കാര്‍ഷിക പരിശീലന ആവശ്യകതാ സര്‍വേയ്ക്ക് തുടക്കമായി
കാലാവസ്ഥാ വ്യതിയാനം അതിജീവിക്കാന്‍ കര്‍ഷകരെ പ്രാപ്തരാക്കുന്നതിനായി സംസ്ഥാന കൃഷിവകുപ്പ് ലോകബാങ്ക് സഹകരണത്തോടെ നടപ്പാക്കുന്ന 'കേര' പദ്ധതിയുടെ ഭാഗമായി വിപുലമായ കാര്‍ഷിക പരിശീലന ആവശ്യകതാ സര്‍വേയ്ക്ക് തുടക്കമായി. നിലവിലെ കൃഷി രീതികളെക്കുറിച്ചും, നൂതനവും കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കുന്നതുമായ ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, പ്രിസിഷന്‍ ഫാമിംഗ്, ഡ്രോണ്‍ സാങ്കേതികവിദ്യ തുടങ്ങിയവ സംബന്ധിച്ച് കര്‍ഷകര്‍ക്കുള്ള അറിവും അവബോധവും പരിശീലന ആവശ്യങ്ങളും കൃത്യമായി മനസ്സിലാക്കുകയാണ് ലക്ഷ്യം. നൂതന കാര്‍ഷിക സങ്കേതങ്ങള്‍ പ്രായോഗികമായി ഉപയോഗിക്കുന്നതിനുള്ള താല്‍പര്യവും മനസ്സിലാക്കും. ഈ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും കര്‍ഷകര്‍ക്ക് ആവശ്യമായ വിദഗ്ധ പരിശീലന പരിപാടികള്‍ തയ്യാറാക്കുക.
രണ്ട് രീതികളിലായാണ് വിവരശേഖരണം. സംസ്ഥാനത്തെ തിരഞ്ഞെടുക്കപ്പെട്ട കൃഷിഭവനുകളില്‍ പ്രതിനിധികള്‍ നേരിട്ടെത്തി കര്‍ഷകരുമായി സംസാരിച്ച് വിവരങ്ങള്‍ ശേഖരിക്കും. നേരിട്ടെത്താത്ത മറ്റ് പ്രദേശങ്ങളിലെ കര്‍ഷകര്‍ക്ക് ഓണ്‍ലൈനായും സര്‍വേയില്‍ പങ്കെടുക്കാന്‍ സൗകര്യമൊരുക്കിയിട്ടുണ്ട്. കാലാവസ്ഥാ അതിജീവന കൃഷിരീതികള്‍ വിജയകരമായി നടപ്പാക്കിയ സ്ഥലങ്ങള്‍ നേരില്‍ കണ്ട് പഠിക്കുന്നതിനുള്ള അവസരവും കര്‍ഷകര്‍ക്ക് ലഭിക്കും. കൂടാതെ, വിദേശ രാജ്യങ്ങളിലെ നൂതന കാര്‍ഷിക മാതൃകകള്‍ സന്ദര്‍ശിച്ച് മനസ്സിലാക്കാനുള്ള അവസരങ്ങളും ലഭ്യമാക്കാന്‍ ലക്ഷ്യമിടുന്നു. വിശദവിവരങ്ങള്‍ക്ക് കൃഷിഭവനുകളുമായോ, കേരയുടെ കണ്ണൂര്‍, തൃശൂര്‍, കോട്ടയം റീജ്യണല്‍ പ്രൊജക്റ്റ് മാനേജുമെന്റ് യൂണിറ്റുകളുമായോ, തിരുവനന്തപുരം വഴുതക്കാടുള്ള സംസ്ഥാന പ്രൊജക്റ്റ് മാനേജ്മെന്റ് യൂണിറ്റുമായോ ബന്ധപ്പെടാം. ഫാണ്‍: 8589996464.
- Log in to post comments