കൊച്ചിയിൽ അന്താരാഷ്ട്ര ഊർജ്ജമേളയ്ക്ക് നാളെ തുടക്കമാകും
കേരളത്തെ ഊർജ്ജ സ്വയംപര്യാപ്തതയിലേക്കും സുസ്ഥിരമായ ഹരിത ഭാവിയിലേക്കും നയിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന മൂന്നാമത് അന്താരാഷ്ട്ര ഊർജ്ജമേളയ്ക്ക് ഫെബ്രുവരി 7-ന് കൊച്ചിയിൽ തുടക്കമാകും. രാവിലെ 10-ന് പനങ്ങാട് കുഫോസ് ക്യാമ്പസിലെ പ്രൊഫ. വി.കെ. ദാമോദരൻ നഗറിൽ നടക്കുന്ന ചടങ്ങിൽ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി മേള ഉദ്ഘാടനം ചെയ്യും. കെ. ബാബു എം.എൽ.എ അധ്യക്ഷനാകുന്ന ചടങ്ങിൽ ഊർജ്ജ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി പുനീത് കുമാർ മുഖ്യപ്രഭാഷണം നടത്തും.
സംസ്ഥാന ഊർജ്ജ വകുപ്പിന് കീഴിലുള്ള എനർജി മാനേജ്‌മെന്റ് സെന്റർ 'എംപവറിങ് എനർജി ഫ്യൂച്ചർ' എന്ന പ്രമേയത്തിലാണ് മേള സംഘടിപ്പിക്കുന്നത്.
ഉദ്ഘാടന ചടങ്ങിൽ കുഫോസ് വൈസ് ചാൻസലർ പ്രൊഫ. ഡോ. എ. ബിജുകുമാർ, ഇലക്ട്രിക്കൽ ഇൻസ്പെക്ടർ ജി. വിനോദ്, ഫാക്ടറീസ് ആൻഡ് ബോയിലേഴ്‌സ് ഡയറക്ടർ പി. പ്രമോദ്, എനർജി മാനേജ്‌മെന്റ് സെന്റർ ഡയറക്ടർ ഡോ. ആർ. ഹരികുമാർ തുടങ്ങിയവർ പ്രസംഗിക്കും. ബ്യൂറോ ഓഫ് എനർജി എഫിഷ്യൻസി നടത്തിയ സംസ്ഥാനതല ചിത്രരചന മത്സരത്തിലെ വിജയികൾക്കുള്ള സമ്മാനദാനവും ചടങ്ങിൽ മന്ത്രി നിർവഹിക്കും.
മേളയുടെ പ്രധാന ആകർഷണമായ ഗ്രീൻ എക്സ്പോയിൽ ഊർജ്ജക്ഷമതയുള്ള ഗൃഹോപകരണങ്ങൾ, സൗരോർജ്ജ ഉൽപന്നങ്ങൾ, ഇലക്ട്രിക് വാഹനങ്ങൾ എന്നിവയുടെ വലിയൊരു ശേഖരം തന്നെ പ്രദർശനത്തിനുണ്ടാകും. കൂടാതെ, കുടുംബശ്രീ അംഗങ്ങൾക്കും സംരംഭകർക്കുമായി വൈദ്യുതി ഉപയോഗിച്ചുള്ള ‘ഇ-കുക്കിംഗ്’ പ്രായോഗിക പരിശീലനവും മേളയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.
ഇലക്ട്രിക് വാഹനങ്ങളുടെ സുരക്ഷയെക്കുറിച്ചുള്ള സെഷനുകൾ, ബാർക്കിലെ ( ബി.എ ആർ.സി) മുൻ ശാസ്ത്രജ്ഞർ നയിക്കുന്ന ആണവോർജ്ജ ചർച്ചകൾ എന്നിവയും മേളയുടെ ഭാഗമായി നടക്കും. പ്രവേശനം സൗജന്യമാണ്.
- Log in to post comments