ലൈസൻസ് അപേക്ഷയും പുതുക്കലും കരാറുകാരുടെ അവകാശം : 15 ദിവസത്തിനുള്ളിൽ തീരുമാനമെടുക്കണമെന്ന് സർക്കാർ വിജ്ഞാപനം
പൊതുമരാമത്ത് കോൺട്രാക്ടർമാരുടെ ലൈസൻസ് അപേക്ഷയും പുതുക്കലും പ്രത്യേക സേവനങ്ങളുടെ പരിധിയിൽ ഉൾപ്പെടുത്തി സർക്കാർ വിജ്ഞാപനമിറക്കി. പൊതുമരാമത്ത് വകുപ്പിലെ വിവിധ പ്രവൃത്തികൾ ഏറ്റെടുക്കുന്ന കരാറുകാരുടെ ഏറെക്കാലത്തെ ആവശ്യമാണ് ഇതോടെ നടപ്പിലാകുന്നത്.
കരാറുകാരുടെ ലൈസൻസിനുള്ള അപേക്ഷ സമർപ്പിക്കൽ, ലൈസൻസ് പുതുക്കൽ എന്നിവയാണ് പൊതുജനങ്ങൾക്ക് നൽകുന്ന പ്രത്യേക സേവനങ്ങളുടെ പരിധിയിൽ ഉൾപ്പെടുത്തിയത്. ലൈസൻസിനുള്ള അപേക്ഷകളിൽ 15 ദിവസത്തിനുള്ളിൽ നടപടി സ്വീകരിക്കണമെന്ന് വിജ്ഞാപനത്തിൽ പറയുന്നു. പൊതുമരാമത്ത് വകുപ്പിന്റെ നിയമങ്ങൾക്കും ചട്ടങ്ങൾക്കും വിധേയമായിട്ടാണ് അപേക്ഷ സമർപ്പിക്കുന്നതെന്ന സമ്മതപത്രവും കരാറുകാർ സമർപ്പിക്കേണ്ടതാണ്. അല്ലാത്തപക്ഷം അപേക്ഷ നിരസിക്കുവാനും ഉദ്യോഗസ്ഥർക്ക് അധികാരമുണ്ടായിരിക്കും.
കേരളത്തിലെ പൊതുമരാമത്ത് കരാറുകാരുടെ ഏറെക്കാലത്തെ ആവശ്യത്തിലാണ് സർക്കാർ പച്ചക്കൊടി കാണിച്ചിരിക്കുന്നത്. കരാറുകാർ നേരിടുന്ന പ്രശ്‌നങ്ങൾ മനസിലാക്കി അതാത് സമയം ഇടപെടുന്നതിന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ നേതൃത്വത്തിൽ കരാർ സംഘടനകളുടെ യോഗങ്ങൾ ചേർന്നിരുന്നു. തുടർന്ന് മന്ത്രിയുടെ നിർദ്ദേശ പ്രകാരം ഒരു കമ്മിറ്റിയെ ചുമതലപ്പെടുത്തി. ആ കമ്മിറ്റിയിൽ ഉയർന്നുവന്ന പ്രധാന നിർദ്ദേശങ്ങൾ ഓരോന്നായി സർക്കാർ നടപ്പിലാക്കി വരികയാണ്. രണ്ട് തവണ റിവിഷൻ നടപ്പിലാക്കിയത് ഇതിന്റെ ഭാഗമായിട്ടായിരുന്നു. ലൈസൻസ് പുതുക്കുന്നതിലും പുതിയ ലൈസൻസിനുള്ള അപേക്ഷ സ്വീകരിക്കുന്നതിലും ഉണ്ടാകുന്ന കാലതാമസം ഒഴിവാക്കണമെന്ന കരാറുകാരുടെ ദീർഘകാലത്തെ ആവശ്യത്തിനും ഇപ്പോൾ പരിഹാരമാവുകയാണ്.
പി.എൻ.എക്സ്. 802/2026
- Log in to post comments