നൂറടിത്തോട് തീരത്ത് വൃക്ഷത്തൈകൾ നട്ട് കുന്നംകുളം നഗരസഭ
സ്വച്ഛ് സർവേക്ഷൺ 2025ന്റെ ഭാഗമായി കുന്നംകുളം നഗരസഭ തിരുത്തിക്കാട് പ്രദേശത്തെ നൂറടിത്തോട് തീരത്ത് 100 വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചു. നഗരസഭ ചെയർപേഴ്സൺ സൗമ്യ അനിലൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ നഗരസഭ ശുചിത്വ അംബാസിഡർ വി. കെ. ശ്രീരാമൻ വൃക്ഷത്തൈ നട്ട് ചടങ്ങ് ഉദ്ഘാടനം ചെയ്തു.
പരിസ്ഥിതി സംരക്ഷണത്തിനും ജലസ്രോതസ്സുകളുടെ സംരക്ഷണത്തിനും പ്രാധാന്യം നൽകുന്ന ഈ പരിപാടി നഗരസഭയുടെ ശുചിത്വ പ്രവർത്തനങ്ങളുടെ ഭാഗമായാണ് സംഘടിപ്പിച്ചത്. തൊഴിലുറപ്പ് പദ്ധതിയിലെ തൊഴിലാളികളുടെ സഹകരണത്തോടെയാണ് വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചത്. നെല്ലി, ഉങ്ങ്, മന്ദാരം, തുടങ്ങിയ വൃക്ഷത്തൈകൾ ആണ് ഇതിനായി തെരഞ്ഞെടുത്തത്.
ചടങ്ങിൽ നഗരസഭ വൈസ് ചെയർമാൻ പി. ജി ജയപ്രകാശ്, സ്ഥിരം സമിതി അധ്യക്ഷൻമാരായ ടി. സോമശേഖരൻ, മിഷ സെബാസ്റ്റ്യൻ, ആർഷ ജിജു, നഗരസഭ സെക്രട്ടറി കെ.കെ മനോജ്, ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ, ബഥനി സെന്റ് ജോൺസ് ഇംഗ്ലീഷ് ഹയർസെക്കണ്ടറി സ്കൂളിലെ സ്കൗട്ട് വിദ്യാർത്ഥികൾ, വെസ്റ്റ് മങ്ങാട് സെന്റ് ജോസഫ് ആൻഡ് സെന്റ് സിറിൽസ് സ്കൂളിലെ എൻ.എസ്.എസ് വിദ്യാർത്ഥികൾ എന്നിവരും പങ്കു ചേർന്നു. നട്ടുപിടിപ്പിച്ച വൃക്ഷത്തൈകളുടെ സംരക്ഷണവും പരിപാലനവും തുടർന്നും ഉറപ്പാക്കുമെന്ന് നഗരസഭ അധികൃതർ അറിയിച്ചു.
- Log in to post comments