Skip to main content

മന്ത്രി ജി ആർ അനിൽ പാലു കാച്ചി; 'ലൈഫ്' പദ്ധതിയുടെ തണലിൽ കോമളകുമാരിയുടെ കുടുംബത്തിന് പുതുജീവിതം

*ലൈഫിൽ പൂർത്തിയാകുന്നത് അഞ്ച് ലക്ഷം വീടുകൾ

തിരുവനന്തപുരം കാച്ചാണി അനിഴം വീട്ടിൽ കോമളകുമാരിക്കും വേണുഗോപാൽ സോമൻനായർക്കും മകൻ അഖിലിനും സന്തോഷത്തിന്റെ അപൂർവ നിമിഷമായി ഗൃഹപ്രവേശം. സംസ്ഥാന ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആർ അനിൽ നേരിട്ടെത്തി പുതിയ വീട്ടിൽ പാലുകാച്ചിയാണ് ഗൃഹപ്രവേശന ചടങ്ങ് നടന്നത്.

സംസ്ഥാന സർക്കാരിന്റെ സമഗ്ര ഭവന പദ്ധതിയായ ലൈഫ് മിഷൻ മുഖേനയാണ് കുടുംബത്തിന് വീട് ലഭിച്ചത്. സംസ്ഥാനത്ത് അഞ്ച് ലക്ഷം കുടുംബങ്ങൾക്ക് വീടൊരുങ്ങിയ ചരിത്രഘട്ടത്തിലാണ് മന്ത്രിയുടെ സന്ദർശനം ശ്രദ്ധേയമായത്.

കുടുംബത്തിന്റെ ദീർഘകാല സ്വപ്നമായിരുന്ന സ്വന്തം വീട് യാഥാർത്ഥ്യമാക്കാൻ പദ്ധതിയിലൂടെ 4 ലക്ഷം രൂപയാണ് സംസ്ഥാന സർക്കാർ അനുവദിച്ചത്. ലളിതവും സൗകര്യപ്രദവുമായ വീട് കുടുംബത്തിന് സുരക്ഷിതമായ അഭയം നൽകുന്നതായി മന്ത്രി ജി ആർ അനിൽ പറഞ്ഞു. ലൈഫ് പദ്ധതിയിലൂടെ ഭവനരഹിതർക്കും പാർപ്പിടസുരക്ഷയില്ലാത്തവർക്കും മാന്യമായ ജീവിത സാഹചര്യം ഒരുക്കുക എന്നതാണ് ലക്ഷ്യമെന്നും ഈ രംഗത്ത് സംസ്ഥാന സർക്കാർ മാതൃകാപരമായ മുന്നേറ്റമാണ് കൈവരിച്ചിരിക്കുന്നതെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

കൃത്യസമയത്ത് ഭവന നിർമാണത്തിനായി പണം അനുവദിച്ചതിൽ സംസ്ഥാന സർക്കാരിനോട് നന്ദി അറിയിക്കുന്നതായി കോമളകുമാരി പറഞ്ഞു. അഞ്ച് ലക്ഷം പേർക്ക് വീടൊരുങ്ങി എന്നത് സന്തോഷകരമാണ്. കൂടുതൽ പേർക്ക് ലൈഫ് പദ്ധതിയുടെ അനുകൂല്യം ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും അവർ അഭിപ്രായപ്പെട്ടു. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും നാട്ടുകാരും ചടങ്ങിൽ പങ്കെടുത്തു.

പി.എൻ.എക്സ്. 846/2026

date