മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് ആനുകൂല്യങ്ങൾ വിതരണം ചെയ്തു
സംസ്ഥാന മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ നേതൃത്വത്തിൽ വിരമിച്ച മത്സ്യത്തൊഴിലാളികൾക്കും അവരുടെ കുടുംബങ്ങൾക്കുമായുള്ള വിവിധ ധനസഹായങ്ങളുടെ വിതരണോദ്ഘാടനം എച്ച് സലാം എംഎൽഎ നിർവഹിച്ചു. വണ്ടാനം ടി ഡി മെഡിക്കൽ കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷൻ അംഗം സി ഷാംജി അധ്യക്ഷനായി.
1.75 കോടി രൂപയുടെ ആനുകൂല്യങ്ങളാണ് വിവിധ പദ്ധതികളിലായി ഗുണഭോക്താക്കൾക്ക് കൈമാറിയത്. 54 പേർക്ക് പെൺമക്കളുടെ വിവാഹ ധനസഹായമായി 25,000 രൂപ വീതവും, മരണപ്പെട്ട 26 മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങൾക്ക് 15000 രൂപ വീതമുള്ള മരണാനന്തര സഹായവും വിതരണം ചെയ്തു. കൂടാതെ രണ്ട് കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ വീതമുള്ള ഇൻഷുറൻസ് തുകയും, അയ്യായിരത്തിലധികം പേർക്ക് 2,500 രൂപ മുതൽ 7,500 രൂപ വരെയുള്ള മറ്റ് ആനുകൂല്യങ്ങളും വിതരണം ചെയ്തു.
ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. മനീഷ്, ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ അഡ്വ. ആർ രാഹുൽ, ജില്ലാ പഞ്ചായത്തംഗം എ ആർ കണ്ണൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം ടി ഷാജിമോൻ, മത്സ്യ സംസ്കരണ തൊഴിലാളി യൂണിയൻ (സിഐടിയു) ദേശീയ കൗൺസിൽ അംഗം യു രാജുമോൻ, ഫിഷറീസ് ഓഫീസർ മേരി ചെറിയാൻ, ക്ഷേമനിധി ബോർഡ് റീജിയണൽ എക്സിക്യൂട്ടീവ് പി ആർ കുഞ്ഞച്ചൻ തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments