രാസ ലഹരിക്കെതിരെ കമ്യൂണിറ്റി ഔട്ട് റീച്ച് പ്രോഗ്രാമുമായി തൃശ്ശൂര്‍ എക്‌സൈസ് സര്‍ക്കിള്‍ ഒല്ലൂര്‍ നിയോജക മണ്ഡലതല ഉദ്ഘാടനം മന്ത്രി കെ. രാജന്‍ നിര്‍വ്വഹിച്ചു
തൃശ്ശൂര്‍ എക്‌സൈസ് സര്‍ക്കിള്‍ ഓഫീസ് ഒല്ലൂക്കര ബ്ലോക്ക് ഐ.സി.ഡി.എസ് ന്റെ സഹകരണത്തോടെ സംഘടിപ്പിച്ച രാസലഹരിക്കെതിരെ അഞ്ചാംഘട്ട കമ്മ്യൂണിറ്റി ഔട്ട് റീച്ച് പ്രോഗ്രാം ഒല്ലൂര്‍ നിയോജക മണ്ഡലതല ഉദ്ഘാടനം റവന്യൂ ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ. രാജന്‍ നിര്‍വ്വഹിച്ചു. ഒരിക്കലും മയക്കുമരുന്നിന് അടിമകളാകരുത്. മയക്കുമരുന്നിന് അടിമകളയാല്‍ ഉറക്കെ നിലവിളിക്കുന്ന ഒരു സൈറന്‍ വീട്ടിലുണ്ടെന്നും നിങ്ങളുടെ കുട്ടികളെ ഓര്‍മ്മപ്പെടുത്തണമെന്നും ഉദ്ഘാടന പ്രസംഗത്തില്‍ മന്ത്രി പറഞ്ഞു. ഒരു പരിധിയിലേറെ ലഹരിക്കെതിരായ വലിയ പോരാട്ടത്തില്‍ സംസ്ഥാന ഗവ. ഏറ്റെടുത്ത 'വിമുക്തി' എന്ന പ്രസ്ഥാനത്തിനൊരിടം കിട്ടും എന്ന വ്യക്തമായ ധാരണയിടെയാണിന്ന് നിങ്ങളുമായി ഈ ആശയവിനിമയം നടത്തുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
നമ്മുടെ സമൂഹത്തിലെ വര്‍ദ്ധിച്ചുവരുന്ന ലഹരിയോടുള്ള ആസക്തി പരിപൂര്‍ണ്ണമായി ഇല്ലാതാക്കി ലഹരിവിമുക്ത നവകേരളം എന്ന ലക്ഷ്യം സാക്ഷാത്ക്കരിക്കുന്നതിനായി ബഹുജനപങ്കാളിത്തത്തോടെ സംസ്ഥാന ലഹരി വര്‍ജ്ജന മിഷന്‍ 'വിമുക്തി' യുടെ പ്രവര്‍ത്തനങ്ങള്‍ സമൂഹത്തിലാകമാനം വ്യാപിപ്പിച്ചുകൊണ്ട് സംസ്ഥാന എക്‌സൈസ് വകുപ്പ് മുന്നേറുകയാണ്. സേ നോ ടു ഡ്രഗ്‌സ് ക്യാംപെയിനിന്റെ അഞ്ചാംഘട്ട കര്‍മ്മപരിപാടിയുടെ ഭാഗമായി ഒല്ലൂക്കര ബ്ലോക്ക് ഐ.സി.ഡി.എസിന്റെ സഹകരണത്തോടെയാണ് ഒല്ലൂര്‍ നിയോജക മണ്ഡലതല കമ്മ്യൂണിറ്റി ഔട്ട് റീച്ച് പ്രോഗ്രാം സംഘടിപ്പിച്ചത്.
ചടങ്ങില്‍ ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീവിദ്യ രാജേഷ് അധ്യക്ഷത വഹിച്ചു. തൃശ്ശൂര്‍ റേഞ്ച് പ്രിവന്റീവ് ഓഫീസര്‍ (ജി) കെ. ലത്തീഫ് ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വിമുക്തി മാനേജര്‍ വിനീത് രവി ലഹരിവിരുദ്ധ സന്ദേശം നല്‍കി. ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ സി.കെ. സജികുമാര്‍ സ്വാഗതവും എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എസ്. പ്രമോദ് നന്ദിയും പറഞ്ഞു. ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാത്യു നൈനാന്‍, ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ രാജി ഗരിജ, ഒല്ലൂക്കര ബ്ലോക്ക് സി.ഡി.പി.ഒ കെ.എല്‍ രമ എന്നിവര്‍ സംസാരിച്ചു.
- Log in to post comments