Skip to main content

റിപ്പബ്ലിക് ദിനാഘോഷം: മന്ത്രി മുഹമ്മദ് റിയാസ് പതാകയുയർത്തും

 

ജില്ലയില്‍ റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. തിങ്കളാഴ്ച രാവിലെ ഒമ്പതിന് വെസ്റ്റ് ഹില്ലിലെ ക്യാപ്റ്റൻ വിക്രം മൈതാനിയിൽ നടക്കുന്ന ചടങ്ങിൽ ടൂറിസം-പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ദേശീയപതാക ഉയർത്തും. 8.58ന് പരേഡ് ഗ്രൗണ്ടിലെത്തുന്ന മന്ത്രിയെ ജില്ലാ കളക്ടര്‍ സ്നേഹിൽ കുമാർ സിങ്, കോഴിക്കോട് സിറ്റി, റൂറൽ പൊലീസ് മേധാവികൾ എന്നിവർ ചേര്‍ന്ന് സ്വീകരിക്കും. ഒമ്പതിന് ദേശീയ പതാക ഉയർത്തിയ ശേഷം മന്ത്രി പരേഡിന്റെ അഭിവാദ്യം സ്വീകരിച്ച് റിപ്പബ്ലിക് ദിന സന്ദേശം നല്‍കും. പരേഡില്‍ പൊലീസ്, സായുധ റിസര്‍വ് പോലീസ്, എക്‌സൈസ്, വനം വകുപ്പ്, അഗ്നിരക്ഷാ സേന, എന്‍.സി.സി, എസ്.പി.സി, സ്കൗട്ട്സ് ആന്‍ഡ് ഗൈഡ്സ്, ജൂനിയര്‍ റെഡ്ക്രോസ് തുടങ്ങിയവ ഉൾപ്പെടെ 20 പ്ലാറ്റൂണുകള്‍ അണിനിരക്കും. പരേഡ് കാണാൻ പൊതുജനങ്ങൾക്കും അവസരമുണ്ടാകും. 
മികച്ച പ്ലാറ്റൂണുകൾക്ക് ചടങ്ങിൽ ട്രോഫി സമ്മാനിക്കും. വിദ്യാർഥികളുടെ കലാപരിപാടികളും അരങ്ങേറും. ദേശീയ ഗാനത്തോടെ ചടങ്ങുകൾക്ക് സമാപനമാകും.

date