അമ്പൂരി കുമ്പിച്ചൽക്കടവ് പാലം മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചു
*പൊതുമരാമത്ത് വകുപ്പ് സംസ്ഥാനത്തുടനീളം പൂർത്തിയാക്കിയ 800 കോടി രൂപയുടെ 30 റോഡുകളുടെയും 6 പാലങ്ങളുടെയും ഉദ്ഘാടനവും മുഖ്യമന്ത്രി നിർവ്വഹിച്ചു
പ്രദേശവാസികളുടെ ചിരകാല സ്വപ്നമായിരുന്ന തിരുവനന്തപുരം അമ്പൂരി-കുമ്പിച്ചൽക്കടവ് പാലത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. അമ്പൂരിയിലെ ഒറ്റപ്പെട്ടുപോയ ആദിവാസി മേഖലയിലെ അടിസ്ഥാന ജനവിഭാഗങ്ങളുടെ യാത്ര സുഗമമാക്കുന്നതിന് പുതിയ പാലം വലിയ പങ്കു വഹിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. നെയ്യാർ ഡാം വന്നതോടെ ഒരു തുരുത്തായി മാറിയ തൊടുമലയും സമീപ പ്രദേശങ്ങളും ഉൾപ്പെടെയുള്ള 11 ഊരുകളിലെ ആയിരത്തിലധികം കുടുംബങ്ങൾക്ക് ഇനി കടത്തുവള്ളങ്ങളെ ആശ്രയിക്കാതെ മറ്റ് പ്രദേശങ്ങളുമായി ബന്ധപ്പെടാം. ഇതോടൊപ്പം പൊതുമരാമത്ത് വകുപ്പ് സംസ്ഥാനത്തുടനീളം പൂർത്തിയാക്കിയ 800 കോടി രൂപയുടെ 30 റോഡുകളുടെയും 6 പാലങ്ങളുടെയും ഉദ്ഘാടനവും മുഖ്യമന്ത്രി നിർവ്വഹിച്ചു. പത്തനംതിട്ട തിരുവല്ലയിലെ കോമളം പാലം, തൃശൂരിലെ ചിറയ്ക്കൽ പാലം, എറണാകുളത്തെ ഒനേക്കാവ് പാലം, കണ്ണൂരിലെ കൂഴിച്ചാൽ മീൻതുള്ളി പാലം തുടങ്ങിയവയും മുഖ്യമന്ത്രി നാടിന് സമർപ്പിച്ചു.
253 മീറ്റർ നീളത്തിലും 11 മീറ്റർ വീതിയിലും നിർമ്മിച്ച അമ്പൂരി കുമ്പിച്ചൽകടവ് പാലം സംസ്ഥാനത്തെ തന്നെ വലിയ പാലങ്ങളിലൊന്നാണ്. പരിസ്ഥിതി അനുമതിയും റിസർവോയറിലെ നിർമ്മാണ രീതികളും ഉൾപ്പെടെയുള്ള പ്രതിസന്ധികൾ മറികടന്നാണ് 25 കോടി രൂപ ചെലവിൽ കിഫ്ബി സഹായത്തോടെ ഈ പദ്ധതി പൂർത്തിയാക്കിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിന്റെ വികസനം അസാധ്യമാണെന്ന് കരുതിയിരുന്ന ഒരു കാലമുണ്ടായിരുന്നു. 2016ൽ അധികാരത്തിൽ വന്നപ്പോൾ നാടിന്റെ ഭാവിക്കായി പദ്ധതികൾ നടപ്പാക്കണമെന്ന ഉറച്ച തീരുമാനമാണ് എടുത്തത്. എതിർപ്പുകളെ ശത്രുതയോടെയല്ല കണ്ടത്, മറിച്ച് നാടിന്റെ വികസനത്തിനായി ജനങ്ങളെ ബോധ്യപ്പെടുത്തി മുന്നോട്ടുപോവുകയാണ് ചെയ്തത്. ദേശീയ പാത വികസനത്തിനായി രാജ്യത്ത് ഒരിടത്തും ഇല്ലാത്ത വിധം ഭൂമി ഏറ്റെടുക്കലിനായി 5,600 കോടി രൂപ സംസ്ഥാന സർക്കാർ നാഷണൽ ഹൈവേ അതോറിറ്റിക്ക് നൽകിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. തീരദേശ, മലയോര ഹൈവേകൾക്കായി 10,000 കോടി രൂപയാണ് സംസ്ഥാന സർക്കാർ ചിലവഴിക്കുന്നത്.
സാമൂഹ്യക്ഷേമ രംഗത്ത് കേരളം മാതൃകയാണ്. അമേരിക്കയെക്കാൾ മെച്ചപ്പെട്ട നവജാത ശിശു മരണനിരക്കാണ് കേരളത്തിനുള്ളത്. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ സ്കൂളുകൾ സ്മാർട്ടായി. ആർദ്രം മിഷൻ വഴി ആരോഗ്യമേഖല ആധുനികവൽക്കരിച്ചു. കോവിഡ് കാലത്ത് ലോകരാജ്യങ്ങൾ തകർന്നപ്പോഴും കേരളം പിടിച്ചുനിന്നത് ഇവിടെ സജ്ജീകരിച്ചിരുന്ന മികച്ച ആരോഗ്യ സൗകര്യങ്ങൾ കൊണ്ടാണ്. പാവപ്പെട്ടവരോടുള്ള പ്രതിബദ്ധതയാണ് സർക്കാരിന്റെ നയമെന്നും അതിനാലാണ് 60 ലക്ഷം പേർക്ക് 2,000 രൂപ വീതം പെൻഷൻ കൃത്യമായി നൽകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ലോകത്തിലെ വികസിത രാഷ്ട്രങ്ങളിലെ ജീവിതനിലവാരത്തിലേക്ക് കേരളത്തെ ഉയർത്തുകയാണ് നവകേരള സൃഷ്ടിയിലൂടെ ലക്ഷ്യമിടുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
വികസനത്തിൽ ഒരു മാജിക് തന്നെയാണ് സംസ്ഥാനത്ത് നടക്കുന്നതെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച പൊതുമരാമത്ത് വകുപ്പ് മന്ത്രി പി. എ. മുഹമ്മദ് റിയാസ് പറഞ്ഞു. അഞ്ചു വർഷം കൊണ്ട് 100 പാലങ്ങൾ എന്ന ലക്ഷ്യം മറികടന്ന് 180ൽ ആധികം പാലങ്ങൾ പൂർത്തിയാക്കാൻ സർക്കാരിന് സാധിച്ചു. ഈ പാലങ്ങൾ വെറും നിർമ്മിതികളല്ല, മറിച്ച് ജനങ്ങൾക്ക് ഇടതുപക്ഷ സർക്കാരിനോടുള്ള വിശ്വാസത്തിന്റെ വഴികളാണെന്നും അദ്ദേഹം പറഞ്ഞു. പ്രതിസന്ധികളെ മറികടന്ന് കുമ്പിച്ചൽക്കടവ് പാലം പദ്ധതി പൂർത്തിയാക്കാൻ സി. കെ. ഹരീന്ദ്രൻ എംഎൽഎ നടത്തിയ പരിശ്രമങ്ങളെ മന്ത്രി അഭിനന്ദിച്ചു. പട്ടികജാതി-പട്ടികവർഗ്ഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ. ആർ. കേളു, സി. കെ. ഹരീന്ദ്രൻ എം.എൽ,എ, മറ്റ് ജനപ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
പി.എൻ.എക്സ്. 637/2026
- Log in to post comments