ആർത്തവ ശുചിത്വ കാമ്പയിൻ: തൃപ്പൂണിത്തുറയിൽ 400 വിദ്യാർത്ഥികൾക്ക് മെൻസ്‌ട്രുവൽ കപ്പ് വിതരണവും പരിശീലനവും നൽകി
ഹരിത കേരളം മിഷൻ നടപ്പിലാക്കി വരുന്ന ആർത്തവ ശുചിത്വ കാമ്പയിൻ്റെ ഭാഗമായി തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റിയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മെൻസ്‌ട്രുവൽ കപ്പ് ഉപയോഗ പരിശീലനവും വിതരണവും സംഘടിപ്പിച്ചു. വിവിധ കോളേജുകളിൽ നിന്നും സ്കൂളുകളിൽ നിന്നുമായി 400 വിദ്യാർത്ഥികൾ പങ്കെടുത്തു.
മെൻസ്‌ട്രുവൽ കപ്പിന്റെ ശരിയായ ഉപയോഗരീതി, ആരോഗ്യപരമായ ഗുണങ്ങൾ, പരിസ്ഥിതിക്ക് ലഭിക്കുന്ന നേട്ടങ്ങൾ എന്നിവയെക്കുറിച്ച് വിദ്യാർത്ഥികൾക്ക് വിശദമായ പരിശീലനം നൽകി.
ഫെബ്രുവരി 10-ന് തൃപ്പൂണിത്തുറ ഗവൺമെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലായിരുന്നു കാമ്പയിന്റെ തുടക്കം. ഹയർ സെക്കൻഡറി പ്രിൻസിപ്പാൾ മിനി അധ്യക്ഷയായ ചടങ്ങിൽ ഹരിത കേരളം മിഷൻ ജില്ലാ കോഓഡിനേറ്റർ എസ് രഞ്ജിനി പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു. 130 വിദ്യാർത്ഥികൾക്കും ഹരിത കർമ്മസേന അംഗങ്ങൾക്കും ജില്ലാ കോ ഓഡിനേറ്റർ മെൻസ്‌ട്രുവൽ കപ്പുകൾ വിതരണം ചെയ്തു.
ഫെബ്രുവരി 11-ന് രാവിലെ തൃപ്പൂണിത്തുറ ഗവൺമെന്റ് സംസ്കൃത കോളേജിലും ഉച്ചയ്ക്ക് ശേഷം ഗവൺമെന്റ് ആർട്സ് കോളേജിലും പരിശീലന പരിപാടികൾ നടന്നു. സംസ്കൃത കോളേജിൽ പ്രിൻസിപ്പാൾ അമലയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ 70 വിദ്യാർത്ഥികൾ പങ്കെടുത്തു. ആർട്സ് കോളേജിൽ വുമൺ സെൽ കോ ഓഡിനേറ്റർ നിജിയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങ് വൈസ് പ്രിൻസിപ്പാൾ ഉദ്ഘാടനം ചെയ്തു. ഇവിടെ 200 വിദ്യാർത്ഥികളാണ് പരിശീലനത്തിൽ പങ്കുചേർന്നത്. വുമൺ സെൽ കോർഡിനേറ്റർ ഗിരിജ ,
ബ്ലോക്ക് കോഓഡിനേറ്റർമാരായ രത്നാഭായി, ശാലിനി എന്നിവരാണ് വിവിധ സ്ഥാപനങ്ങളിൽ പദ്ധതി വിശദീകരണവും പരിശീലനവും നടത്തിയത്.
- Log in to post comments