Skip to main content

പുത്തൂര്‍ ജി.വി.എച്ച് എസില്‍ പുതിയ കെട്ടിടത്തിന് അനുമതിയായി

പുത്തൂര്‍ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ പുതിയ കെട്ടിട നിര്‍മാണത്തിന് രണ്ട് കോടി രൂപയുടെ അനുമതിയായി. സര്‍ക്കാര്‍ അനുമതിയുടെ ഉത്തരവ് മന്ത്രി കെ. രാജന്‍ സ്‌കൂളിലെത്തി പ്രധാനാധ്യാപിക പി.എം സുനിതക്ക് കൈമാറി. വിദ്യാലയത്തില്‍ ആറ് കോടി രൂപയുടെ പയുടെ നിര്‍മാണ പ്രവര്‍ത്തികളാണ് അടുത്തിടെ പൂര്‍ത്തീകരിച്ചതും നടന്നുകൊണ്ടിരിക്കുന്നതുമായുള്ളത്. ഹൈസ്‌കൂള്‍, ഹയര്‍ സെക്കണ്ടറി വിഭാഗങ്ങളില്‍ മാത്രമായി 17 കോടി രൂപയും എല്‍.പി മുതല്‍ ഹയര്‍ സെക്കണ്ടറി വരെയുള്ള സ്‌കൂള്‍ വികസനത്തിനായി 22 കോടി രൂപയുടെയും പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞ കാലയളവില്‍ സ്‌കൂളില്‍ യാഥാര്‍ത്ഥ്യമാക്കാനായെന്നും മന്ത്രി പറഞ്ഞു.

 സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുകയാണ് സംസ്ഥാന സര്‍ക്കാര്‍. സ്‌കൂള്‍ ഭിന്നശേഷി സൗഹൃദമാക്കുന്നതിനായി ഒരു കോടി രൂപയും ചുറ്റുമതിലും ഗേറ്റും സ്ഥാപിക്കല്‍, ഓഡിറ്റോറിയ നിര്‍മ്മാണം, വര്‍ണ്ണക്കൂടാരം, സ്മാര്‍ട്ട് ക്ലാസ് റൂമുകള്‍, ഗ്രൗണ്ട് നവീകരണം തുടങ്ങിയ പദ്ധതികള്‍ സ്‌കൂളില്‍ നടപ്പാക്കി. ടൂറിസം, അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയ മേഖലകളില്‍ പുത്തൂര്‍ ലോകോത്തര മാതൃകകള്‍ സൃഷ്ടിക്കുന്നതിനൊപ്പം വിദ്യാഭ്യാസ മേഖലയിലും സുസ്ഥിരവികസനം സാധ്യമാക്കുകയാണ്. പുത്തൂരിന്റെ വരുംകാല വികസനവും മുന്നില്‍ക്കണ്ട് ദീര്‍ഘവീക്ഷണത്തോടെ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കി പുതിയ കെട്ടിടങ്ങളും അനുബന്ധ സൗകര്യങ്ങളും ഒരുക്കുകയാണ് സ്‌കൂളില്‍.
 

date