Skip to main content

നാലുവർഷ ബിരുദ പാഠ്യപദ്ധതിക്കായി ഓൺലൈൻ കോഴ്‌സ് പ്ലാറ്റഫോം 'കെ-ലേൺ' തയ്യാറാക്കി: മന്ത്രി ആർ. ബിന്ദു

സംസ്ഥാനത്തെ നാലുവർഷ ബിരുദ പാഠ്യപദ്ധതിക്കായി യുജിസിയുടെ സ്വയം- എംഒഒസി (SWAYAM-MOOC) പ്രോഗ്രാമുകളുടെ മാതൃകയിൽ വിദ്യാർത്ഥികൾക്ക് മെച്ചപ്പെട്ടതും നൂതനവുമായ കോഴ്‌സുകൾ നൽകുന്നതിനായി രൂപകല്പന ചെയ്ത ഓൺലൈൻ കോഴ്‌സ് പ്ലാറ്റഫോമായ 'കെ-ലേൺഉന്നത വിദ്യാഭ്യാസ കൗൺസിൽ തയ്യാറാക്കിയതായി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു. സെക്രട്ടേറിയറ്റ് പി.ആർ ചേബറിൽ നടന്ന വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. കെ ലേൺ പോർട്ടൽ വഴി സിഗ്‌നേച്ചർ കോഴ്സുകൾ നമ്മുടെ അധ്യാപകരുടെ വൈദഗ്ധ്യം ഉപയോഗിച്ച് നൽകും. ഇതിനാവശ്യമായ മാർഗ നിർദേശങ്ങൾ ഇംപ്ലിമെന്റേഷൻ സെൽ  തയ്യാറാക്കിയിട്ടുണ്ട്. രാജ്യത്തുതന്നെ ആദ്യമായാകും ഒരു സംസ്ഥാന സർക്കാർ ഇത്ര വിശാലമായി ഒരു പ്ലാറ്റ്‌ഫോം വഴി ഓൺലൈൻ കോഴ്സുകൾ നൽകുന്നത്.

ഒരു വ്യക്തിഗത അധ്യാപകൻ തന്റെ മേഖലയെ അടിസ്ഥാനമാക്കി തയ്യാറാക്കുന്ന പഠന കോഴ്‌സ് കെ-ലേൺ പ്ലാറ്റ്‌ഫോം വഴി (ഓൺലൈൻ അല്ലെങ്കിൽ ഹൈബ്രിഡ് രീതിയിൽ) വിദ്യാർത്ഥികളിലേക്കെത്തും. കേരളത്തിലെ എല്ലാ നാലുവർഷ ബിരുദ വിദ്യാർത്ഥികൾക്കും തങ്ങളുടെ ഇഷ്ടമേഖലയിൽ സൗജന്യമായി ലഭ്യമാകുന്ന കോഴ്സാണിത്. അധ്യാപകർ തങ്ങളുടെ നിലവിലെ വർക്ക് ലോഡിന്റെ ഭാഗമായാണ് ഈ കോഴ്‌സ് നൽകുക.

എ.ബി.സി (അക്കാദമിക്  ബാങ്ക് ഓഫ് ക്രെഡിറ്റ്‌സ്) മുഖേന ക്രെഡിറ്റ് ട്രാൻസ്ഫർ നടത്താൻ സാധിക്കുന്നതുകൊണ്ട് എവിടെനിന്നു വേണമെങ്കിലും ഈ കോഴ്‌സ് ലഭ്യമാക്കാം. മൂന്നോ നാലോ വർഷങ്ങളിൽ ഇലക്ടീവ് കോഴ്‌സുകൾ തിരഞ്ഞെടുക്കേണ്ട ഘട്ടത്തിൽതങ്ങൾക്ക് താല്പര്യമുള്ള ഒരു കോഴ്‌സ് പഠിക്കുന്ന കോളേജിൽ ലഭ്യമല്ലെങ്കിൽ ഈ പ്ലാറ്റ്ഫോം വഴി പഠിക്കാൻ സാധിക്കും. വിദ്യാർത്ഥികൾക്ക് അധിക ഫീസ് കൊടുക്കാതെ നൂതനമായ കോഴ്സുകൾ പഠിക്കാൻ ഇതുവഴി അവസരമൊരുക്കും. നാലുവർഷ ബിരുദ പ്രോഗ്രാമിൽ നിർബന്ധമായും ചെയ്യേണ്ട രണ്ടു ഓൺലൈൻ കോഴ്‌സുകളും ഇതേ പ്ലാറ്റ്‌ഫോം വഴി വിദ്യാർത്ഥികൾക്ക് ചെയ്യാൻ കഴിയുമെന്നും മന്ത്രി പറഞ്ഞു.

അധ്യാപകർ തയ്യാറാക്കി സർവകലാശാലയിൽ സമർപ്പിക്കുന്ന കോഴ്സുകൾ സർവകലാശാല പഠന ബോർഡ് നടത്തുന്ന വിശദമായ പരിശോധനക്ക് ശേഷം കോഴ്‌സ് അംഗീകരിച്ച് കെ-ലേൺ പ്ലാറ്റ്‌ഫോമിന്റെ ഭാഗമാക്കും. വിരമിച്ച അധ്യാപകർക്കും താത്പര്യമുണ്ടെങ്കിൽ ഈ പ്ലാറ്റ്‌ഫോം വഴി കോഴ്‌സ് നൽകാവുന്നതാണെന്നും മന്ത്രി അറിയിച്ചു.

പി.എൻ.എക്‌സ്. 1108/2026

date