Skip to main content

കിഫ്ബി, പ്ലാൻ ഫണ്ട് എന്നിവ വഴി പൂർത്തിയാക്കിയ സ്‌കൂൾ കെട്ടിടങ്ങളുടെ ഉദ്ഘാടനം ഉടൻ: മന്ത്രി വി. ശിവൻകുട്ടി

കിഫ്ബി, പ്ലാൻ ഫണ്ട് വഴി പൂർത്തിയാക്കിയ സ്കൂൾ കെട്ടിടങ്ങളുടെ ഉദ്ഘാടനം വരും ദിവസങ്ങളിൽ വിപുലമായി നടക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖലയെ ലോകനിലവാരത്തിലേക്ക് ഉയർത്തുക എന്ന ലക്ഷ്യത്തോടെ സർക്കാർ നടപ്പിലാക്കി വരുന്ന പ്രവർത്തനങ്ങൾ അതിന്റെ സുപ്രധാനമായ മറ്റൊരു ഘട്ടത്തിലേക്ക് കടക്കുകയാണ്. 'ഗുണമേന്മയുള്ള വിദ്യാഭ്യാസം എല്ലാ കുട്ടികൾക്കുംഎന്ന നയം പ്രാവർത്തികമാക്കാൻ ആധുനികമായ ഭൗതികസൗകര്യങ്ങൾ അത്യാവശ്യമാണ്. ആ ലക്ഷ്യത്തിലേക്കുള്ള വലിയൊരു ചുവടുവെപ്പാണ് ഇപ്പോൾ പൂർത്തിയായിരിക്കുന്നത്.

നിക്ഷേപവും വികസനവും - ഒറ്റനോട്ടത്തിൽ

കഴിഞ്ഞ പത്ത് വർഷത്തിനിടെ പൊതുവിദ്യാഭ്യാസ മേഖലയിൽ അഭൂതപൂർവ്വമായ നിക്ഷേപമാണ് സർക്കാർ നടത്തിയിട്ടുള്ളത്.

കിഫ്ബി നിക്ഷേപം: 973 വിദ്യാലയങ്ങളിലായി ഏതാണ്ട് 4000 കോടി രൂപയുടെ പദ്ധതികൾ. ഇതിൽ കെട്ടിട നിർമ്മാണത്തിന് മാത്രം 3000 കോടിയുംഹൈടെക് ക്ലാസ്സ് മുറികൾക്കായി 1000 കോടിയും വിനിയോഗിച്ചു.

മറ്റ് ഫണ്ടുകൾ: പ്ലാൻ ഫണ്ട്നബാർഡ്എം.എൽ.എ ഫണ്ട്തദ്ദേശ സ്ഥാപനങ്ങളുടെ ഫണ്ട് എന്നിവ വഴി 5000 കോടിയിലധികം രൂപയുടെ വികസനം.

ആകെ നിക്ഷേപം: കഴിഞ്ഞ ദശകത്തിൽ മാത്രം 9000 കോടിയിലധികം രൂപ വിദ്യാഭ്യാസ മേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിനായി ചെലവഴിച്ചു.

കിഫ്ബി വഴി വിഭാവനം ചെയ്ത 973 വിദ്യാലയങ്ങളിൽ 629 എണ്ണത്തിന്റെ നിർമ്മാണം ഇതിനോടകം പൂർത്തിയായിക്കഴിഞ്ഞു.

- 5 കോടി രൂപയുടെ പദ്ധതിയിൽ 141 സ്‌കൂളുകൾ.

- 3.9 കോടി രൂപയുടെ പദ്ധതിയിൽ 386 സ്‌കൂളുകൾ.

- 1.30 കോടി രൂപയുടെ പദ്ധതിയിൽ 446 സ്‌കൂളുകൾ.

തീരദേശ വികസന കോർപ്പറേഷൻ വഴി 53 സ്‌കൂളുകൾക്കും പുതിയ കെട്ടിടങ്ങൾ ഒരുക്കി.

നിലവിൽ നിർമ്മാണം പൂർത്തിയായ വിദ്യാലയങ്ങളുടെ ഉദ്ഘാടനം വരും ദിവസങ്ങളിൽ വിപുലമായി നടക്കുമെന്ന് മന്ത്രി അറിയിച്ചു.

പ്ലാൻ ഫണ്ടിലും കിഫ്ബി ഫണ്ടിലുമായി ഉൾപ്പെട്ട 111 വിദ്യാലയങ്ങൾ കൂടി ഉദ്ഘാടനത്തിന് സജ്ജമായിട്ടുണ്ട്. (38 കിഫ്ബി വിദ്യാലയങ്ങളും 73 പ്ലാൻ ഫണ്ട് വിദ്യാലയങ്ങളും).ഏതാണ്ട് 200 കോടി രൂപ ചെലവഴിച്ചാണ് ഈ ഘട്ടത്തിലെ നിർമ്മാണങ്ങൾ പൂർത്തിയാക്കിയത്. ഫെബ്രുവരി 25 വയനാട് വെള്ളാർമല സ്‌കൂളിനായി കെട്ടിടം ഉദ്ഘാടനം ചെയ്യുമ്പോൾ മുഴുവൻ കെട്ടിട്ടങ്ങളും ഉദ്ഘാടനം ചെയ്യപ്പെടും.

പൊതുവിദ്യാലയങ്ങളെ ഹൈടെക് ആക്കുന്നതിലൂടെ പാവപ്പെട്ടവനെന്നോ പണക്കാരനെന്നോ വ്യത്യാസമില്ലാതെ എല്ലാ കുട്ടികൾക്കും മികച്ച പഠനാന്തരീക്ഷം ഉറപ്പാക്കാൻ സർക്കാരിന് സാധിച്ചു. ഈ വികസന പ്രവർത്തനങ്ങൾ കേരളത്തിന്റെ വിദ്യാഭ്യാസ ചരിത്രത്തിലെ സുവർണ്ണ അധ്യായമായി മാറും.

പി.എൻ.എക്സ്. 611/2026

date