Skip to main content

സാന്ത്വനമേകാന്‍ സാന്ത്വനമിത്രങ്ങള്‍ വീട്ടിലെത്തും; പദ്ധതിക്ക് ജില്ലയില്‍ തുടക്കം വീട്ടിലെ കിടപ്പുരോഗികളെയും വയോധികരെയും പരിചരിക്കാന്‍ ഇനി പരിശീലനം ലഭിച്ച 'സാന്ത്വനമിത്രങ്ങള്‍' വീടുകളില്‍ എത്തും. തദ്ദേശഭരണ സ്ഥാപനങ്ങളുടെ പരിധിയിലുള്ള കിടപ്പുരോഗികള്‍ക്കും

 

വീട്ടിലെ കിടപ്പുരോഗികളെയും വയോധികരെയും പരിചരിക്കാന്‍ ഇനി പരിശീലനം ലഭിച്ച 'സാന്ത്വനമിത്രങ്ങള്‍' വീടുകളില്‍ എത്തും. തദ്ദേശഭരണ സ്ഥാപനങ്ങളുടെ പരിധിയിലുള്ള കിടപ്പുരോഗികള്‍ക്കും നിസഹായാവസ്ഥയിലുള്ള കുടുംബങ്ങള്‍ക്കും ആശ്വാസമേകുന്ന സാന്ത്വനമിത്രം പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി. വിജ്ഞാന കേരളവും കുടുംബശ്രീയും സംയുക്തമയാണ് പദ്ധതി നടപ്പിലാക്കുന്നത്.  ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ മികച്ച കെയര്‍ ഗിവര്‍മാരെ വാര്‍ത്തെടുക്കുകയാണ് കുടുംബശ്രീ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

ഈ രംഗത്ത് താല്‍പര്യവും സേവന മനോഭാവവുമുള്ള വ്യക്തികളെ കണ്ടെത്തി അവര്‍ക്ക് ശാസ്ത്രീയമായ നൈപുണ്യ പരിശീലനം നല്‍കിയാണ് സജ്ജരാക്കുന്നത്. കേവലം ഒരു സഹായി എന്നതിലുപരി, രോഗീപരിചരണത്തില്‍ അടിസ്ഥാന അറിവുള്ളവരാകും ഈ കെയര്‍ ഗിവര്‍മാര്‍. കിടപ്പുരോഗികള്‍ക്ക് പുറമെ ആശുപത്രിയില്‍ കൂട്ടിരിപ്പിന് ആളില്ലാത്തവര്‍, പ്രസവാനന്തര ശുശ്രൂഷ ആവശ്യമുള്ളവര്‍, ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്കും ഇവരുടെ സേവനം പ്രയോജനപ്പെടുത്താം. ആവശ്യക്കാര്‍ക്ക് പാര്‍ട്ട് ടൈം ആയോ പൂര്‍ണ്ണമായോ ഇവരുടെ സേവനം ലഭ്യമാകും. സേവനങ്ങള്‍ക്ക് നിശ്ചിത തുക ഈടാക്കും.

പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ചെറുവത്തൂര്‍ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തില്‍ മെഡിക്കല്‍ ഓഫീസര്‍ ടി.എ രാജ്മോഹനന്‍ നിര്‍വഹിച്ചു. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പി.കെ മധു അധ്യക്ഷതവഹിച്ചു. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പി.എം തോമസ്, പബ്ലിക് ഹെല്‍ത്ത് നേഴ്‌സ് പി.സുമ എന്നിവര്‍ സംസാരിച്ചു.

പാലിയേറ്റിവ് കെയര്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ഷിജി ശേഖര്‍, സ്റ്റാഫ് നേഴ്‌സ് പി.രഞ്ജിനി, കമ്മ്യൂണിറ്റി നഴ്‌സ് ടി.പി ശര്‍മിള, സ്റ്റാഫ് നഴ്‌സ് മിനി ജോസഫ് എന്നിവര്‍ ക്ലാസ്സുകള്‍ കൈകാര്യം ചെയ്തു. കുടുംബശ്രീ ബ്ലോക്ക് കോര്‍ഡിനേറ്റര്‍ എ.ജ്യോതിഷ് സ്വാഗതവും സ്റ്റാഫ് നേഴ്‌സ് പി.രഞ്ജിനി നന്ദിയും പറഞ്ഞു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ പദ്ധതി വരും ദിവസങ്ങളില്‍ ജില്ലയിലെ മറ്റു പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കാനാണ് തീരുമാനമെന്ന് ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ കെ. രതീഷ് കുമാര്‍ പറഞ്ഞു.
 

date