*എടതിരിഞ്ഞി വില്ലേജിലെ ഭൂമിയുടെ ന്യായവില നിര്‍ണ്ണയം; ജില്ലാതല സമിതി യോഗം ചേര്‍ന്നു*
എടതിരിഞ്ഞി വില്ലേജിലെ ഭൂമിയുടെ ന്യായവില നിര്‍ണ്ണയം സംബന്ധിച്ച് ഉന്നതവിദ്യാഭ്യാസ, സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദുവിന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. എടതിരിഞ്ഞി വില്ലേജില്‍ 2010 ലെ ന്യായ വില വിജ്ഞാപനപ്രകാരം നിശ്ചയിച്ച ഭൂമിയുടെ ന്യായവില യഥാര്‍ത്ഥ മാര്‍ക്കറ്റ് വിലയേക്കാള്‍ വളരെ ഉയര്‍ന്നതാണെന്നും സമീപ വില്ലേജുകളിലെ സമാന സ്വഭാവമുള്ള ഭൂമിയേക്കാള്‍ കൂടുതലാണെന്നുമുള്ള പരാതികളും അപ്പീലുകളും ജില്ലാ കളക്ടര്‍ക്ക് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ന്യായ വില പുതുക്കി നിശ്ചയിക്കാന്‍ 2025 ജൂലൈമാസത്തില്‍ ഇരിങ്ങാലക്കുട റവന്യു ഡിവിഷണറെ ചുമതലപ്പെടുത്തി ജില്ലാ കളക്ടര്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഭൂമിയുടെ ന്യായ വില പുനര്‍നിര്‍ണ്ണയിക്കുന്നതുമായി ബന്ധപ്പെട്ട് വില്ലേജ്, താലൂക്ക്, ജില്ലാതല സമിതികളും രൂപീകരിച്ചിരുന്നു.
ന്യായ വില പുനര്‍നിര്‍ണ്ണയിക്കുന്നതിനുള്ള വിവിധ ക്ലാസിഫിക്കേഷനുകളിലെ ഭൂമിയുടെ കരട് ലിസ്റ്റ് വില്ലേജ് ഓഫീസര്‍ തയ്യാറാക്കി പ്രസ്തുത ലിസ്റ്റ് വില്ലേജ്തല സമിതിയും താലൂക്ക്തല സമിതിയും അംഗീകരിച്ചിരുന്നു. നിലവിലുള്ള ന്യായ വിലയുടെ 60 മുതല്‍ 85 ശതമാനം വരെ കുറവുവരുത്തി നിലവിലെ മാര്‍ക്കറ്റ് വിലയുമായി പൊരുത്തപ്പെടുന്ന രീതിയിലാണ് കരട് ജില്ലാ കമ്മിറ്റി അംഗീകരിച്ചത്. ജില്ലാ കമ്മിറ്റി അംഗീകരിച്ച വില ഗസറ്റില്‍ പ്രസിദ്ധപ്പെടുത്തുന്നതിനും ഇതില്‍ ആക്ഷേപമുണ്ടെങ്കില്‍ 60 ദിവസങ്ങള്‍ക്കകം അപ്പീല്‍ നല്‍കുന്നതിനും ജില്ലാതല സമിതി യോഗത്തില്‍ തീരുമാനമായി. കളക്ട്രേറ്റ് വീഡിയോ കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ എ.ഡി.എം ടി. മുരളി, ഡെപ്യൂട്ടി കളക്ടര്‍ എം.സി ജ്യോതി, ആര്‍.ഡി.ഒ, താലൂക്ക്, വില്ലേജ് ഉദ്യോഗസ്ഥര്‍, മറ്റുവകുപ്പുതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments