വിനോദസഞ്ചാര മേഖലയിൽ പുത്തൻ ഉണർവിനായി നിർദേശങ്ങളുമായി 'വിഷൻ 2031'
സംസ്ഥാന ആസൂത്രണ ബോർഡ് സംഘടിപ്പിച്ച 'വിഷൻ 2031' അന്താരാഷ്ട്ര കോൺഫറൻസിന്റെ ഭാഗമായി നടന്ന 'സാംസ്‌കാരിക വികസനം, പൈതൃകം, വിനോദസഞ്ചാരം' (Cultural Development Heritage & Tourism) എന്ന സെഷനിൽ വിനോദസഞ്ചാര മേഖലയിൽ പുത്തൻ ഉണർവിനായി സുപ്രധാന നിർദ്ദേശങ്ങളുയർന്നു.
കാവുകളും മ്യൂറലുകളും പരമ്പരാഗത കലകളും സംരക്ഷിക്കുന്നത് അടുത്ത തലമുറയോടുള്ള കടമയാണെന്ന് ചലച്ചിത്ര താരം സുഹാസിനി മണിരത്‌നം പറഞ്ഞു. ഗ്രാമങ്ങളിലെ വായനശാലാ സംസ്‌കാരവും ആഗോള സാഹിത്യത്തോടുള്ള മലയാളിയുടെ താൽപ്പര്യവും തന്നെ അത്ഭുതപ്പെടുത്തിയെന്നും അവർ പറഞ്ഞു. കേരളത്തിലെ ചലച്ചിത്ര മേളകൾ ലോകസിനിമയെ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിൽ മാതൃകാപരമായ പങ്കാണ് വഹിക്കുന്നതെന്ന് ചലച്ചിത്ര സംവിധായിക പായൽ കപാഡിയ പറഞ്ഞു. വനിതകൾക്കും പാർശ്വവൽക്കരിക്കപ്പെട്ടവർക്കും സിനിമ നിർമ്മിക്കാൻ സർക്കാർ നൽകുന്ന സഹായങ്ങൾ രാജ്യത്തിന് തന്നെ മാതൃകയാണ്. അന്താരാഷ്ട്ര സിനിമാ നിർമ്മാതാക്കളെ കേരളത്തിലേക്ക് ആകർഷികക്കാൻ നടപടികൾ വേണമെന്നും അവർ കൂട്ടിച്ചേർത്തു. ചോദ്യം ചെയ്യാനും സ്വതന്ത്രമായി ചിന്തിക്കാനുമുള്ള മലയാളിയുടെ കഴിവിനെയാണ് കേരള സംസ്‌കാരമായി കാണേണ്ടതെന്ന് ചലച്ചിത്ര എഡിറ്റർ ബീന പോൾ പറഞ്ഞു. ടൂറിസം എന്നാൽ വെറുമൊരു കാഴ്ചയല്ല, മറിച്ച് അറിവ് പകരലായിരിക്കണം. മ്യൂസിയങ്ങൾ കാലാനുസൃതമായി പരിഷ്‌കരിക്കണമെന്നും കൾച്ചറൽ ലീഡർഷിപ്പ് പരിശീലനം നൽകണമെന്നും ബീനാ പോൾ പറഞ്ഞു.
കൊച്ചി-മുസിരിസ് ബിനാലെ കേരളത്തിന്റെ സാംസ്‌കാരിക ഭൂപടത്തിൽ വരുത്തിയ മാറ്റങ്ങളെക്കുറിച്ച് കേരള ലളിതകലാ അക്കാദമി അധ്യക്ഷൻ മുരളി ചീരോത്ത് സംസാരിച്ചു. പൈതൃക കെട്ടിടങ്ങളെ കലയുടെ വേദികളാക്കി മാറ്റുന്ന രീതി സംസ്ഥാനമെമ്പാടും വ്യാപിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. ചരിത്രസ്മാരകങ്ങളുടെ സംരക്ഷണത്തിൽ പുത്തൻ മാതൃകകൾ വേണമെന്ന് തമിഴ് യൂണിവേഴ്സിറ്റി അസോസിയേറ്റ് പ്രൊഫസർ ഡോ. വി. സെൽവകുമാർ നിർദ്ദേശിച്ചു. വിനോദസഞ്ചാരം കേവലം സാമ്പത്തിക ഘടകങ്ങൾക്കപ്പുറം ജനങ്ങളുടെ അന്തസ്സും സന്തോഷവും വർദ്ധിപ്പിക്കുന്ന ഒന്നായിരിക്കണമെന്ന് യുഎൻ ടൂറിസം ഉപദേഷ്ടാവ് അനീറ്റ മെൻഡരാറ്റ പറഞ്ഞു. പ്രാദേശിക ജനതയെ പങ്കാളികളാക്കിയുള്ള പൈതൃക ടൂറിസം വികസിപ്പിക്കണമെന്നും അവർ കൂട്ടിച്ചേർത്തു.
സ്മാരകങ്ങളുടെ സമഗ്രമായ പട്ടികയുണ്ടാക്കി അവ സംരക്ഷിക്കുക, മ്യൂസിയങ്ങളെ ഡിജിറ്റൽ സാങ്കേതികവിദ്യയിലൂടെ നവീകരിക്കുക, സാംസ്‌കാരിക പരിപാടികളുടെ കലണ്ടർ തയ്യാറാക്കുക, തുടങ്ങിയ പ്രധാന കർമ്മപദ്ധതികൾ സെഷനിൽ നിർദ്ദേശിക്കപ്പെട്ടു. പ്രാദേശിക കലാകാരന്മാർക്കും കരകൗശല തൊഴിലാളികൾക്കും തൊഴിൽ ഉറപ്പാക്കുന്ന രീതിയിൽ ടൂറിസം പദ്ധതികൾ ആവിഷ്‌കരിക്കണമെന്നും നിർദേശമുയർന്നു. റെസ്പോൺസിബിൾ ടൂറിസം സ്ട്രാറ്റജിസ്റ്റ് സോയിറ്റി ബാനർജി, വില്ലേജ് വേയ്‌സ് ഫൗണ്ടിംഗ് ഡയറക്ടർ മനീഷ പാണ്ഡെ, പ്രൊഫ. കെ.ടി. രവീന്ദ്രൻ എന്നിവരും ചർച്ചയിൽ പങ്കെടുത്തു.
സംസ്ഥാന ആസൂത്രണ ബോർഡ് ജോയിന്റ് ഡയറക്ടർ ധന്യ എസ് നായർ ചടങ്ങിൽ സ്വാഗതം പറഞ്ഞു. സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ മുഖ്യ പ്രഭാഷണം നടത്തിയ സെഷനിൽ സംസ്ഥാന ആസൂത്രണ ബോർഡ് അംഗം സന്തോഷ് ജോർജ് കുളങ്ങര മോഡറേറ്ററായി.
സംസ്‌കാരിക വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി ഡോ രാജൻ എൻ ഖോബ്രഗഡെ ചർച്ചയുടെ സംഗ്രഹം അവതരിപ്പിച്ചു. പൊതുമരാമത്ത് - ടൂറിസം വകുപ്പ് സെക്രട്ടറി ബിജു കെ., ടൂറിസം ഡയറക്ടർ ശിഖ സുരേന്ദ്രൻ, സാംസ്‌കാരിക വകുപ്പ് ഡയറക്ടർ ദിവ്യ എസ്. അയ്യർ തുടങ്ങിയവർ സന്നിഹിതരായി.
പി.എൻ.എക്സ്. 706/2026
- Log in to post comments