പള്ളിവാസൽ വിപുലീകരണ പദ്ധതി മുഖ്യമന്ത്രി പിണറായി വിജയൻ നാളെ രാഷ്ട്രത്തിന് സമർപ്പിക്കും
പള്ളിവാസൽ വിപുലീകരണ പദ്ധതി നാളെ (മാർച്ച് 12) രാവിലെ 11 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ രാഷ്ട്രത്തിന് സമർപ്പിക്കും. പള്ളിവാസൽ വിപുലീകരണ പദ്ധതി പവർഹൗസ് അങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി അധ്യക്ഷത വഹിക്കും. ജലവിഭവ വകുപ്പ് മന്ത്രി റോഷി ആഗസ്റ്റിൻ മുഖ്യപ്രഭാഷണം നടത്തും. ഇടുക്കി ജലവൈദ്യുതി പദ്ധതിയുടെ സുവർണ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിക്കും.
ജില്ലയിലെ ദേവികുളം താലൂക്കിൽ പള്ളിവാസൽ വില്ലേജിലാണ് പള്ളിവാസൽ വിപുലീകരണ പദ്ധതി സ്ഥാപിച്ചിരിക്കുന്നത്. കേരളത്തിൻ്റെ ഊർജ കലവറയായ മുതിരപ്പുഴയാറിന്റെ തീരത്താണ് പദ്ധതി. പ്രധാനമായും മാട്ടുപ്പെട്ടി, കുണ്ടള എന്നീ ജലസംഭരണികളിലെ വെള്ളം ഉപയോഗിച്ചാണ് പദ്ധതി പ്രവർത്തിക്കുന്നത്.
പദ്ധതിക്കായി മൂന്നാറിൽ നിലവിലുള്ള രാമസ്വാമി അയ്യർ ഹെഡ് വർക്‌സിൽ പുതിയ ഇൻടേക്ക് സ്ഥാപിച്ച് ഏകദേശം 4.5 കി.മീ. ദൈർഘ്യമുള്ള തുരങ്കം വഴി വെള്ളം തിരിച്ചുവിട്ട് വാൽവ് ഹൗസിൽ എത്തിക്കുന്നു. അവിടെനിന്ന് വെള്ളം പുതിയ പെൻസ്‌റ്റോക്കിലൂടെ നിലവിലുള്ള പള്ളിവാസൽ പദ്ധതിക്ക് സമീപം സ്ഥാപിച്ചിട്ടുള്ള വൈദ്യുതി നിലയത്തിൽ എത്തിച്ച് ഉൽപ്പാദനം നടത്തുന്നു. പള്ളിവാസൽ വിപുലീകരണ പദ്ധതിയിൽ 30 മെഗാവാട്ട് ശേഷിയുള്ള രണ്ട് ജനറേറ്ററുകളാണ് പ്രവർത്തിക്കുന്നത്. കൂടാതെ ഇതിനോടനുബന്ധിച്ച് 220 കെ.വി. സബ്സ്‌റ്റേഷനും സ്ഥാപിച്ചിട്ടുണ്ട്. പദ്ധതിയുടെ വാർഷിക ഉൽപ്പാദനം 153.90 ദശലക്ഷം യൂണിറ്റാണ്. നിർമ്മാണ ചെലവ് 594.37 കോടി രൂപയാണ്.
ഡീൻ കുരാക്കോസ് എം. പി, എം.എൽ.എ മാരായ എ.രാജ, എം. എം. മണി,ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീല സ്റ്റീഫൻ, അടിമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മോഹനൻ നായർ, പള്ളിവാസൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്
ശ്രീദേവി മനോജ്,മൂന്നാർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വിജയകുമാർ,
ജില്ലാ കളക്ടർ ദിനേശൻ ചെറുവാട്ട്, ഊർജവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി പുനീത് കുമാർ, കെ. എസ്. ഇ. ബി സ്വതന്ത്ര ഡയറക്ടർ
വി. മുരുകദാസ്, പ്രോജക്റ്റ് എക്സിക്യൂഷൻ &ബിൽഡിങ്‌സ് ചീഫ് എഞ്ചിനീയർ വിനോദ് വി,വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികൾ, ത്രിതല പഞ്ചായത്ത് അംഗങ്ങൾ എന്നിവർ പങ്കെടുക്കും.
- Log in to post comments