിയർമാരായി 25 വേദികളിൽ ഓരോ ദിവസവും സ്റ്റേജ് ഡ്യൂട്ടിക്ക് നേതൃത്വം നൽകുന്നത്. ഇവരെ സഹായിക്കാനായി പകൽ റിസർവിലും രാത്രി ഷിഫ്റ്റിലുമായി അമ്പതോളം ആൺകുട്ടികൾ വോളണ്ടിയർമാരായുണ്ട്. ഇത്തരം പ്രവത്തനങ്ങൾ പെൺകുട്ടികളിൽ ആത്മവിശ്വാസവും ഉർജസ്വലതയും ഉണ്ടാക്കുമെന്ന് എൻ.എസ്.എസ്. ജില്ലാ കൺവീനർ എം. വി.പ്രതീഷ് അറിയിച്ചു.
- Log in to post comments