Skip to main content

ക്ഷേമ ബോർഡുകളുടെ സാമൂഹിക സുരക്ഷാ വ്യാപ്തി: ‘കിലെ’യുടെ പഠന റിപ്പോർട്ട് മന്ത്രി വി. ശിവൻകുട്ടി പ്രകാശനം ചെയ്തു

കേരള സർക്കാർ തൊഴിൽ വകുപ്പിന് കീഴിലുള്ള കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലേബർ ആൻഡ് എംപ്ലോയ്മെന്റ് (കിലെ) തയ്യാറാക്കിയ സമഗ്രമായ പഠന റിപ്പോർട്ട് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി. ശിവൻകുട്ടി പ്രകാശനം ചെയ്തു. തൊഴിൽ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന 16 ക്ഷേമ ബോർഡുകളുടെ സാമൂഹിക സുരക്ഷാ വ്യാപ്തിയെക്കുറിച്ചാണ് കിലെ ഈ പഠനം നടത്തിയത്.

സംസ്ഥാനത്തെ അസംഘടിത മേഖലയിലെ സാധാരണക്കാരായ തൊഴിലാളികൾക്ക് വലിയൊരു കൈത്താങ്ങായി നിലകൊള്ളുന്ന ക്ഷേമ ബോർഡുകൾ നമ്മുടെ സാമൂഹിക സുരക്ഷാ വലയത്തിന്റെ നട്ടെല്ലാണെന്ന് മന്ത്രി പറഞ്ഞു. മാറുന്ന കാലത്തിനനുസരിച്ച് ഈ ബോർഡുകളുടെ പ്രവർത്തനം എത്രത്തോളം ഫലപ്രദമാണെന്നും ഏതൊക്കെ മേഖലകളിൽ ഇനിയും മെച്ചപ്പെടുത്തലുകൾ ആവശ്യമാണെന്നും കൃത്യമായി മനസ്സിലാക്കാൻ ഈ പഠനം സഹായിക്കും. തൊഴിലാളികളുടെ ജീവിതനിലവാരത്തിൽ ഈ ആനുകൂല്യങ്ങൾ വരുത്തുന്ന മാറ്റങ്ങളെക്കുറിച്ച് റിപ്പോർട്ട് വിശദമായി പ്രതിപാദിക്കുന്നുണ്ട്. ഈ കണ്ടെത്തലുകൾ വരും ദിവസങ്ങളിൽ വകുപ്പിന്റെ നയരൂപീകരണത്തിൽ വലിയ പങ്കുവഹിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

കിലെ ചെയർമാൻ കെ. എൻ. ഗോപിനാഥ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സ്‌പെഷ്യൽ സെക്രട്ടറി (തൊഴിലും നൈപുണ്യവും വകുപ്പ്) ഷാനവാസ് എസ് മുഖ്യപ്രഭാഷണം നടത്തി. കിലെ എക്‌സിക്യൂട്ടീവ് ഡയറക്ടർ സുരേഷ് കുമാർ ഡി., അനലിറ്റിക്കൽ എക്‌സ്‌പെർട്ട് വിനോജ് എബ്രഹാം, സീനിയർ ഫെല്ലോ ജെ. എൻ. കിരൺ, കിലെ എക്‌സിക്യൂട്ടീവ് കൗൺസിൽ അംഗങ്ങൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

പി.എൻ.എക്‌സ്. 1034/2026

date