കേരള ആഫ്രിക്ക പ്രവാസ ചരിത്ര പഠനം: നോർക്ക റൂട്ട്‌സും കേരള ചരിത്ര ഗവേഷണ കൗൺസിലും ധാരണ പത്രം ഒപ്പുവച്ചു
കേരളവും ആഫ്രിക്കയുമായുളള പ്രവാസ ചരിത്രത്തെ കുറിച്ച് പഠിക്കാൻ നോർക്ക റൂട്സും, കേരള ചരിത്ര ഗവേഷണ കൗൺസിലും തമ്മിൽ ധാരണ പത്രം ഒപ്പുവച്ചു. മൂന്നാം ലോക കേരള സഭയിൽ ഉയർന്ന നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ചരിത്ര പഠനത്തിന് തുടക്കം കുറിക്കുന്നത്. കേരളവും ആഫ്രിക്കയുമായുളള ബന്ധത്തിന് കടൽയാത്രകളുടെ ചരിത്രത്തോളം ആഴമുണ്ടെങ്കിലും വേണ്ടത്ര പഠനമോ പ്രമാണീകരണമോ, അടയാളപ്പെടുത്തലുകളോ സാധ്യമായിട്ടില്ല. ഈ വിടവു നികത്തുകയാണ് മൈഗ്രേഷൻ പ്രൊഫൈൽ ഓഫ് കേരളൈറ്റ്‌സ് ഇൻ ആഫ്രിക്ക (Migration Profile of Keralites in Africa) എന്ന പ്രൊജക്റ്റിലൂടെ ലക്ഷ്യമിടുന്നത്.
നോർക്ക റൂട്‌സിന്റെ അക്കാദമിക രംഗത്തേക്കുള്ള ആദ്യ ചുവടുവെയ്പു കൂടിയാണ് ഈ പഠനം. നോർക്ക റൂട്ട്‌സ് ആസ്ഥാനമായ നോർക്ക സെന്ററിൽ റസിഡന്റ് വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണന്റെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ കേരള ചരിത്ര ഗവേഷണ കൗൺസിൽ ചെയർപേഴ്‌സൺ പ്രൊഫസർ കെ എൻ ഗണേഷ്, നോർക്ക റൂട്ട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ അജിത് കോളശ്ശേരി എന്നിവർ തമ്മിലാണ് ധാരണാ പത്രം കൈമാറിയത്. ചടങ്ങിൽ നോർക്ക റൂട്‌സ് ജനറൽ മാനേജർ ഉല്ലാസ് കൃഷ്ണൻ, കേരള ചരിത്ര ഗവേഷണ കൗൺസിലിൽ നിന്നും ഡയറക്ടർ പ്രൊഫ. ദിനേശൻ വടക്കിനിയിൽ, പ്രൊജക്റ്റ് പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്റർ സോമി സോളമൻ, ഫിനാൻസ് ഓഫീസർ അലക്‌സ് എന്നിവർ സന്നിഹിതരായി.
പി.എൻ.എക്സ്. 668/2026
- Log in to post comments