Skip to main content

ചീഫ് മിനിസ്റ്റേഴ്സ് മെഗാക്വിസ്: ആലപ്പുഴ ജില്ലാതല മത്സരം നാലിന്

കേരളത്തിന്റെ ആവേശോജ്വലമായ സാമൂഹിക പുരോഗതിയുടെ ചരിത്രത്തെ അടിസ്ഥാനപ്പെടുത്തിയുള്ള ചീഫ് മിനിസ്റ്റേഴ്സ് മെഗാക്വിസ് സ്കൂൾ, കോളേജ് ആലപ്പുഴ ജില്ലാതല മത്സരം ഫെബ്രുവരി നാലിന് ആലപ്പുഴ സെന്റ് ജോസഫ്സ് വനിതാ കോളേജ് ഓഡിറ്റോറിയത്തിൽ നടക്കും.

ജില്ലാതലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട സ്കൂൾ ടീമുകളുടെ മത്സരം അന്നേദിവസം രാവിലെ നടക്കും. ടീമുകളുടെ രജിസ്ട്രേഷൻ രാവിലെ ഒമ്പത് മണിക്ക് ആരംഭിക്കും. കോളേജ് ടീമുകളുടെ രജിസ്ട്രേഷൻ ഉച്ചയ്ക്ക് 12.30ന് തുടങ്ങും.

സ്കൂൾ തലത്തിലും കോളേജ് തലത്തിലും പ്രാഥമിക തലങ്ങളിൽ പങ്കെടുത്ത് വിജയിച്ചവരുടെ  രണ്ടുപേരടങ്ങുന്ന 40 ടീമുകൾ വീതമാണ് പങ്കെടുക്കുക. ജില്ല തല മത്സരത്തിൽ പ്രാഥമിക റൗണ്ടിൽനിന്നും ഫൈനലിലേക്കുള്ള ആറ് ടീമുകളെ തിരഞ്ഞെടുക്കും. തുടർന്ന് രണ്ടുപേരടങ്ങുന്ന ആറ് ടീമുകൾക്കായി മത്സരം നടത്തി ജില്ലാതല വിജയികളെ കണ്ടെത്തുമെന്ന് ജില്ലാ കളക്ടർ അലക്സ് വർഗീസ് അറിയിച്ചു.

കാണികൾക്കും ശരിയുത്തരം പറഞ്ഞ് സമ്മാനം നേടാൻ അവസരമുണ്ട്. സ്കൂൾ, കോളേജ് വിഭാഗങ്ങളിൽ ജില്ലാതല മത്സരത്തിൽ നിന്ന് വിജയികളാകുന്ന ടീമുകളെ  സംസ്ഥാനതല മത്സരത്തിൽ പങ്കെടുപ്പിക്കും. സംസ്ഥാനതലത്തിൽ നടക്കുന്ന ഗ്രാൻഡ് ഫിനാലെയിലൂടെ അന്തിമ വിജയിയെ കണ്ടെത്തും.

date