അടിസ്ഥാന സൗകര്യ വികസനത്തിൽ വിട്ടുവീഴ്ചയില്ല; വരുന്നത് ഹൈസ്പീഡ് യാത്രകളുടെ കാലമെന്ന് 'വിഷൻ 2031'
സംസ്ഥാന ആസൂത്രണ ബോർഡ് സംഘടിപ്പിച്ച 'വിഷൻ 2031' അന്താരാഷ്ട്ര കോൺഫറൻസിന്റെ ഭാഗമായി നടന്ന 'വളർച്ചയ്ക്കും ആധുനികവൽക്കരണത്തിനുമുള്ള അടിസ്ഥാന സൗകര്യങ്ങൾ' (Infrastructure for Growth and Modernisation) എന്ന സെഷൻ കേരളത്തിന്റെ ഭാവി വികസന പാതയിലേക്കുള്ള വ്യക്തമായ ദിശാസൂചികയായി മാറി.
നഗരവൽക്കരണം സൃഷ്ടിക്കുന്ന വെല്ലുവിളികളെക്കുറിച്ച് സംസാരിച്ച ഐ.ഐ.ടി ബോംബെയിലെ പ്രൊഫസർ ടോം വി. മാത്യു, 2050ഓടെ പകുതിയിലധികം ജനങ്ങൾ നഗരങ്ങളിലാകുന്നത് കണക്കിലെടുത്ത് ഒരു സ്മാർട്ട് ട്രാൻസ്പോർട്ട് സിസ്റ്റം അനിവാര്യമാണെന്ന് ചൂണ്ടിക്കാട്ടി. വിവിധ ഗതാഗത മാർഗ്ഗങ്ങളെ കോർത്തിണക്കുന്ന മൾട്ടി-മോഡൽ ഇന്റഗ്രേഷൻ, സുരക്ഷ, പരിസ്ഥിതി സൗഹൃദം തുടങ്ങിയവയിൽ ഊന്നിയുള്ള വികസനമാണ് അദ്ദേഹം നിർദ്ദേശിച്ചത്. അപകടങ്ങൾ നടന്നാൽ ഡ്രൈവറെ മാത്രം കുറ്റപ്പെടുത്താതെ റോഡിന്റെ പോരായ്മകൾ കൂടി വിശകലനം ചെയ്യുന്ന 'ആക്‌സിഡന്റ് റീകൺസ്ട്രക്ഷൻ' രീതിയും അദ്ദേഹം ശുപാർശ ചെയ്തു.
കേരളത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ പരിഗണിച്ച് ചരക്ക് നീക്കത്തിന് (Freight) തുല്യ പ്രാധാന്യം നൽകണമെന്ന് ചാണക്യ സർവകലാശാലയിലെ പ്രൊഫസർ ജി. രഘുറാം പറഞ്ഞു. സിൽവർ ലൈനോ ആർ.ആർ.ടി.എസ് മാതൃകയിലോ ഉള്ള പുതിയ റെയിൽ ഇടനാഴിയും സംസ്ഥാനത്തിന്റെ വ്യവസായ വളർച്ചയ്ക്ക് അത്യന്താപേക്ഷിതമാണെന്ന് അദ്ദേഹം പറഞ്ഞു. സിയാൽ (CIAL) വിമാനത്താവളത്തിന്റെ മാതൃകയിൽ പൊതു-സ്വകാര്യ പങ്കാളിത്ത പദ്ധതികൾ കൂടുതൽ വ്യാപിപ്പിക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.
റെയിൽവേ ബോർഡ് മുൻ മെമ്പർ സുബോധ് ജെയിൻ പരിസ്ഥിതി സൗഹൃദമായ മാസ് റാപ്പിഡ് ട്രാൻസ്‌പോർട്ട് സിസ്റ്റത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു. കേരളത്തിന് അതിവേഗ റെയിൽ സംവിധാനം അനുയോജ്യമാണെന്നും ഇത് ജനങ്ങളെ കാറുകളിൽ നിന്ന് പൊതുഗതാഗതത്തിലേക്ക് ആകർഷിക്കാൻ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഗതാഗത ആസൂത്രണത്തിൽ വികേന്ദ്രീകൃതമായ രീതി ആവശ്യമാണെന്ന് ഐ.ഐ.ടി പാലക്കാടിലെ ഡോ. ബി. കെ. ഭവത്രതൻ അഭിപ്രായപ്പെട്ടു. പഞ്ചായത്ത് തലത്തിൽ പ്ലാനിംഗ് നടപ്പിലാക്കണമെന്നും കാൽനടയാത്രക്കാർക്ക് അർഹമായ പരിഗണന നൽകുന്ന 'ഗതാഗത നീതി' നടപ്പിലാക്കണമെന്നും അദ്ദേഹം പറഞ്ഞു. നവി മുംബൈയുടെ വികസന മാതൃകകൾ വിശദീകരിച്ച സിഡ്കോ സി.ജി.എം ഗീത പിള്ള, റെയിൽവേ സ്റ്റേഷനുകളോട് ചേർന്ന് വാണിജ്യ സമുച്ചയങ്ങൾ നിർമ്മിച്ച് വരുമാനം കണ്ടെത്തുന്ന രീതി കേരളത്തിനും മാതൃകയാക്കാമെന്ന് പറഞ്ഞു. മൾട്ടിമോഡൽ ഗതാഗതത്തിലെ ഏകോപനം വളർച്ചയുടെ യന്ത്രമാണെന്ന് എ.എം.ടി.ഒ.ഐ പ്രസിഡന്റ് ശാന്തനു ഭദ്കംകർ പറഞ്ഞു. ആവശ്യകത വരുന്നതിന് വളരെ മുമ്പ് തന്നെ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്ന രാജ്യാന്തര മാതൃകകൾ അദ്ദേഹം വിവരിച്ചു.
ഇൻഫ്രാസ്ട്രക്ചർ വികസനം ദാരിദ്ര്യ നിർമ്മാർജ്ജനത്തിന് നേരിട്ട് സഹായിക്കുമെന്ന് ഗ്രാന്റ് തോൺടൺ ഭാരത് LLP പാർട്ണർ രോഹിത് കുമാർ പറഞ്ഞു.സംസ്ഥാനം നടപ്പിലാക്കിയ കിഫ്ബി (KIIFB) മാതൃകയെ അദ്ദേഹം അഭിനന്ദിച്ചു. സെഷന്റെ സമാപന പ്രസംഗത്തിൽ പൊതുമരാമത്ത്-ടൂറിസം വകുപ്പ് സെക്രട്ടറി ബിജു കെ. സംസ്ഥാനത്തെ പ്രധാന പദ്ധതികളുടെ പുരോഗതി വിവരിച്ചു. ദേശീയപാത 66ന്റെ വികസനം ഈ വർഷം പകുതിയോടെ പൂർത്തിയാകുമെന്നും തിരുവനന്തപുരം മുതൽ കാസർഗോഡ് വരെയുള്ള ആർ.ആർ.പി.എസ് (RRPS) പദ്ധതിക്ക് ക്യാബിനറ്റ് അംഗീകാരം ലഭിച്ചത് വലിയ മാറ്റങ്ങൾ കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന ആസൂത്രണ ബോർഡ് അംഗം ഡോ.വർഗീസ് ജോർജ് ചർച്ചയിൽ മോഡറേറ്റർ ആയി. സംസ്ഥാന ആസൂത്രണ ബോർഡ് ജോയിന്റ് ഡയറക്ടർ ധന്യ എസ് നായർ ചടങ്ങിൽ സ്വാഗതം പറഞ്ഞു. ട്രാൻസ്പോർട്ട് സ്പെഷ്യൽ സെക്രട്ടറി പി ബി നൂഹ്, VISL മാനേജിംഗ് ഡയറക്ടർ ദിവ്യ എസ് അയ്യർ തുടങ്ങിയവർ സന്നിഹിതരായി.
പി.എൻ.എക്സ്. 705/2026
- Log in to post comments