വിജ്ഞാന സമൂഹം കെട്ടിപ്പടുക്കേണ്ടത് കൂട്ടുത്തരവാദിത്വത്തിലൂടെ: മന്ത്രി ഡോ. ആർ. ബിന്ദു
വിജ്ഞാന സമൂഹം കെട്ടിപ്പടുക്കുക എന്നതിന് നവകേരള സൃഷ്ടിയിൽ സർക്കാരിനും സമൂഹത്തിനും കൂട്ടുത്തരവാദിത്വമാണുള്ളതെന്നും ആ ലക്ഷ്യത്തിലേക്കുള്ള പ്രയാണത്തിൽ ഏറ്റവും മുന്നിൽ നിന്ന് നയിക്കേണ്ടത് ഉന്നതവിദ്യാഭ്യാസ മേഖലയാണെന്നും ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു. പുല്ലൂറ്റ് കെ.കെ.ടി.എം ഗവൺമെന്റ് കോളേജിൽ നിർമ്മാണം പൂർത്തീകരിച്ച ഇൻഡോർ സ്റ്റേഡിയം, നെറ്റ്‌വർക്ക് റിസോഴ്സ് സെന്റർ, എം.എൻ.വിജയൻ ലൈബ്രറി ആർക്കൈവ്സ് എന്നിവയുടെ ഉദ്ഘാടനം ഓൺലൈനായി നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
കഴിഞ്ഞ അഞ്ചുവർഷക്കാലയളവിൽ കലാലയങ്ങളിൽ അടിസ്ഥാന സൗകര്യ വികസനത്തിനായും നിരവധി കെട്ടിടങ്ങൾ നിർമ്മാണം പൂർത്തീകരിച്ച് നൽകുന്നതിനായും ഗണ്യമായ തുക അനുവദിച്ച് നൽകാനും ഈ സർക്കാർ ശ്രദ്ധിച്ചിട്ടുണ്ടെന്ന് മന്ത്രി ഡോ:ആർ. ബിന്ദു പറഞ്ഞു. 6000 കോടിയിലധികം തുക ഉന്നത വിദ്യാഭ്യാസ മേഖലയുടെ വികസനത്തിനായി വിന്യസിച്ചു. കിഫ്ബിയിൽ നിന്നും 1884 കോടി രൂപയും റൂസ പദ്ധതിയിൽ നിന്ന് 528 കോടി രൂപയും വിനിയോഗിച്ചുവെന്നും മന്ത്രി പറഞ്ഞു.
ദക്ഷിണേന്ത്യയിലെ ഏറ്റവും മികച്ച ലാബ് കോംപ്ലക്സുകൾ നമ്മുടെ കേരളത്തിലെ സർവ്വകലാശാലകളിലാണ്. അടിസ്ഥാന സൗകര്യ വികസനത്തിനോടൊപ്പം അക്കാദമിക ഉള്ളടക്കവും ഗുണമേന്മയും വർദ്ധിപ്പിക്കുന്നതിനായി ആത്മാർത്ഥമായ പ്രവർത്തനങ്ങൾ കാഴ്ചവെക്കാൻ ഇക്കാലയളവിൽ ഉന്നതവിദ്യാഭ്യാസ വകുപ്പിന് സാധിച്ചിട്ടുണ്ട്. തൊഴിലും വിദ്യാഭ്യാസവും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുക, പ്രാരംഭഘട്ടത്തിൽ തന്നെ ഗവേഷണ അഭിരുചികൾ പ്രോത്സാഹിപ്പിക്കുക, വിദ്യാർത്ഥികൾക്ക് തങ്ങളുടെ അഭിരുചിക്കനുസരിച്ചുള്ള കോഴ്സുകൾ തെരഞ്ഞെടുക്കാനുള്ള സൗകര്യം പ്രധാനം ചെയ്യുക, സംരംഭകത്വ താത്പര്യം പ്രോത്സാഹിപ്പിക്കുക, തൊഴിൽ പരിചയവും പരിശീലനവും പഠനകാലത്ത് തന്നെ നൽകുക, തുടങ്ങിയ ലക്ഷ്യങ്ങളെ മുൻനിർത്തിക്കൊണ്ട് നിരവധി പദ്ധതികളും ഒപ്പം ചരിത്രത്തിൽ ആദ്യമായി ഉന്നത വിദ്യാഭ്യാസ വകുപ്പ് കരിക്കുലം ഫ്രെയിം വർക്ക് തയ്യാറാക്കി യുജി,പിജി വിഭാവനം ചെയ്തുവെന്നും മന്ത്രി പറഞ്ഞു.
നിലവിൽ ഗവേഷണോന്മുഖമായ പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിച്ചുകൊണ്ട് സമൂഹത്തിനും ജനങ്ങൾക്കും ഉപകാരപ്രദമായ ഉത്പന്നങ്ങളും, പ്രക്രിയകളും, സേവനങ്ങളും ഉത്പാദിപ്പിക്കാൻ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളെ പ്രാപ്തമാക്കുകയാണ് ലക്ഷ്യം. കൂടാതെ ഇൻഡസ്ട്രിയും അക്കാദമിയും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്താൻ സെന്റർ ഫോർ ഡെവലപ്മെന്റ് കരിയർ കൗൺസലിംഗ് ഇതിനോടകം നിലവിൽ വന്നുകഴിഞ്ഞു. ഇത്തരം കേന്ദ്രങ്ങൾ പ്രയോജനപ്പെടുത്തി ദേശീയവും അന്തർദേശീയവുമായ തൊഴിലവസരങ്ങളിലേക്ക് അഭിമാനത്തോടെ കടന്നുചെല്ലാൻ കഴിയുന്ന വിധത്തിൽ വിദ്യാർഥികളെ സജ്ജരാക്കണം. അതിനായി അധ്യാപക സമൂഹത്തിന് പങ്ക് ഏറേയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
9.35 കോടി രൂപ ചെലവഴിച്ചാണ് കോളേജിൽ ഇൻഡോർ സ്റ്റേഡിയത്തിന്റെ നിർമ്മാണം പൂർത്തീകരിച്ചത്. റൂസ 2.0 പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് നെറ്റ്‌വർക്ക് റിസോഴ്സ് സെന്റർ, എം.എൻ വിജയൻ ലൈബ്രറി എന്നിവയുടെ നിർമ്മാണം പൂർത്തീകരിച്ചത്.
ചടങ്ങിൽ വി.ആർ.സുനിൽകുമാർ എം എൽ എ അധ്യക്ഷത വഹിച്ചു. കൊടുങ്ങല്ലൂർ മുനിസിപ്പൽ ചെയർപേഴ്സൺ ഹണി പീതാംബരൻ, വാർഡ് കൗൺസിലർ ചൈതന്യ ബിജു, കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. ആർ.രമ്യ, വൈസ് പ്രിൻസിപ്പൽ ജി. ഉഷാകുമാരി, ഐ ക്യു എ സി കോഡിനേറ്റർ ലവ്‌ലി ജോർജ്, പിടിഎ സെക്രട്ടറി ആർ.രാഗ, പിടിഎ അംഗങ്ങൾ, അലുമിനി അസോസിയേഷൻ അംഗങ്ങൾ, അധ്യാപകർ വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു.
- Log in to post comments