സംസ്‌കാരത്തെ നാടിന്റെ സാമ്പത്തിക വളർച്ചയെ ഉത്തേജിപ്പിക്കുന്ന സജീവ മൂലധനമായി മാറ്റണം: മന്ത്രി സജി ചെറിയാൻ
കലയെയും സംസ്‌കാരത്തെയും വെറുമൊരു ആഘോഷമായി കാണുന്ന രീതി മാറി, നാടിന്റെ സാമ്പത്തിക വളർച്ചയെ ഉത്തേജിപ്പിക്കുന്ന സജീവ മൂലധനമായി (Culture as Capital) മാറ്റുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. സംസ്ഥാന ആസൂത്രണ ബോർഡ് സംഘടിപ്പിച്ച 'വിഷൻ 2031' അന്താരാഷ്ട്ര കോൺഫറൻസിൽ 'സാംസ്‌കാരിക വികസനം, പൈതൃകം, ടൂറിസം' (Cultural development, heritage and tourism) എന്ന സെഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളം അതിന്റെ വികസന ചരിത്രത്തിലെ സുപ്രധാനമായ ഒരു ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. മിഷൻ 2031 എന്നത് വരാനിരിക്കുന്ന ദശകത്തിൽ നമ്മുടെ ജനാധിപത്യത്തെയും വികസനത്തെയും സംരക്ഷിക്കാനുള്ള കൃത്യമായ കർമ്മരേഖയാണെന്നും മന്ത്രി പറഞ്ഞു.
കലയെയും സാഹിത്യത്തെയും ഉപയോഗപ്പെടുത്തി പരമാവധി തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന മേഖലയായി സാംസ്‌കാരിക മേഖലയെ മാറ്റിയെടുക്കും. ഡിജിറ്റൽ സാങ്കേതികവിദ്യയുടെ സഹായത്തോടെ പൈതൃക പദ്ധതികളെ നവീകരിച്ച് പുതുതലമുറയ്ക്ക് കൈമാറണം. മുസിരിസ്, ആലപ്പുഴ ഹെറിറ്റേജ് പ്രോജക്റ്റുകൾ ഇതിന് ഉദാഹരണമാണ്. വിനോദസഞ്ചാരത്തെ വെറും കാഴ്ചകളിൽ നിന്ന് മാറ്റി സഞ്ചാരികൾക്ക് നാടിന്റെ തനിമ അനുഭവിക്കാൻ കഴിയുന്ന 'എക്‌സ്പീരിയൻഷ്യൽ ടൂറിസം' രീതിയിലേക്ക് മാറ്റുന്ന പ്രവർത്തനങ്ങളാണ് ചർച്ച ചെയ്യേണ്ടത്. കേരള ടൂറിസത്തിന്റെ ആഗോള ഡിജിറ്റൽ സാന്നിധ്യം പോലെ മറ്റു മേഖലകളിലും ഇത്തരം സാധ്യതകൾ പ്രയോജനപ്പെടുത്തണം. പ്രാദേശിക കലാകാരന്മാർക്കും കരകൗശല വിദഗ്ധർക്കും ആഗോള വിപണി ഉറപ്പാക്കുന്ന ഡിജിറ്റൽ പ്ലാറ്റ്ഫോം സജ്ജമാക്കുന്നതിലൂടെ ശക്തമായ ഒരു ക്രിയേറ്റീവ് ഇക്കോണമി കെട്ടിപ്പടുക്കാൻ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.
സാംസ്‌കാരിക പ്രവർത്തനങ്ങളെ വികേന്ദ്രീകൃത ജനാധിപത്യത്തിന്റെ ഭാഗമാക്കുക എന്നതാണ് മറ്റൊരു പ്രധാന ലക്ഷ്യം. ഓരോ തദ്ദേശ സ്ഥാപനങ്ങളിലും സാംസ്‌കാരിക ബോധവൽക്കരണം എത്തിക്കാൻ സർക്കാർ പദ്ധതിയിടുന്നുണ്ട്. യുനെസ്‌കോയുടെ 'സിറ്റി ഓഫ് ലിറ്ററേച്ചർ' പദവി ലഭിച്ച കോഴിക്കോട് നഗരത്തെപ്പോലെ കേരളത്തിലെ മറ്റു നഗരങ്ങൾക്കും ഭാവിയിൽ ക്രിയേറ്റീവ് സിറ്റീസ് നെറ്റ്വർക്കിന്റെ ഭാഗമാകാൻ സാധിക്കും. വരുംകാല വെല്ലുവിളികൾ നേരിടാൻ ശാസ്ത്രീയമായ ഒരു സാംസ്‌കാരിക നയം രൂപീകരിക്കും. കേരളത്തിന്റെ അഭിമാനമായ കലാമണ്ഡലത്തെ ലോകോത്തര നിലവാരമുള്ള വികേന്ദ്രീകൃത യൂണിവേഴ്‌സിറ്റിയായി മാറ്റാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു. എല്ലാ പഞ്ചായത്തുകളിലും കലാപരിപാടികൾക്കായി സ്ഥിരം സാംസ്‌കാരിക ഇടങ്ങൾ ഉണ്ടാകണമെന്നും സാമ്പത്തിക പ്രയാസങ്ങൾക്കിടയിലും 'നാട്ടരങ്ങ്' പോലുള്ള പദ്ധതികൾ വ്യാപിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
മലയാളം മിഷന്റെ ആഭിമുഖ്യത്തിൽ ലോകമെമ്പാടുമുള്ള മലയാളി സമൂഹത്തിലേക്ക് സാംസ്‌കാരിക പ്രവർത്തനങ്ങൾ എത്തിക്കും. സംസ്ഥാനത്തെ ലൈബ്രറികളെ സാംസ്‌കാരിക വകുപ്പുമായി ബന്ധിപ്പിക്കുന്നത് ഭാവി പ്രവർത്തനങ്ങൾക്ക് കരുത്താകും. യുവജനങ്ങൾക്കായി കൾച്ചർ ഗ്രൂപ്പുകളും വീട്ടമ്മമാർക്കും മുതിർന്ന പൗരന്മാർക്കുമായി പ്രത്യേക സാംസ്‌കാരിക ക്ലബ്ബുകളും യാഥാർത്ഥ്യമാക്കുമെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാന ആസൂത്രണ ബോർഡ് ജോയിന്റ് ഡയറക്ടർ ധന്യ എസ് നായർ ചടങ്ങിൽ സ്വാഗതം പറഞ്ഞു. പ്ലാനിംഗ് ബോർഡ് മെമ്പർ സന്തോഷ് ജോർജ് കുളങ്ങര മോഡറേറ്ററായ സെഷനിൽ സുഹാസിനി മണിരത്നം, പായൽ കപാഡിയ, ബീന പോൾ, മുരളി ചീരോത്ത്, ഡോ. വി. സെൽവകുമാർ, അനീറ്റ മെൻഡരാറ്റ, സോയിറ്റി ബാനർജി, മനീഷ പാണ്ഡെ, പ്രൊഫ. കെ.ടി. രവീന്ദ്രൻ എന്നിവർ സംസാരിച്ചു. പൊതുമരാമത്ത്, ടൂറിസം വകുപ്പ് സെക്രട്ടറി ബിജു കെ., ടൂറിസം ഡയറക്ടർ ശിഖ സുരേന്ദ്രൻ, സാംസ്‌കാരിക വകുപ്പ് ഡയറക്ടർ ദിവ്യ എസ്. അയ്യർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.
പി.എൻ.എക്സ്. 707/2026
- Log in to post comments