ഇടുക്കി ജലവൈദ്യുത പദ്ധതി സുവര്‍ണ്ണ ജൂബിലി ആഘോഷം 12 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും
കേരളത്തിലെ ഏറ്റവും വലിയ ഭൂഗര്‍ഭ ജലവൈദ്യുത പദ്ധതിയായ ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ സുവര്‍ണ്ണ ജൂബിലി ആഘോഷം മാര്‍ച്ച് 12 ന് രാവിലെ 11 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിക്കും. തുടര്‍ന്ന് അന്നേ ദിവസം വൈകുന്നേരം 4 മണിക്ക് മൂലമറ്റം ഐ. എച്ച്. ഇ. പി സ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കുന്ന സുവര്‍ണ്ണജൂബിലി ആഘോഷചടങ്ങില്‍ ജലവിഭവവകുപ്പ് മന്ത്രി റോഷി ആഗസ്റ്റിന്‍ അധ്യക്ഷനാകും. വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി ''ഗോള്‍ഡന്‍ ജൂബിലി സുവനീര്‍'' പ്രകാശനം ചെയ്യും. ഇടുക്കി പദ്ധതിയുടെ വഴികാട്ടിയായ കൊലുമ്പന്റെ കുടുംബത്തെ ചടങ്ങില്‍ മന്ത്രി റോഷി അഗസ്റ്റിന്‍ ആദരിക്കും. ജനറേഷന്‍ ഇലക്ട്രിക്കല്‍, സിവില്‍, റീസ് ആന്റ് സൗര ഡയറക്ടര്‍ സജീവ് ജി റിപ്പോര്‍ട്ട് അവതരിപ്പിക്കും.
സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി വിവിധ വിഷയങ്ങളെ ആസ്പദ മാക്കി സാങ്കേതിക സെമിനാറുകളും ടെക്നിക്കല്‍ എക്സിബിഷനും സംഘടിപ്പിക്കും.ഇടുക്കി പദ്ധതിയുടെ നിര്‍മ്മാണത്തില്‍ പങ്കാളികളായ തൊഴിലാളികള്‍, ഓഫീസര്‍മാര്‍ എന്നിവരെ ആദരിക്കും.
ഡീന്‍ കുര്യാക്കോസ് എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീല സ്റ്റീഫന്‍, ജില്ലാ കളക്ടര്‍ ദിനേശന്‍ ചെറുവാട്ട്, ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് സാന്ദ്രമോള്‍ ജിന്നി, അറക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉഷ ഗോപിനാഥ്, കെ. എസ്. ഇ. ബി ലിമിറ്റഡ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ മിന്‍ഹാജ് ആലം, സ്വതന്ത്ര ഡയറക്ടര്‍ വി. മുരുകദാസ്, ജനറേഷന്‍ ചീഫ് എഞ്ചിനീയര്‍ വിജു രാജന്‍ ജോണ്‍, ത്രിതല പഞ്ചായത്ത് അംഗങ്ങള്‍, വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും.
- Log in to post comments