Skip to main content
..

പത്തനാപുരം മണ്ഡലത്തില്‍ 48 സ്‌കൂളുകള്‍ക്ക് പുതിയ കെട്ടിടങ്ങള്‍ നിര്‍മിച്ചു: മന്ത്രി കെ ബി ഗണേഷ് കുമാര്‍

പത്തനാപുരം മണ്ഡലത്തില്‍ 48  സര്‍ക്കാര്‍ സ്‌കൂളുകള്‍ക്ക്  പുതിയ കെട്ടിടങ്ങള്‍ നിര്‍മിച്ചുവെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാര്‍. പട്ടാഴി സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി ആന്‍ഡ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ബഹുനില മന്ദിരം, പ്രവേശന കവാടം, പാചകപ്പുര എന്നിവയുടെ നിര്‍മ്മാണോദ്ഘാടനവും തറക്കല്ലിടീലും സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ഡൈനിങ് ഹാള്‍ ഉള്‍പ്പെടെയുള്ള വലിയ പദ്ധതിക്കാണ് തുടക്കം. ഇന്‍ഡോര്‍ സ്റ്റേഡിയത്തോടൊപ്പമുള്ള ഓഡിറ്റോറിയവും നിര്‍മിക്കും. പുതിയ സ്‌കൂള്‍ ബസും അനുവദിക്കും.
നിര്‍മ്മാണം പൂര്‍ത്തിയായ കാര്യറ സ്‌കൂളിന്റെ പുതിയ കെട്ടിടത്തിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കും തുടക്കമാകും.  ഏനാത്ത്-പത്തനാപുരം റോഡിന്റെ നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ മണ്ഡലത്തിലെ എല്ലാ റോഡുകളും ബിഎംബിസി നിലവാരത്തിലുള്ളതാകും. പട്ടാഴി, തലവൂര്‍ തുടങ്ങിയ പഞ്ചായത്തുകളില്‍ നീന്തല്‍ പരിശീലനകേന്ദ്രങ്ങള്‍ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.
നവകേരളം കര്‍മ്മ പദ്ധതി രണ്ടാംഘട്ടത്തിന്റെ ഭാഗമായി വിദ്യാകിരണം പദ്ധതിയില്‍ ഉള്‍പ്പെടുത്തി മൂന്ന് കോടി 90 ലക്ഷം രൂപ കിഫ്ബി ഫണ്ട് ഉപയോഗിച്ചാണ് ബഹുനില മന്ദിരം, പ്രവേശന കവാടം, പാചകപ്പുര തുടങ്ങിയവ നിര്‍മിക്കുന്നത്. പി.ടി.എ പ്രസിഡന്റ് ജി ഹരികൃഷ്ണന്‍ അധ്യക്ഷനായി.
പട്ടാഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് ശുഭാകുമാരി, ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജി. സരസ്വതി, പത്തനാപുരം ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ അനന്തുപിള്ള, പട്ടാഴി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബാബു ഫിലിപ്പോസ്, പട്ടാഴി ഗ്രാമപഞ്ചായത്ത് ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ദീപ്തി സുരേഷ്, പട്ടാഴി ഗ്രാമപഞ്ചായത്ത് മെമ്പര്‍ മഞ്ജു റഹിം, എം പിടിഎ പ്രസിഡന്റ് ജിഷ ഹര്‍ഷന്‍, പിടിഎ വൈസ് പ്രസിഡന്റ് ഷൗഫീന, പട്ടാഴി എച്ച്.എസ്.എസ് പ്രിന്‍സിപ്പല്‍ സി പി ദീപ, വി എച്ച് എസ് ഇ പ്രിന്‍സിപ്പല്‍ ജി വേണു, ജി വി എച്ച് എസ് എസ് പ്രിന്‍സിപ്പല്‍ എസ് മനോജ്, ജി എം എല്‍ പി എസ് പ്രിന്‍സിപ്പല്‍ അഹമ്മദ് കബീര്‍, സ്റ്റാഫ് സെക്രട്ടറി എസ് ദിനേശ് തുടങ്ങിയവര്‍ പങ്കെടുത്തു.

date