Skip to main content

ആധുനികവൽക്കരണത്തിനിടയിലും ആധാരമെഴുത്തുകാരെ ചേർത്തുപിടിക്കുന്ന സർക്കാർ: മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി

ആധാരമെഴുത്തുകാരെ ചേർത്തുപിടിച്ചുകൊണ്ടാണ് ആധുനികവൽക്കരണത്തിലൂടെ കാലത്തിനൊപ്പം സർക്കാർ മുന്നേറുന്നതെന്ന് രജിസ്‌ട്രേഷൻ, മ്യൂസിയം, പുരാവസ്തു-പുരാരേഖ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി. നേമം രജിസ്ട്രേഷൻ കോംപ്ലക്സിൽ ആധാരമെഴുത്തുകാരുടെ ഓൺലൈൻ രജിസ്ട്രേഷൻ, പരിഷ്‌കരിച്ച ഓൺലൈൻ ടോക്കൺ സംവിധാനം, രജിസ്‌ട്രേഷൻ മ്യൂസിയം പദ്ധതി എന്നിവയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'ആധാരം ഡിജിറ്റലാകും ആരും വഴിയാധാരമാകില്ല' എന്ന സർക്കാർ പ്രഖ്യാപനം അക്ഷരംപ്രതി പാലിച്ചുകൊണ്ടാണ് എല്ലാ പരിഷ്‌കാരങ്ങളും വകുപ്പിൽ നടപ്പാക്കുന്നത്. ക്ഷേമനിധി ആനുകൂല്യങ്ങൾ കാലോചിതമായി പരിഷ്‌കരിച്ചതിന് പിന്നാലെ എഴുത്തുകൂലി പട്ടികയും പരിഷ്‌കരിച്ചു. ആധാരമെഴുത്തുകാരുടെ രജിസ്ട്രേഷനും പുതുക്കലിനും ഓൺലൈൻ സൗകര്യവുമൊരുക്കിയിട്ടുണ്ട്.  പരിഷ്‌കരിച്ച എഴുത്തുകൂലി സംബന്ധിച്ച വിവരങ്ങളും ഓൺലൈനിൽ ലഭ്യമാകും. ആധാര രജിസ്ട്രേഷന് മുൻകൂട്ടി സമയം നിശ്ചയിക്കാനുള്ള ഓൺലൈൻ ടോക്കൺ സമ്പ്രദായവും ഇനി മുതൽ ലഭ്യമാകും. പുതുക്കിയ വിവാഹ രജിസ്ട്രേഷൻ നടപടികളും ഡിജിറ്റൽ എൻഡോർസ്മെന്റും വൈകാതെ പ്രാവർത്തികമാകുമെന്നും മന്ത്രി പറഞ്ഞു.

വ്യത്യസ്ത കഥകൾ പറയുന്ന മ്യൂസിയങ്ങളുടെ ഒരു ശൃംഖല കഴിഞ്ഞ പത്തുവർഷത്തിനുള്ളിൽ സംസ്ഥാനത്ത് രൂപീകരിച്ചിട്ടുണ്ടെന്നും കഴിഞ്ഞ വർഷം 5600 കോടിയായിരുന്നു രജിസ്ട്രേഷൻ വകുപ്പിന്റെ വരുമാനമെങ്കിൽ ഇത്തവണ അതിലും കൂടുതലാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആധാരമെഴുത്ത് ലൈസൻസികളുടെ ഓൺലൈൻ രജിസ്‌ട്രേഷൻ, പരിഷ്‌കരിച്ച രജിസ്‌ട്രേഷൻ ടോക്കൺ എന്നിവയുടെ പ്രഖ്യാപനവും കൈപ്പുസ്തക പ്രകാശനവും മന്ത്രി നിർവ്വഹിച്ചു. ആധാരം എഴുത്ത് ക്ഷേമനിധി ബോർഡ് രജിസ്‌ട്രേഷൻ ഗൈഡ് പ്രകാശനവും ചടങ്ങിൽ അദ്ദേഹം നിർവ്വഹിച്ചു.

ചടങ്ങിൽ രജിസ്ട്രേഷൻ വകുപ്പ് ജോയിന്റ് ഐ ജി പി കെ സാജൻ കുമാർ, ഡി ഐ ജിമാരായ രാജേഷ് ഗോപാലൻ, സുമംഗല തുടങ്ങിയവർ പങ്കെടുത്തു.

date