ഗവ. എഞ്ചിനീയറിംഗ് കോളേജില്‍ വിവിധ ബ്ലോക്കുകളുടെ നിര്‍മ്മാണ പ്രവൃത്തിക്ക് തുടക്കം
കണ്ണൂര്‍ ഗവ. എഞ്ചിനീയറിംഗ് കോളേജില്‍ കിഫ്ബി ധനസഹായത്തോടെ നിര്‍മിക്കുന്ന കമ്പ്യൂട്ടര്‍ സയന്‍സ് ബ്ലോക്കിന്റെയും ആണ്‍കുട്ടികളുടെ ഹോസ്റ്റല്‍ ബ്ലോക്കിന്റെയും നിര്‍മാണോദ്ഘാടനം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു ഓണ്‍ലൈനായി നിര്‍വഹിച്ചു. ഈ സര്‍ക്കാരിന്റെ കാലത്ത് 6000 കോടി രൂപ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ചെലവഴിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. ലോക സങ്കേതിക മേഖലയിലെ കാലാനുസൃത മാറ്റങ്ങള്‍ പാഠ്യപദ്ധതിയിലും കൊണ്ടുവന്ന് വൈജ്ഞാനിക രംഗത്ത് മുന്‍നിരയില്‍ എത്താന്‍ വിദ്യാര്‍ഥികളെ സഹായിക്കുന്ന നിരവധി പദ്ധതികള്‍ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കാന്‍ കഴിഞ്ഞെന്നും മന്ത്രി പറഞ്ഞു. എം വി ഗോവിന്ദന്‍ മാസ്റ്റര്‍ എം എല്‍ എ അധ്യക്ഷനായി ശിലാഫലകം അനാച്ഛാദനം ചെയ്തു.
3812 ചതുരശ്രയടി വിസ്തീര്‍ണത്തില്‍ മൂന്നു നിലകളിലായാണ് കമ്പ്യൂട്ടര്‍ സയന്‍സ് ബ്ലോക്ക് നിര്‍മിക്കുന്നത്. ഹോസ്റ്റല്‍ ബ്ലോക്ക് 1462 ചതുരശ്രയടി വിസ്തീര്‍ണത്തില്‍ 100 കുട്ടികള്‍ക്ക് താമസിക്കാവുന്ന രീതിയിലാണ് നിര്‍മിക്കുന്നത്. 16.8 കോടി രൂപ ചെലവുവരുന്ന പ്രവൃത്തിയുടെ കരാര്‍ ചുമതല യു എല്‍ സി സി എസിനാണ് .
കോളേജ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ കെ ഐ ടി എഫ് ആര്‍ എ റീജണല്‍ ഹെഡ് മനോജ് ചുമ്മാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ആന്തൂര്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ വി സതീദേവി, വാര്‍ഡ് അംഗം കെ പ്രേമരാജന്‍, എഞ്ചിനീയറിംഗ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. സി ശ്രീകുമാര്‍, കമ്പ്യൂട്ടര്‍ സയന്‍സ് വകുപ്പ് മേധാവി ഡോ. പി.സി റഫീഖ്, പി ടി എ വൈസ് പ്രസിഡന്റ് എം.ടി മധുസൂദനന്‍, കെ ടി യു സിന്‍ഡിക്കേറ്റ് അംഗം സി.ആര്‍ നിരജ്ഞന്‍, കോളജ് യൂണിയന്‍ ചെയര്‍മാന്‍ തേജസ് എം രമേഷ്, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.
- Log in to post comments