Skip to main content

പണിമൂല ദേവി ക്ഷേത്രം ദേശീയോത്സവം: അവലോകന യോ​ഗം ചേർന്നു

പോത്തൻകോട് പണിമൂല ദേവീ ക്ഷേത്രത്തിൽ ഏപ്രിൽ 1 മുതൽ 7വരെ നടക്കുന്ന ദ്വൈവാർഷിക സപ്തദിന ദേശീയോത്സവത്തോടനുബന്ധിച്ച മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിനായി അവലോകന യോ​ഗം ചേർന്നു. ഭക്ഷ്യപൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിൽ അധ്യക്ഷത വഹിച്ചു.

ക്ഷേത്രോത്സവങ്ങളുമായി ബന്ധപ്പെട്ട സംഘാടനത്തിൽ വളരെ ശ്രദ്ധ പുലർത്തണമെന്നും ചെറിയ സംഭവങ്ങൾ പോലും വലിയ പ്രത്യാഘാതങ്ങൾക്ക് കാരണമാകുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. ഘോഷയാത്ര നടക്കുന്ന ഏപ്രിൽ 7ന് രാത്രി 10ന് ശേഷം ഉച്ചഭാഷിണി പ്രവർത്തിപ്പിക്കുന്നതിനുള്ള അനുമതി നൽകുന്നത് സംബന്ധിച്ച് ചർച്ച നടത്തിയതിന് ശേഷം തീരുമാനിക്കും. ഉത്സവത്തിന്റെ സമാപന ദിവസമായ ഏപ്രിൽ 7ന് ഉച്ചയ്ക്ക് ശേഷം പ്രാദേശി അവധി പ്രഖ്യാപിക്കുന്ന കാര്യവും പരി​ഗണനയിലുണ്ട്.

ആചാരങ്ങൾക്ക് ഭം​ഗം വരാത്ത വിധത്തിൽ ഘോഷയാത്ര നേരത്തെ തന്നെ ക്ഷേത്ര കോമ്പൗണ്ടിൽ എത്തിക്കുന്നതിനുള്ള ക്രമീകരണം ഒരുക്കണമെന്ന് ക്ഷേത്രം ട്രസ്റ്റ് ഭാരവാഹികൾക്ക് മന്ത്രി നിർദ്ദേശം നൽകി.

ഉത്സവം നടക്കുന്ന ദിവസങ്ങളിൽ പൊതുടാപ്പ് വഴിയും ടാങ്കറുകളിലൂടെയും കുടിവെള്ളം എത്തിക്കും. ക്ഷേത്ര കവാടം മുതൽ ക്ഷേത്രം വരെയുള്ള റോഡിന്റെയും തെരുവ് വിളുക്കുകളുടെയും അറ്റകുറ്റപ്പണി നടത്തും. കെ.എസ്.ആർ.ടി.സി സ്റ്റേഷൻ ഓഫീസ് ക്ഷേത്ര പരിസരത്ത് പ്രവർത്തിക്കും. ഉത്സവ ദിവസങ്ങളിൽ ജില്ലയിലെ എല്ലാ കെ.എസ്.ആർ.ടി.സി ഡിപ്പോകളിൽ നിന്നും ക്ഷേത്രത്തിലേക്ക് പ്രത്യേക ബസ് സർവ്വീസ് ഉണ്ടായിരിക്കും.

പണിമൂല ക്ഷേത്ര ഹാളിൽ നടന്ന യോ​ഗത്തിൽ എഡിഎം വിനീത് ടി.കെ, ജില്ലാ പ‍ഞ്ചായത്ത് അം​ഗം എസ്. കാർത്തിക, പോത്തൻകോട് ​ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു വി, മം​ഗലപുരം ​ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീചന്ദ് എസ്, പണിമൂല ദേവീ ക്ഷേത്രം ട്രസ്റ്റ് പ്രസിഡന്റ് എസ്.നാരായണൻ നായർ, സെക്രട്ടറി കെ.വിജയകുമാരൻ നായർ, വിവിധ വകുപ്പുകളിലെ ഉദ്യോ​ഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

date