Skip to main content
..

കന്നുകാലി-വളര്‍ത്തുമൃഗവ്യാപാരത്തിന് ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം : മന്ത്രി ജെ. ചിഞ്ചുറാണി

സംസ്ഥാനത്ത് ആദ്യമായി കന്നുകാലി-വളര്‍ത്തുമൃഗവ്യാപാരത്തിന് ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം ഏര്‍പ്പെടുത്തിയെന്ന് മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി. കേരള ലൈവ്‌സ്റ്റോക്ക് ഡെവലപ്പ്‌മെന്റ് ബോര്‍ഡിന്റെ ‘ലാപ്‌ടോപ്പ്' (ലൈവ്‌സ്റ്റോക്ക് ആന്‍ഡ് പെറ്റ്‌സ് ട്രേഡിംഗ് ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം) മൊബൈല്‍ ആപ്ലിക്കേഷന്റെയും വെബ്‌സൈറ്റിന്റെയും ഉദ്ഘാടനം പ്രസ് ക്ലബ്ബില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. വളര്‍ത്തുമൃഗങ്ങള്‍, പക്ഷികള്‍ എന്നിവയെ മൊബൈല്‍ ആപ്ലിക്കേഷന്‍ മുഖേന വാങ്ങാന്‍ കഴിയുന്ന സംവിധാനമാണിത്. കര്‍ഷകര്‍ക്കും മൃഗങ്ങളെവളര്‍ത്താന്‍ താല്‍പര്യപ്പെടുന്നവര്‍ക്കും സഹായകരമാകുമെന്നും മന്ത്രി പറഞ്ഞു.
കന്നുകാലി വിപണനമേഖല ഡിജിറ്റലൈസ് ചെയ്യുന്നതിനായി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ സഹകരണമുണ്ട്. വാങ്ങുന്നവര്‍ക്കും വില്‍ക്കുന്നവര്‍ക്കും ഇടയില്‍ സുരക്ഷിതവും സുതാര്യവുമായ ഇടപാടുകള്‍ ഉറപ്പാക്കുകയാണ് ലക്ഷ്യം. വംശപരമ്പര, വാക്സിനേഷന്‍നില, ആരോഗ്യസര്‍ട്ടിഫിക്കേഷന്‍ തുടങ്ങിയ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയതിനാല്‍ കര്‍ഷകര്‍ക്ക് കൃത്യമായ വിപണിഅധിഷ്ഠിത വില അറിയാനാകും.
വെബ് ആപ്ലിക്കേഷനായും ആന്‍ഡ്രോയ്ഡ് അടിസ്ഥാനമാക്കിയ മൊബൈല്‍ ആപ്ലിക്കേഷനായുമാണ് പ്രവര്‍ത്തനം. ആവശ്യാനുസരണം ഐഒഎസ് പതിപ്പും വികസിപ്പിക്കും. ഐഒഎസ് യൂസര്‍ക്ക് നിലവില്‍ വെബ് പ്ലാറ്റ്‌ഫോം വഴി ആപ്ലിക്കേഷന്‍ ഉപയോഗിക്കാം. വില്‍പനക്കാര്‍ മൃഗങ്ങളുടെ ഇനം, തരം, ആരോഗ്യ വിവരങ്ങള്‍, ഫോട്ടോ, വീഡിയോ, വാക്‌സിനേഷന്‍ വിവരങ്ങള്‍, ഇന്‍ഷുറന്‍സ് പരിരക്ഷ എന്നിവ കൃത്യമായി രേഖപ്പെടുത്തണം. ഏറ്റവും അടുത്തുള്ള കന്നുകാലികളേയും വളര്‍ത്തുമൃഗങ്ങളേയും വേഗത്തില്‍ കണ്ടെത്താനുള്ള സെര്‍ച്ച്-ഫില്‍റ്റര്‍ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. പ്രാരംഭഘട്ടത്തില്‍ പ്ലാറ്റ്‌ഫോം വഴിയുള്ള എല്ലാ സേവനങ്ങളും സൗജന്യമാണ്. കേരള ലൈവ്‌സ്റ്റോക്ക് ഡെവലപ്പ്‌മെന്റ് ബോര്‍ഡിനാണ് മേല്‍നോട്ടചുമതല.  
കന്നുകാലികള്‍, ഇതര വളര്‍ത്തുമൃഗങ്ങള്‍, തീറ്റകള്‍, ഫീഡ് സപ്ലിമെന്റുകള്‍, ഉപകരണങ്ങള്‍ തുടങ്ങിയ ഉല്‍പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കാനും വ്യാപാരം നടത്താനുമാകും.  എല്ലാ ഇടപാടുകളും ഡിജിറ്റല്‍ രേഖകളായി സൂക്ഷിക്കാനും കഴിയും. നിരോധിത ഷെഡ്യൂള്‍ഡ് മൃഗങ്ങള്‍, പക്ഷികള്‍, മറ്റു ജീവികള്‍ എന്നിവയുടെ അനധികൃത വ്യാപാരം തടയുന്നതിനായി പ്രത്യേക മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടുണ്ട്. ഇത്തരം ജീവികളെ ലിസ്റ്റ് ചെയ്യില്ലെന്നുള്ള സത്യവാങ്മൂലം വില്‍പ്പനക്കാര്‍ സമര്‍പിക്കണം. നിര്‍മിതബുദ്ധി അടിസ്ഥാനത്തിലുള്ള നിരീക്ഷണസംവിധാനങ്ങളും വിവിധ ഭാഷകളില്‍ പ്ലാറ്റ്‌ഫോം ഉപയോഗിക്കാനുള്ള ബഹുഭാഷാ പിന്തുണയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. നിലവില്‍ ഇംഗ്ലീഷ്, മലയാളം, തമിഴ് ഭാഷകളാണ് ഉള്ളത്. ആവശ്യാനുസരണം മറ്റു ഭാഷകളും ലഭ്യമാക്കുന്ന വിധത്തിലാണ് ആപ്ലിക്കേഷന്റെ രൂപകല്‍പ്പന.
കെ.എല്‍.ഡി.ബോര്‍ഡ് മാനേജിംഗ് ഡയറക്ടര്‍ ഡോ.ആര്‍.രാജീവ് അധ്യക്ഷനായി. ജനറല്‍ മാനേജര്‍ ഡോ.സജീവ് കുമാര്‍, മാനേജര്‍ പേഴ്‌സനല്‍ ഡോ. ഡി. ജയകുമാര്‍, ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ.ഡി.ഷൈന്‍ കുമാര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date