ഉല്ലാസ് പദ്ധതി: മികവുത്സവത്തിന് തയ്യാറെടുത്ത് 1534 പഠിതാക്കള്‍
സാക്ഷരതാ മിഷന്‍ അതോറിറ്റിയുടെ ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം ഉല്ലാസ് പദ്ധതിയുടെ മൂന്നാം ഘട്ടം മികവുത്സവം ജനുവരി 25 ന് ഞായറാഴ്ച നടക്കും. 39 പരീക്ഷാ കേന്ദ്രങ്ങളിലായി 309 പുരുഷന്‍മാരും 1225 സ്ത്രീകളും പങ്കെടുക്കും. പട്ടികജാതി വിഭാഗത്തില്‍ നിന്നും 264 പഠിതാക്കളും പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍ നിന്നും 52 പേരുമാണ് പങ്കെടുക്കുന്നത്. സിവില്‍ സ്റ്റേഷനിലെ മൈ ഭാരത് കേന്ദ്ര ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാപഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍മാന്‍ പി.കെ. അസ്ലു ജില്ലാതല ചോദ്യപേപ്പര്‍ വിതരണ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഉല്ലാസ് പദ്ധതി കീ റിസോഴ്‌സ് പേഴ്‌സണണ്‍ കെ.എം. റഷീദ് അധ്യക്ഷത വഹിച്ചു.
വാചികം, എഴുത്ത്, ഗണിതം എന്നിങ്ങളെ മൂന്ന് ഭാഗങ്ങളിലായി 150 മാര്‍ക്കിനുള്ള ചോദ്യങ്ങളാണ് മൂന്ന് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള മികവുത്സവത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. മൂര്‍ക്കനാട് ഗ്രാമ പഞ്ചായത്തിലെ കൊളത്തൂര്‍ കുമുള്ളിക്കളം അംഗനവാടി പരീക്ഷാ കേന്ദ്രത്തില്‍ പരീക്ഷയെഴുതുന്ന മുണ്ടി (88) ആണ് ജില്ലയില്‍ നിന്നും പരീക്ഷയെഴുതുന്ന മുതിര്‍ന്ന പഠിതാവ്. താഴെക്കോട് ബഡ്‌സ് സ്‌കൂള്‍ വിദ്യാര്‍ത്ഥി മുഹമ്മദ് ഷിഫിന്‍ (12) ആണ് പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്ത പ്രായം കുറഞ്ഞ പഠിതാവ്. ഉല്ലാസ് പദ്ധതി പ്രകാരം 2024 ഡിസംബര്‍ 10ന് നടന്ന ആദ്യഘട്ട മികവുത്സവത്തില്‍ 7991 പഠിതാക്കള്‍ ജില്ലയില്‍ നിന്നും പങ്കെടുത്തിരുന്നു.
മികവുത്സവം മുന്നൊരുക്ക പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഇന്‍വിജിലേറ്റര്‍മാരുടെ യോഗം ചേര്‍ന്നു. സാക്ഷരതാ മിഷന്‍ പ്രേരക്മാര്‍, മഹിളാ സമഖ്യ സൊസൈറ്റി സേവിനിമാര്‍, മറ്റ് സന്നദ്ധ സേവകര്‍, ജില്ലാ സാക്ഷരതാ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ പി.വി. ശാസ്ത പ്രസാദ്, മഹിളാ സമഖ്യാ സൊസൈറ്റി ജില്ലാ കോഓര്‍ഡിനേറ്റര്‍ എം. റജീന, റിസോഴ്‌സ് പേഴ്‌സണ്‍മാരായ പി.എ. റഹ്‌മാന്‍, ശ്രീദേവി പ്രാക്കുന്ന് സാക്ഷരതാ മിഷന്‍ ജീവനക്കാരായ കെ. ശരണ്യ, കെ. മൊയ്തീന്‍കുട്ടി. എം.കെ ജസീല എന്നിവര്‍ പങ്കെടുത്തു.
- Log in to post comments