ചൂരല്‍മലയിലെ ദുരന്തബാധിതര്‍ക്കുള്ള ധനസഹായവിതരണം തുടരും: മന്ത്രി കെ. രാജന്‍
വയനാട്ടിലെ ചൂരല്‍മലയില്‍ 2024 ജൂലൈ 30 ന് ഉണ്ടായ ദുരന്തത്തെ തുടര്‍ന്നുണ്ടായ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളിലും പുനര്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലും അതിവേഗം കേരളത്തിലെ ഗവണ്‍മെന്റ് എല്ലാവരെയും കൂട്ടിയിണക്കി മുന്നോട്ടുപോകുകയാണെന്ന് റവന്യു വകുപ്പ് മന്ത്രി കെ. രാജന്‍. തൃശ്ശൂര്‍ രാമനിലയം ഗസ്റ്റ് ഹൗസില്‍ ചൂരല്‍മല ദുരന്തബാധിതര്‍ക്കുള്ള ധനസഹായവിതരണവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. ചൂരല്‍മലയിലെ ദുരന്തബാധിതര്‍ക്കുള്ള ധനസഹായം തുടര്‍ന്നും നല്‍കും 2026 എന്ന പുതിയ വര്‍ഷത്തെ തുക അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് ജനുവരി മാസത്തില്‍തന്നെ പുറത്തിറക്കും എന്നുള്ളതുകൊണ്ട് അക്കാര്യത്തില്‍ അനാവശ്യമായിട്ടുള്ള ഒരാശങ്കയും ദുരന്തബാധിതര്‍ക്ക് ഉണ്ടാകേണ്ട ആവശ്യമില്ലെന്നും മന്ത്രി പറഞ്ഞു.
ഇപ്പോള്‍ തെറ്റായ രീതിയില്‍ ഇവിടെ ജീവനോപാധി എന്ന വിധത്തില്‍ ചൂരല്‍മലയിലെ ദുരന്തബാധിതരായവര്‍ക്ക് വിതരണം ചെയ്തുകൊണ്ടിരിക്കുന്ന ഒരു കുടുംബത്തിലെ രണ്ടുപേര്‍ക്ക് ദിവസം 300 രൂപ വീതമുള്ള സഹായം ഡിസംബര്‍ മാസത്തോടുകൂടി അവസാനിച്ചു, ഇനി ലഭ്യമാകാന്‍ പോകുന്നില്ല എന്നുള്ള വലിയ ആശങ്കകള്‍ പൊതു സമൂഹത്തിനകത്ത് പ്രചരിപ്പിക്കാനുള്ള ചില ബോധപൂര്‍വ്വമായ ചില ശ്രമങ്ങള്‍ നടക്കുന്നതായും മന്ത്രി പറഞ്ഞു. ദുരന്തം നടന്നതിനുശേഷം 12 മാസക്കാലം മൂന്നു ഘട്ടങ്ങളിലായി ദുരന്തബാധിതരായ 656 കുടുംബങ്ങളിലെ 1185 ആളുകള്‍ക്ക് കഴിഞ്ഞ ഡിസംബര്‍ വരെ ധനസഹായം നല്‍കിയിട്ടുണ്ട്. 2025 വരെയായിരുന്നു ധനസഹായത്തിനുള്ള ആദ്യത്തെ ഉത്തരവിറക്കിയത്. ഈ ഇനത്തില്‍മാത്രം ഇതുവരെ 15,64,10,000 രൂപ ദുരന്തബാധിതര്‍ക്ക് വിതരണം ചെയ്തായും മന്ത്രി കൂട്ടിച്ചേര്‍ത്തു.
യഥാര്‍ത്ഥത്തില്‍ ചൂരല്‍മലയില്‍ മാത്രമല്ല ഒരു ദുരന്തമുണ്ടായാല്‍ ആ ദുരന്തത്തില്‍പ്പെട്ടവരെ സഹായിക്കാന്‍ എസ്.ഡി.ആര്‍.എഫിന്റെ പണം ഉപയോഗിച്ചുകൊണ്ട് പ്രാഥമികമായി മൂന്നുമാസം വരെ ജീവനോപാധികള്‍ തടസ്സപ്പെടുന്ന സാഹചര്യത്തില്‍ ഒരു കുടുംബത്തിലെ രണ്ട് മുതിര്‍ന്ന അംഗങ്ങള്‍ക്ക് 300 രൂപ വീതം നല്‍കാവുന്ന വിധത്തിലുള്ള സഹായത്തിലാണ് ജൂലൈ 30 ന് ദുരന്തമുണ്ടായ ഉടനെ ആഗസ്റ്റ് മാസം മുതല്‍ നല്‍കിയത്. പിന്നീട് മൂന്നുമാസത്തേക്കുകൂടി വര്‍ദ്ധിപ്പിച്ചു. വീണ്ടും ജീവനോപാധി ഒരു ജോലി ലഭ്യമാകുന്നതുവരെ കൊടുക്കണം എന്നുള്ളതുകൊണ്ട് പ്രയാസം അനുഭവിക്കുന്ന ആളുകളെ സഹായിക്കുന്നതിനായി ആദ്യം ക്യാമ്പില്‍ പങ്കെടുത്ത എല്ലാവര്‍ക്കും നല്‍കി എങ്കിലും പിന്നീട് അര്‍ഹരായവരെ കണ്ടെത്തി അത്തരം ആളുകള്‍ക്ക് കഴിഞ്ഞ 2025 ഡിസംബര്‍ വരെ കൃത്യമായി ജീവനോപാധി 9000 രൂപ വീതം നല്‍കിയതായും മന്ത്രി പറഞ്ഞു.
2024 ജൂലൈയില്‍ ദുരന്തം നടന്ന് ആഗസ്റ്റ് 24 നകം വിവിധ കേന്ദ്രങ്ങളിലേക്ക് മാറ്റി പാര്‍പ്പിച്ചപ്പോള്‍ അവര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച 6000 രൂപ വീതം വീട്ടുവാടക ആദ്യഘട്ടതില്‍ 813 പേര്‍ക്കും 2025ല്‍ അവരവരുടെ വീടുകളിലേക്ക് തിരിച്ചുപോയവരുടെ കഴിച്ച് ബാക്കിയുള്ള 425 പേര്‍ക്കും ഡിസംബര്‍ മാസവും വാടക കൊടുത്തതായും മന്ത്രി പറഞ്ഞു. ഒന്നര വര്‍ഷക്കാലമായി ആ വാടക കൊടുക്കുന്നതില്‍ ഒരു കുറവും കേരളത്തിലെ ഗവണ്‍മെന്റ് വരുത്തിയിട്ടില്ല എന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ദുരന്തബാധിതരുടെ പുനരധിവാസത്തിനുള്ള വീട് നിര്‍മ്മാണം ഇന്നത്തെ സ്റ്റാറ്റസ് അനുസരിച്ച് 289 വീടുകളില്‍ രണ്ട് നിലയും വാര്‍പ്പ് പൂര്‍ത്തീകരിച്ചു. 300 വീടുകളിലേക്ക് കോണ്‍ഗ്രീറ്റ് ഭീതിയുടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചു കഴിഞ്ഞു. 312 ഇടങ്ങളില്‍ ഫൗണ്ടേഷന്‍ പൂര്‍ണ്ണമായും രൂപീകരിച്ചു കഴിഞ്ഞു. അവിടെ 410 വീടുകള്‍ നിര്‍മ്മിക്കാനുദ്ദേശിക്കുന്നതില്‍ 410 വീടുകളുടേയും നിര്‍മ്മാണ പ്രവര്‍ത്തനം ഇടക്കാലത്ത് മഴയുണ്ടായത് ഒഴിച്ചാല്‍ കൃത്യമായി നടക്കുന്നുണ്ട്. അതില്‍ ഒരു തടസ്സവും ആ നിര്‍മ്മാണ പ്രവര്‍ത്തനത്തില്‍ ഉണ്ടാവുന്നില്ല. യഥാര്‍ത്ഥത്തില്‍ ഫേസ് വണ്ണും ഫേസ് ടു എയും ഫേസ് ടു ബിയും സെക്കന്റ് അപ്പീലും കഴിഞ്ഞു 15 ലക്ഷം രൂപ വീതമുള്ള പണം വേടിച്ച് പോയ 104 പേരും ഇനി വേടിക്കാന്‍ അപേക്ഷ നല്‍കിയിട്ടുള്ള എട്ട് പേരും കഴിഞ്ഞാല്‍ 325 പേരാണ് ആ ലിസ്റ്റില്‍ ഉള്ളത്. അവര്‍ക്ക് പൂര്‍ണമായും വീട് കൊടുക്കും എന്നത് മാത്രമല്ല. ആ ലിസ്റ്റില്‍ ഇനി അപ്പീലുകളിലൂടെ വരുന്ന ആരെങ്കിലും ബാക്കി ഉണ്ടെങ്കില്‍ അവര്‍ക്കും കൊടുക്കാനുള്ള കൃത്യമായ കണക്കോടെ അവിടെ വീടുകളുടെ നിര്‍മ്മാണ പ്രവര്‍ത്തനം പൂര്‍ത്തിയായി വരികയാണെന്നും മന്ത്രി പറഞ്ഞു.
2025 ജൂലൈ മാസം മുപ്പത്തിനാണ് ചൂരല്‍ മലയിലെ കച്ചവടക്കാര്‍ക്ക് സഹായം കൊടുക്കാവുന്ന വിധത്തില്‍ അവരുടെ നഷ്ട പരിഹാരം സര്‍ക്കാര്‍ സിഎംഡിആര്‍എഫില്‍ നിന്ന് പണം കൊടുക്കും എന്ന ആലോചന നടത്തിയത്. കച്ചവടക്കാര്‍ക്ക് പണം കിട്ടിയില്ല എന്ന വിധത്തിലുള്ള ആശങ്കകള്‍ പ്രചരിക്കുന്നുണ്ട്. സ്വാഭാവികമായിട്ടും അന്ന് ആ തീരുമാനം എടുത്തതിന് ശേഷം ചൂരല്‍മലയിലെ തകര്‍ന്ന കച്ചവടക്കാര്‍ അവര്‍ക്ക് നഷ്ടപ്പെട്ട സംഖ്യ, പുനര്‍നിര്‍മ്മാണത്തിന് അവര്‍ക്ക് കൊടുക്കാവുന്ന നിയമപരമായിട്ടുള്ള സംഖ്യ, ഇതെല്ലാം കണക്ക് കൂട്ടി സിഎംഡിആര്‍എഫ് തന്നെ ഉപയോഗിച്ച് കൊണ്ട് അവര്‍ക്ക് കൊടുക്കേണ്ട തുകയെപ്പറ്റി വ്യവസായ ഉപദേഷ്ടാക്കള്‍ ഉള്‍പ്പെടെ നടത്തിയിട്ടുള്ള പരിശോധനയുടെ അടിസ്ഥാനത്തിലുള്ള കണക്ക് സര്‍ക്കാരിന്റെ മുമ്പില്‍ ഇപ്പോള്‍ വന്നിട്ടുണ്ട്. അത് പരിശോധിച്ചാല്‍ എത്രയും പെട്ടെന്ന് കഴിയുമെങ്കില്‍ ജനുവരി മാസം തന്നെ അവര്‍ക്ക് ആവശ്യമായിട്ടുള്ള നഷ്ടപരിഹാരം കൊടുക്കാനുള്ള നടപടിക്രമങ്ങള്‍ സര്‍ക്കാര്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
എത്ര കൃത്യതയോട് കൂടിയാണ് നടപടി ക്രമങ്ങള്‍ക്ക് സര്‍ക്കാര്‍ നേതൃത്വം നല്‍കുന്നത്. എന്നിട്ടും കച്ചവടക്കാര്‍ക്ക് നഷ്ട പരിഹാരം നല്‍കാന്‍ ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുടെ മാനദണ്ഡങ്ങളില്‍ ഒരു വരിപോലും സൂചിപ്പിച്ചിട്ടില്ല എന്ന് മാത്രമല്ല ഉജ്ജീവന പദ്ധതിയിലൂടെ പ്രളയത്തിന് കൊടുത്ത സഹായങ്ങള്‍ ഒഴിച്ചാല്‍ കച്ചവടക്കാര്‍ക്ക് ഏതെങ്കിലും വിധത്തിലുള്ള നഷ്ടപരിഹാരം ഇതിന് മുമ്പ് ഒരിടത്തും കൊടുത്തതായി അറിയില്ല. അതാണ് ഇപ്പോള്‍ കൊടുക്കാന്‍ തീരുമാനിച്ചത്. പക്ഷേ ബോധപൂര്‍വം ചില കാര്യങ്ങള്‍ മറച്ചു വെക്കുകയും കേരളത്തിലെ സര്‍ക്കാരിനെ കുറ്റപ്പെടുത്താന്‍ എല്ലാ അവസരവും ഉപയോഗിക്കുകയും ചെയ്യുന്ന രീതികള്‍ക്ക് മാറ്റാമുണ്ടാകണമെന്നതാണ് സര്‍ക്കാരിന്റെ അഭിപ്രായമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
കാലാവസ്ഥ മുന്നറിയിപ്പിന്റെ വിപുലീകരണം ഇപ്പൊ ഒരു ഗൗരവപ്പെട്ട പ്രശ്‌നമായി വരികയാണ്. അഞ്ച് സൈറണ്‍ കൂടി സ്ഥാപിക്കാന്‍ നൂറ് കാലാവസ്ഥ നിരീക്ഷണ സംവിധാനങ്ങള്‍ സ്ഥാപിക്കാനുള്ള പദ്ധതി സര്‍ക്കാരിന്റെ പരിഗണനയിലാണ്. ഒരു പക്ഷേ ഇന്ത്യയിലെ ആദ്യത്തെ മൃഗങ്ങള്‍ക്ക് വേണ്ടിയുള്ള സവിശേഷ ദുരിതാശ്വാസ കേന്ദ്രം കോട്ടപ്പുറം പഞ്ചായത്തില്‍ ഈ മാസം തന്നെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. ഹ്യൂമന്‍ വേള്‍ഡ് ഫോര്‍ അനിമല്‍സ് എന്ന സന്നദ്ധ സംഘടനയുമായി ചേര്‍ന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയാണ് ഈ കേന്ദ്രം സ്ഥാപിക്കാനുള്ള നടപടി ക്രമങ്ങള്‍ കൊണ്ടു വന്നിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
- Log in to post comments