സ്ത്രീപദവി പഠനം തുടര്‍പ്രവര്‍ത്തന ശില്‍പശാല നടത്തി
കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് സ്ത്രീപദവി പഠനത്തിന്റെ തുടര്‍പ്രവര്‍ത്തന ശില്‍പശാല ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ ബോബി എണ്ണച്ചേരിയില്‍ അധ്യക്ഷയായി.
ജില്ലാ പഞ്ചായത്തിന്റെ കഴിഞ്ഞ ഭരണസമിതിയുടെ നേതൃത്വത്തില്‍ കിലയുടെ സഹായത്തോടെ ജില്ലയിലെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും സ്ത്രീ പദവി പഠനം പൂര്‍ത്തിയാക്കിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് സമ്പൂര്‍ണ സ്ത്രീ സൗഹൃദ ജില്ല എന്ന ലക്ഷ്യവുമായി തുടര്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. സ്ത്രീകള്‍ക്ക് സുരക്ഷിതമായ പൊതുസ്ഥലങ്ങള്‍, തുല്യ അവസരങ്ങള്‍, തുല്യ സാമൂഹ്യ പങ്കാളിത്തം, സാമ്പത്തിക സാക്ഷരതയും സ്വതന്ത്ര്യവും, സുരക്ഷാ സംവിധാനങ്ങള്‍, സ്ത്രീ സൗഹൃദ അടിസ്ഥാന സൗകര്യങ്ങള്‍ എന്നീ കാര്യങ്ങളാണ് പദ്ധതിയിലൂടെ നടപ്പാക്കാന്‍ ലക്ഷ്യമിടുന്നത്.
വനിതാ കമ്മീഷന്‍ അംഗം അഡ്വ. പി കുഞ്ഞായിഷ മുഖ്യാതിഥിയായി. കില അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ. കെ.പി.എന്‍ അമൃത പദ്ധതി വിശദീകരിച്ചു. കില റിസോഴ്സ് പേഴ്സണ്‍മാരായ ടി.എം ഷിഹാബ്, കെ.പി സന്തോഷ് എന്നിവര്‍ വിഷയാവതരണം നടത്തി. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ രജനി മോഹന്‍, പി രവീന്ദ്രന്‍, എ പ്രദീപന്‍, ജില്ലാ പഞ്ചായത്തംഗം ജോര്‍ജ് ജോസഫ്, എല്‍ എസ് ജി ഡി ജോയിന്റ് ഡയറക്ടര്‍ പി.ടി പ്രസാദ്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ഇന്‍ ചാര്‍ജ് കെ.വി മുകുന്ദന്‍, ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍ പി ഡീന ഭരതന്‍, വിവിധ തദ്ദേശ സ്ഥാപന അധ്യക്ഷന്മാര്‍, അംഗങ്ങള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
- Log in to post comments