ചീഫ് മിനിസ്റ്റേഴ്‌സ് മെഗാക്വിസ് വിദ്യാഭ്യാസ ജില്ലാതല മത്സരം 22 ന്
കേരളത്തിന്റെ സാമൂഹിക പുരോഗമന ചരിത്രം അടിസ്ഥാനമാക്കി സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന ചീഫ് മിനിസ്റ്റേഴ്‌സ് മെഗാ ക്വിസ് മത്സരത്തിലെ സ്‌കൂൾതല വിദ്യാഭ്യാസ ജില്ലാ മത്സരം ജനുവരി 22 ന് നടക്കും. സ്‌കൂൾതല പ്രാരംഭഘട്ട മത്സരത്തിൽ വിജയികളായ രണ്ട് ടീമുകൾ വീതം വിദ്യാഭ്യാസ ജില്ലാ മത്സരത്തിൽ പങ്കെടുക്കും. രാവിലെ 9 മുതൽ വിദ്യാഭ്യാസ ജില്ലയിലെ ക്വിസ് കേന്ദ്രങ്ങളിൽ രജിസ്‌ട്രേഷൻ ആരംഭിക്കും. 11 മുതൽ സംസ്ഥാന വ്യാപകമായി മത്സരം നടക്കും.
വിദ്യാഭ്യാസ ജില്ലാതല ഘട്ടത്തിൽ വിജയിക്കുന്ന 10 ടീമുകൾ ജില്ലാതല മത്സരത്തിലേക്ക് യോഗ്യത നേടും. തുടർന്ന് ഫെബ്രുവരി മൂന്നാം വാരം ചീഫ് മിനിസ്റ്റേഴ്‌സ് മെഗാക്വിസ് ഗ്രാൻഡ് ഫിനാലെ നടക്കും. സ്‌കൂൾതല ഫൈനൽ മത്സരത്തിൽ ഒന്നാം സ്ഥാനം നേടുന്നവർക്ക് അഞ്ച് ലക്ഷം രൂപയും രണ്ടാം സ്ഥാനക്കാർക്ക് മൂന്ന് ലക്ഷം രൂപയും മൂന്നാം സ്ഥാനക്കാർക്ക് രണ്ട് ലക്ഷം രൂപയുമാണ് സമ്മാനത്തുകയായി ലഭിക്കുക. പങ്കെടുക്കുന്ന എല്ലാ വിദ്യാർത്ഥികൾക്കും പ്രശസ്തി പത്രവും മെമന്റോയും സമ്മാനമായി നൽകും.
ചീഫ് മിനിസ്റ്റേഴ്‌സ് മെഗാക്വിസിന്റെ ആദ്യഘട്ട മത്സരത്തിൽ ഹൈസ്കൂൾ, ഹയർ സെക്കണ്ടറി സ്‌കൂളുകൾ ഉൾപ്പടെ അയ്യായിരത്തോളം വിദ്യാലയങ്ങളിലും വിവിധ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും നിന്നായി അഞ്ച് ലക്ഷത്തോളം വിദ്യാർത്ഥികൾ പങ്കെടുത്തിരുന്നു.
പി.എൻ.എക്സ്. 278/2026
- Log in to post comments