Skip to main content

ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്‌സിറ്റി 'ഒപ്പം' ഭവന നിര്‍മാണ പദ്ധതി   സംസ്ഥാനതല ഉദ്ഘാടനം   8-ന്  

    ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയിലെ  ഭവനരഹിതരായ അര്‍ഹരായ പഠിതാക്കള്‍ക്കായി നടപ്പിലാക്കുന്ന 'ഒപ്പം' ഭവന നിര്‍മാണ പദ്ധതിയുടെ   ഉദ്ഘാടനം  മാര്‍ച്ച് എട്ടിന് വൈകിട്ട് മൂന്നിന് വെളിയത്ത് നടക്കും.  ധനകാര്യ വകുപ്പ് മന്ത്രി   കെ. എന്‍. ബാലഗോപാല്‍   ഉദ്ഘാടനം ചെയ്യും.    ‘പഠനത്തോടൊപ്പം ഒരു അടച്ചുറപ്പുള്ള വീട്' എന്ന ലക്ഷ്യത്തോടെ ആരംഭിച്ച 'ഒപ്പം' പദ്ധതിയുടെ രണ്ടാം ഘട്ടത്തില്‍ 14 പഠിതാക്കള്‍ക്കാണ്     ഭവനങ്ങള്‍ ഒരുക്കുക.
യൂണിവേഴ്‌സിറ്റിയുടെ സോഷ്യല്‍ വെല്‍ഫെയര്‍ ഫണ്ടില്‍ നിന്നും തുക കണ്ടെത്തിയാണ്  പദ്ധതി നടപ്പാക്കുന്നത്. ഓരോ പഠിതാവിനും വീട് നിര്‍മാണത്തിനായി നിശ്ചിത തുക ഗഡുക്കളായി അനുവദിക്കും. അര്‍ഹരായ മുഴുവന്‍ ഭവനരഹിത പഠിതാക്കള്‍ക്കും വരും വര്‍ഷങ്ങളില്‍ വീട് നിര്‍മിച്ചു നല്‍കാനാണ്  ലക്ഷ്യമിടുന്നതെന്ന് ഫിനാന്‍സ് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനും സിന്‍ഡിക്കേറ്റ് അംഗവുമായ അഡ്വ. വി പി പ്രശാന്ത്  പറഞ്ഞു.

കഴിഞ്ഞ വര്‍ഷം 15 പേര്‍ക്ക് വീട് നല്‍കിക്കൊണ്ട് മുഖ്യമന്ത്രി  പിണറായി വിജയനാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. അക്കാദമിക് പ്രവര്‍ത്തനങ്ങള്‍ക്കപ്പുറം പഠിതാക്കളുടെ മൗലികമായ ആവശ്യങ്ങളില്‍ ഇടപെടാന്‍ കഴിയുന്നത് അഭിമാനമാണെന്ന് വൈസ് ചാന്‍സിലര്‍ പ്രൊഫ. ഡോ. വി.പി. ജഗതി രാജ് പറഞ്ഞു. പരിപാടിയില്‍ ജനപ്രതിനിധികളും, യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റ് അംഗങ്ങളും  ഉദ്യോഗസ്ഥരും പങ്കെടുക്കും.
 

 

date