Skip to main content

ദിശ മേഖലാ തൊഴിൽമേള : 167 പേർക്ക് മികച്ച കമ്പനികളിൽ ജോലി ലഭിച്ചു

349 പേർ ചുരുക്കപ്പട്ടികയിൽ

പട്ടികജാതി പട്ടികവർഗ വകുപ്പും തിരുവനന്തപുരം ജില്ലാ പഞ്ചായത്തും നെടുമങ്ങാട് നഗരസഭയും ഉന്നതി വിജ്ഞാനകേരളവും സംയുക്തമായി പട്ടികജാതി പട്ടിക വർഗ വിഭാഗത്തിൽപ്പെട്ട തൊഴിലന്വേഷകർക്കായി  സംഘടിപ്പിച്ച ദിശ 2026 മേഖലാ തൊഴിൽമേളയിൽ 167 പേർക്ക് നിയമനം ലഭിച്ചു. 349 പേർ ചുരുക്കപ്പട്ടികയിൽ ഇടം നേടി. നെടുമങ്ങാട് ടൗൺ ഹാളിൽ നടന്ന തൊഴിൽമേള പട്ടികജാതി പട്ടിക വർഗ വകുപ്പ് മന്ത്രി ഒ ആർ കേളു ഉദ്ഘാടനം ചെയ്തു.

38 പ്രമുഖ കമ്പനികൾ തൊഴിൽ ദാതാക്കളായി എത്തിയ തൊഴിൽമേളയിൽ പങ്കെടുത്ത 505 പേരും പട്ടികജാതി - പട്ടികവർഗ-ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ടവരാണ്. നോളെജ് ഇക്കോണമി മിഷന്റെ വെബ്സൈറ്റ് ആയ ഡി ഡബ്ല്യു എം എസിൽ രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികളാണ്‌ തൊഴിൽ മേളയിൽപങ്കെടുത്തത്. രജിസ്റ്റർ ചെയ്യാത്ത ഉദ്യോഗാർത്ഥികൾക്കായി സ്പോട്ട് രജിസ്ട്രേഷൻ സംവിധാനവും ഒരുക്കിയിരുന്നു.

ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ദിശ 2006 എന്ന പേരിൽ തിരുവനന്തപുരം ജില്ലയിൽ നാല് മേഖല തൊഴിൽമേളകളാണ് സംഘടിപ്പിക്കുന്നത്. ആദ്യതൊഴിൽമേള പൂജപ്പുര എൽബിഎസിൽ നടന്നു. പട്ടികജാതി - പട്ടികവർഗ വിഭാഗത്തിൽപെട്ട ഉദ്യോഗാർഥികൾക്കായുള്ള തൊഴിൽമേളയാണ് നെടുമങ്ങാട് സംഘടിപ്പിച്ചത്. തൊഴിലന്വേഷകർക്ക് നൈപുണ്യപരിശീലനം നൽകി തൊഴിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ പട്ടികജാതി-പട്ടികവർഗ വകുപ്പുകളുടെ നേതൃത്വത്തിലും ഉന്നതി പദ്ധതിയുടെ ഭാഗമായും സ്‌കില്ലിങ്, ഇന്റേൺഷിപ്പ്, അപ്രന്റിസ്ഷിപ്പ് പരിപാടികൾ ജില്ലയിൽ സംഘടിപ്പിച്ചുവരികയാണ്. 

നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ ബൈജുകുമാർ അധ്യക്ഷനായ പരിപാടിയിൽ നെടുമങ്ങാട് മുനിസിപ്പാലിറ്റി ചെയർമാൻ അഡ്വ.ആർ ജയദേവൻ, വൈസ് ചെയർപേഴ്സൺ അഡ്വ. ലക്ഷ്മി സുരാജ്, സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർപേഴ്സൺമാരായ ലിസി വിജയൻ, ശ്രീകേഷ് എം, എസ് എസ് ബിജു, സബീന ബീവി, സി സാബു, വിജ്ഞാനകേരളം ഡിഎംസി പി വി ജിൻരാജ്, കുടുംബശ്രീ ഡിപിഎം മുഹമ്മദ് സാജിദ്, സി ഡി എസ് ചെയർപേഴ്സൺമാരായ ആതിര ശിവൻ, സിന്ധു കമാരി, സിന്ധു മനോഹർ, മറ്റ് ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

പി.എൻ.എക്സ്. 848/2026

date